പാലക്കാട്: കലുങ്ക് സംവാദത്തിൽ വീണ്ടും അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നപുംസകങ്ങൾക്ക് അന്നപാത്രം എന്ന് പറഞ്ഞാൽ ഇഷ്ടമാകുമോ എന്ന് അറിയില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. പാലക്കാട് ചെത്തലൂരിൽ നടന്ന കലുങ്ക് സംവാദത്തിലാണ് സുരേഷ് ഗോപിയുടെ പരാമർശം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വന്നാൽ അവൻ്റെയൊക്കെ മുഖത്തേക്ക് എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണെന്ന് സുരേഷ് ഗോപി പറഞ്ഞത്. നേരത്തെ തൻ്റെ ശമ്പളം മുഴുവൻ ജനങ്ങളുടെ കഞ്ഞി പത്രത്തിലുണ്ടെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇനി കഞ്ഞി പത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങൾക്ക് അന്ന പാത്രം എന്ന് പറഞ്ഞതും ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ലെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.
സംവാദത്തിനിടെ കേന്ദ്രമന്ത്രി വീണ്ടും പ്രജാ പരാമർശം നടത്തി. ഇത് പ്രജാരാജ്യമെന്നായിരുന്നു പാലക്കാട് ചെത്തലൂരിൽ നടന്ന കലുങ്ക് സംവാദത്തിൽ സുരേഷ്ഗോപിയുടെ പ്രസ്താവന. പ്രജകളാണ് ഇവിടെ രാജാക്കൻമാരെന്നും കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം കലുങ്ക് സംവാദത്തിൽ വ്യക്തിപരമായ നിവേദനങ്ങൾ നേരിട്ട് നൽകരുതെന്ന് സുരേഷ് ഗോപി നിർദേശം നൽകി. മാധ്യമങ്ങളിൽ വാർത്ത വന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പറളിയിലെ പരിപാടിക്ക് എത്തുന്നതിനു മുമ്പ് സംഘാടകർക്ക് നിർദേശം നൽകി.