'സൂപ്പർ സ്റ്റാർ രജനി' എന്ന ടൈറ്റിൽ കാർഡ് ബിഗ് സ്ക്രീനിൽ വരുമ്പോൾ ഏതൊരു സിനിമാപ്രേമിക്കും രോമാഞ്ചം വരും. ആ ടൈറ്റിൽ കാർഡിന്റെ ബാക്ക്ഗ്രൗഡ് സ്കോറിനൊപ്പം കാണികളുടെ ഹൃദയമിടിക്കും. ഈ മാജിക് സ്കോറിന്റെ സ്രഷ്ടാവ് 'തേൻ ഇസൈ തെൻട്രൽ' ദേവ ഇന്ന് നമുക്കൊപ്പമില്ല. ഇന്നും, ഈ ദിവസവും, സൂപ്പർ സ്റ്റാറിന്റെ ടൈറ്റിൽ കാർഡിന് തിയേറ്ററുകളിൽ വിസിൽ മുഴങ്ങും. അത് ദേവയ്ക്കുള്ള ആദരവ് കൂടിയാണ്. തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ പശ്ചാത്തല സംഗീതങ്ങളും തേൻ ഇനിക്കുന്ന ഗാനങ്ങളും സമ്മാനിച്ചതിനുള്ള നന്ദി പറച്ചിലാണ് ആ വിസിലടി.
സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് 1992ൽ റിലീസ് ചെയ്ത 'അണ്ണാമലൈ' എന്ന ചിത്രത്തിലാണ് 'സൂപ്പർ സ്റ്റാർ രജനി' എന്ന ടൈറ്റിൽ കാർഡ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീടത് രജനി ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത ഘടകമായി. ടൈറ്റിൽ കാർഡ് എന്നൊരു ആശയത്തോട് രജനിക്ക് ആദ്യം യോജിപ്പുണ്ടായിരുന്നില്ല. എന്തിനാണ് വെറുതെ ഒരു ബിൽഡ് അപ്പ് എന്നായിരുന്നു ചിന്ത. ഗുരുസ്ഥാനീയനും 'അണ്ണാമലൈ' നിർമാതാവുമായ കെ. ബാലചന്ദറാണ് രജനിയെ അതിന് പറഞ്ഞ് സമ്മതിപ്പിക്കുന്നത്. അങ്ങനെ 'അണ്ണാമലൈ'യുടെ തുടക്കത്തിൽ ആ ടൈറ്റിൽ കാർഡ് വന്നു. ദേവയുടെ ഇടിമുഴക്കം പോലുള്ള പശ്ചാത്തല സംഗീതത്തിനൊപ്പം.
എന്ത് അത്ഭുതമാണത്! രജനിയെ സ്ക്രീനിൽ കാട്ടുന്നില്ല. സൂപ്പർ സ്റ്റാർ രജനി എന്ന എഴുത്തും പശ്ചാത്തല സംഗീതവും മാത്രം. പക്ഷേ, അതുണ്ടാക്കുന്ന ആവേശം, അത് പറഞ്ഞറിയിക്കാനാകില്ല. അതറിയണമെങ്കിൽ ഒരു രജനിപടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണണം. ആ ടൈറ്റിൽ കാർഡിന് കിട്ടുന്ന കരഘോഷം കേട്ടറിയണം.
