

ഡൽഹി: ബോളിവുഡ്, പഞ്ചാബി സിനിമകളിലൂടെ പ്രശസ്തനും 2009ലെ മിസ്റ്റർ ഇന്ത്യയുമായിരുന്ന വരിന്ദർ സിങ് ഖുമൻ അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അർണോൾഡ് ഷ്വാർസ്‌നെഗറുടെ ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ ഏഷ്യയിലെ മുഖ്യ പ്രചാരകൻ എന്ന പേരിലായിരുന്നു അദ്ദേഹം പ്രശസ്തനായിരുന്നത്. ഫിറ്റ്നസ്, സിനിമാ രംഗത്ത് നിരവധി ആരാധകരെ സൃഷ്ടിക്കാൻ അദ്ദേഹത്തിനായിരുന്നു.
ബോഡി ബിൽഡിങ് കരിയറിലൂടെ ഇന്ത്യയിൽ ആദ്യമായി ഐഎഫ്ബിബി പ്രോ കാർഡ് നേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. വരിന്ദർ സിംഗിനെ സ്വന്തം ഹെൽത്ത് പ്രൊഡക്ടിൻ്റെ ഏഷ്യയിലെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്തത് സാക്ഷാൽ അർണോൾഡ് ഷ്വാർസ്‌നെഗർ തന്നെയായിരുന്നു.
2012ൽ 'കബഡി വൺസ് എഗൈൻ' എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് ഗുമാൻ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. 2014ൽ 'റോർ: ടൈഗേഴ്‌സ് ഓഫ് ദി സുന്ദർബൻസ്' എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 'മർജാവാൻ' (2019) പോലുള്ള സിനിമകളിലെ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ ആകർഷിച്ചു. പുറത്തിറങ്ങാനിരിക്കുന്ന 'ടൈഗർ 3'യിലും ചെറുവേഷം ചെയ്തിട്ടുണ്ട്.