

കൊച്ചി: കേരളീയ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധം പ്രമേയമാക്കിയ സിനിമ റിലീസിങ്ങിനൊരുങ്ങുന്നു. 'രാജകുമാരി' എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടി മഞ്ജു വാര്യർ തൻ്റെ സാമൂഹ്യ മാധ്യമ പേജിലൂടെ പുറത്തുവിട്ടു.
ഉണ്ണിദാസ് കൂടത്തിൽ ആണ് സിനിമയുടെ സംവിധാനം. ഉണ്ണിദാസിന്റെ ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ ക്യാമറാമാൻ ശ്രീരാഗ് മങ്ങാട്ടും എഡിറ്റർ അഖിൽ ദാസ് ഹരിപ്പാടുമാണ്. മൂവരും കൊച്ചിൻ മീഡിയാ സ്കൂളിൽ നിന്ന് ഒരേ ബാച്ചിൽ ചലചിത്ര പഠനം പൂർത്തിയാക്കിയവരാണ്.
2020 മേയ് ഏഴിന് രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്ന്, സന്ധ്യക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മേയ് 25ന് ഭർത്താവ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
'നല്ല സിനിമ'യുടെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ധീഖ്,ഫയസ് മുഹമ്മദ് തുടങ്ങിയവർ നിർമ്മിക്കുന്ന രാജകുമാരിയുടെ സംഗീതം ഡെൻസൺ.