

പ്രണവ് മോഹൻലാൽ നായകനായ 'ഡീയസ് ഈറെ'യ്ക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷന്' പൂജാ ചടങ്ങുകളോടെ തുടക്കം. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ, ഐതിഹ്യങ്ങളും മിത്തുകളും കോർത്തിണക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും മഞ്ജു വാര്യരുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഹൊറർ ഴോണറിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച രാഹുലിന്റെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
സംവിധായകൻ രാഹുൽ സദാശിവൻ, പൃഥ്വിരാജ്, മഞ്ജു വാര്യർ, സുപ്രിയ മേനോൻ, മല്ലിക സുകുമാരൻ, സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ, ഷോബി തിലകൻ, എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ എന്നിവർ പൂജ ചടങ്ങിൽ പങ്കെടുത്തു.
നേരത്തെ പുറത്തുവിട്ട സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സിനിമാപ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സത്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള പോരാട്ടം ഉടൻ ആരംഭിക്കുന്നു’ എന്നാണ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസും കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം സുപ്രിയ മേനോൻ, കരൺ ജോഹർ, അദാർ പൂനവാല, അപൂർവ മെഹ്ത എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ധർമ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്.
'എമ്പുരാൻ', 'ലൂസിഫർ', 'പാവാട' എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യരും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകയും 'ഒടിയനു'ണ്ട്. 2018ൽ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ ഒരുക്കിയ ഇതേ പേരിലുള്ള ചിത്രത്തിലും മഞ്ജുവായിരുന്നു നായിക.