
രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ 'മനസ്സിലായോ' എന്ന പാട്ട് വൻ ഹിറ്റായി മാറിയിരുന്നു. ജയ് ഭീമിന്റെ സംവിധായകൻ ടി.ജെ. ജ്ഞാനവേലാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
തനിക്ക് ടി.ജെ. ജ്ഞാനവേലിന്റെ ജയ് ഭീം ഇഷ്ടമായിരുന്നു. എന്നാൽ ആളുകൾക്ക് ആഘോഷിക്കാൻ പറ്റുന്ന ഒരു ചിത്രം ചെയ്യാൻ താൻ ജ്ഞാനവേലിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് രജനികാന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ, 10 ദിവസം വേണ്ടി വന്നു ജ്ഞാനവേലിന് അങ്ങനെ ഒരു ചിത്രം ചെയ്യാൻ സമ്മതിക്കാൻ. തനിക്ക് നെൽസണോ ലോകേഷോ ചെയ്യുന്ന പോലെയുള്ള കൊമേർഷ്യൽ സ്റ്റൈൽ ചിത്രം ചെയ്യാൻ സാധിക്കുകയില്ലെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചാണ് ജ്ഞാനവേൽ വേട്ടയ്യൻ ചെയ്യാൻ സമ്മതിച്ചത്. എന്നാൽ, തനിക്ക് നെൽസന്റെയോ ലോകേഷിന്റെയോ സ്റ്റൈൽ പടമാണ് വേണ്ടതെങ്കിൽ ഞാൻ അവരോട് നേരിട്ട് ആവശ്യപ്പെടുമെന്നും, ജ്ഞാനവേലിനെ നിർബന്ധിക്കിലായിരുന്നുവെന്നും രജനികാന്ത് പറഞ്ഞു.
"ഒരു ചിത്രം ഫ്ലോപ്പ് അയാല്‍ സമ്മർദ്ദമുണ്ടാകും, കാരണം നിങ്ങൾ ഒരു ഹിറ്റ് ചിത്രത്തിലൂടെ തിരികെവരുമെന്ന ഏവരും പ്രതീക്ഷിക്കും. അതുപോലെ, ഒരു ഹിറ്റ് സിനിമ ചെയ്തതിന് ശേഷവും, നിങ്ങൾ ആ സ്ഥിരത നിലനിർത്തുമെന്നും ഏവരും പ്രതീക്ഷിക്കും. അത്തരത്തിലുള്ള ഒരു സമ്മർദ്ദമാണ് ഞാൻ ജയിലറിന് ശേഷം അനുഭവിച്ചതെന്ന്" രജനികാന്ത് പറഞ്ഞു. അതേസമയം, ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധിനെ ഏല്പിക്കാൻ തനിക്കും ജ്ഞാനവേലിനും വളരെ അധികം താല്പര്യമുണ്ടായിരുന്നുവെന്നും രജനികാന്ത് ഓഡിയോ ലൗഞ്ചിൽ പറഞ്ഞു. അനിരുദ്ധ് തനിക്ക് മകനെ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമ്പോൾ തന്നെ ഒക്ടോബർ 10ന് റിലീസ് പ്ലാൻ ചെയ്തിരുന്നു, എന്നാൽ അന്ന് ലൈക്ക സാമ്പത്തിക സമ്മർദ്ദത്തിലായിരുന്നതുകൊണ്ട് ഞങ്ങൾക്ക് അത് പ്രഖ്യാപിക്കാൻ കഴിഞ്ഞില്ലെന്നും രജനികാന്ത് പറഞ്ഞു.
അമിതാഭ് ബച്ചൻ ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ, വി.ജെ രക്ഷൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 33 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 1991ൽ പുറത്തിറങ്ങിയ 'ഹം' ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.
പേട്ട (2019), ദർബാർ (2020), ജയിലർ (2023) എന്നീ ചിത്രങ്ങൾക്ക് ശേഷം അനിരുദ്ധ് രജനികാന്തുമായുള്ള നാലാമത്തെ കൂട്ടുകെട്ടാണിത്. എസ്.ആർ കതിർ ആണ് ഛായാഗ്രാഹകണം നിർവഹിച്ചിരിക്കുന്നത്. ഫിലോമിൻ രാജാണ് ചിത്രത്തിന്റെ എഡിറ്റർ.