ഈ ടൈറ്റിൽ കാർഡിൽ മാത്രം ഒതുങ്ങുന്നില്ല, രജനിയെ മാസ് അവതാരമായി മാറ്റുന്നതിൽ ദേവയുടെ സംഗീതം വഴിച്ച പങ്ക്. വെറും മൂന്ന് രജനികാന്ത് ചിത്രങ്ങൾക്ക് മാത്രമാണ് അദ്ദേഹം സംഗീതം നൽകിയിട്ടുള്ളത്. 'അണ്ണാമലൈ', 'ബാഷ', 'അരുണാചലം'. സാധാരണക്കാരനായ ഒരു വ്യക്തിയെ ദേവയുടെ ഈണം വെള്ളിത്തിരയിൽ ദൈവതുല്യനാക്കി മാറ്റി. 'അണ്ണാമലൈ' തന്നെ ഉദാഹരണമായി എടുക്കാം. 'വന്തേണ്ടാ പാൽക്കാരൻ' എന്ന ഇൻട്രോ സോങ്. ഗാനാ പാട്ടിന്റെ അംശങ്ങൾ ചേർന്ന ഈ ഗാനം രജനിയുടെ അണ്ണാമലൈയെ സാധാരണക്കാരിലേക്ക് അടുപ്പിച്ചു. ഏഴകളുടെ സ്വന്തക്കാരനാക്കി. ഒപ്പം ആസാധ്യകാര്യങ്ങൾക്ക് ശേഷിയുള്ളവനും. ആ പാട്ടിനൊത്ത് പ്രേക്ഷകരുടെ ചുണ്ട് അനങ്ങി. രജനിയുടെ ഡാൻസ് സ്റ്റെപ്പുകൾ അവർ അനുകരിച്ചു. ബാഷയിലെ നാ ഓട്ടോക്കാരൻ എന്ന പാട്ടും ഇതിനോട് ചേർത്തുവയ്ക്കാവുന്ന ഒന്നാണ്. സൂപ്പർ സ്റ്റാർ സ്റ്റൈൽ എന്ന് കേൾക്കുമ്പോൾ തന്നെ മിക്കവരുടേയും മനസിൽ വരിക എസ്.പി. ബാലസുബ്രഹ്മാണ്യത്തിന്റെ ശബ്ദത്തിൽ ദേവ ചിട്ടപ്പെടുത്തിയ ഈ ഗാനങ്ങളാകും.
ഇതുമാത്രമല്ല, രജനികാന്ത് കഥാപാത്രങ്ങൾ പറയുന്ന ഫിലോസഫിക്കലും അതേസമയം മാസുമായ ഡയലോഗുകൾക്ക് തിയേറ്ററിൽ കയ്യടി നേടിക്കൊടുക്കുന്നതിൽ ദേവയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ വഹിച്ച പങ്കും എടുത്തുപറയണം. കഥാപാത്രത്തിന്റെ ശരീരഭാഷയ്ക്കും ആറ്റിട്യൂഡിനും ഇണങ്ങുന്ന രീതിയിലാകും ദേവ പശ്ചാത്തല സംഗീതം ഒരുക്കുക. ആ ബിജിഎം കണ്ണടച്ച് കേട്ടാൽ ഉള്ളിൽ ആ കഥാപാത്രം തെളിഞ്ഞുവരും. സംശയമുണ്ടോ? കണ്ണടയ്ക്കുക. ബാഷ തീം പ്ലേ ചെയ്യുക. ആ ഷൂ ശബ്ദത്തിനൊപ്പം രജനിയുടെ ബാഷ നമ്മുടെ ഉള്ളിൽ നടന്നുതുടങ്ങും. പതിയെ സില്ലൗട്ടിൽ അയാൾ പടികൾ ഇറങ്ങി വരും; രജനി അല്ല. ബാഷ!
ഇതൊക്കെ രജനിയുടെ സ്വാഗ് അല്ലെ എന്ന് സംശയിക്കുന്നവരുണ്ടെങ്കിൽ, സ്കോർ ഇല്ലാതെ ആ രംഗങ്ങൾ വെറുതെ ഒന്ന് കണ്ടുനോക്കുക. ദേവ എന്ന മ്യൂസിക് ഡയറക്ടറുടെ ക്രിയേറ്റീവ് പവർ നിങ്ങൾക്ക് ബോധ്യപ്പെടും.
ഇങ്ങനെ മാസ് ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കുന്ന ഒരു സംഗീത സംവിധായകനെ എന്തിനാണ് തേനിസൈ തെൻട്രൽ എന്ന് വിളിക്കുന്നത്? 'വാലി', 'കാതൽ കോട്ടൈ', 'ഖുഷി', 'ആസൈ' മലയാളത്തിലെ 'ഫാന്റം' എന്നിങ്ങനെയുള്ള ചിത്രങ്ങളിലെ പ്രണയ ഗാനങ്ങൾ അതിന് ഉത്തരം നൽകും.