സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ആത്മകഥ എഴുതുകയാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ലോകേഷ് കനകരാജ്. കൂലിയുടെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്. കൂലിയുടെ അവസാന രണ്ട് ഷെഡ്യൂളിലും അദ്ദേഹം ആത്മകഥയുടെ എഴുത്തിലായിരുന്നു എന്നും ലോകേഷ് വ്യക്തമാക്കി.
"അവസാന രണ്ട് ഷെഡ്യൂളിലും സാര്‍ ആത്മകഥ എഴുതുന്നതിന്റെ തിരക്കുകളിലായിരുന്നു. എല്ലാ ദിവസവും അദ്ദേഹം എഴുതിയിരുന്നു. ഏത് എപ്പിസോഡാണ് എഴുതുന്നത്? ഏത് കാലഘട്ടമാണിപ്പോള്‍ എഴുതികൊണ്ടിരിക്കുന്നത്? എന്നെല്ലാം ഞാന്‍ അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. 42-ാമത്തെ വര്‍ഷം ഇതാണ് സംഭവിച്ചത് അതിന് ശേഷം എന്ത് സംഭവിച്ചുവെന്നുമെല്ലാം അദ്ദേഹം പറയുമായിരുന്നു", ലോകേഷ് പറഞ്ഞു.
അതേസമയം, ഒരു തമിഴ് ചിത്രത്തിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് ഡീലെന്ന പേരില്‍ കൂലി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ലോകത്തെ 100-ലധികം രാജ്യങ്ങളില്‍ ഓഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ ദേവ എന്ന ഗ്യാങ്‌സ്റ്റര്‍ കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ പവര്‍ഹൗസ് എന്ന ഗാനം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗാനത്തിലെ രജനികാന്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ബോളിവുഡ് താരം ആമിര്‍ ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അടുത്തിടെ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.