മലയാള ചിത്രം ലൗലിക്ക് വക്കീൽ നോട്ടീസയച്ച് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം 'ഈഗ'യുടെ നിർമാതാക്കൾ. ചിത്രം പകർപ്പവകാശ ലംഘനം നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ്. സിനിമയുടെ പ്രദർശനം ഉടൻ അവസാനിപ്പിക്കാനും ഇനി പകർപ്പ് അവകാശ ലംഘനം നടത്തില്ലെന്ന് എഴുതി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. സിനിമയിൽ നിന്ന് ഇതുവരെ ലഭിച്ച വരുമാനങ്ങളുടെ മുഴുവൻ കണക്കും ഏഴു ദിവസത്തിനകം കൈമാറണമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
ഈച്ചയെ കഥാപാത്രമായി അവതരിപ്പിച്ചതിനാണ് ഈഗയുടെ നിർമാതാവ് പകർപ്പവകാശ ലംഘന നോട്ടീസ് അയച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള നിർമാണ കമ്പനിയായ 'വാരാഹി ചലന ചിത്രം' പുറത്തിറക്കിയ പത്രക്കുറിപ്പിൽ, 'ലൗലി' എന്ന സിനിമ 2012-ൽ പുറത്തിറങ്ങിയ ഈച്ചയുടെ കഥാപാത്രത്തെ ദൃശ്യപരമായും ആഖ്യാനപരമായും സമാനമായി പുനർനിർമിച്ചെന്ന് ആരോപിക്കുന്നു. ലൗലിയുടെ നിര്‍മാതാക്കളായ വെസ്റ്റേണ്‍ ഘട്ട് പ്രൊഡക്ഷന്‍സിനും നിയോ എന്‍റര്‍ടെയിന്‍മെന്‍റ്സിനുമാണ് വക്കീല്‍ നോട്ടീസ് ലഭിച്ചത്.
എന്നാൽ സിനിമ പിൻവലിക്കില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് ലൗലിയുടെ നിർമാതാക്കൾ വ്യക്തമാക്കുന്നത്. 'ഈഗ' പ്രതികാര കഥ പറയുമ്പോൾ, ഈച്ചയുമായി സംസാരിക്കാൻ കഴിവുള്ള ഒരു യുവാവിൻ്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ലൗലിയുടെ നിർമാതാക്കളുടെ വാദം. കഴിഞ്ഞ മെയ് 16നാണ് ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്ത് ആഷിക് അബു ഛായാഗ്രാഹകനായ ലൗലി തിയറ്ററുകളിലെത്തിയത്.