
ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'കാട്ടാളനില്‍' നടി രജിഷ വിജയന്‍ നായികയാകുന്നു. നവാഗതനായ പോള്‍ ജോര്‍ജാണ് ഹൈ - ഓക്ടേന്‍ പാന്‍ ഇന്ത്യന്‍ അക്ഷന്‍ ത്രില്ലറായ 'കാട്ടാളന്‍' സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ 'മാര്‍ക്കോ' എന്ന ചിത്രത്തിന് ശേഷം ക്യുബ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. ക്യൂബ്‌സ് എന്റര്‍ട്ടെയിന്‍മെന്റിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് രജിഷ വിജയന്‍ നായികയാവുന്ന വിവരം പ്രഖ്യപിച്ചത്.
'പുഷ്പ' ഫ്രാഞ്ചൈസിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനില്‍, റാപ്പര്‍ ബേബി ജീന്‍, മാര്‍ക്കോ ഫെയിം കബീര്‍ ദുഹാന്‍ സിംഗ്, ജഗദീഷ്, സിദ്ദീഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. 'കാട്ടാളന്റെ' സംഗീതം ഒരുക്കുന്നത് 'കാന്താര 2' ഫെയിം അജനീഷ് ലോക്‌നാഥാണ്. കോറീയാഗ്രഫി - ഷരീഫ്, കോസ്റ്റ്യും ഡിസൈന്‍ - ധന്യ ബാലക്യഷ്ണന്‍, സിനിമറ്റോഗ്രാഫി - രണദേവ്, എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ് എന്നിവര്‍ നിര്‍വഹിക്കുന്നു.
ചിത്രത്തില്‍ ആക്ഷനൊരുക്കാന്‍ എത്തുന്നത് ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണെന്നാണ് സൂചന. കെച്ച കെംബഡികെയെ നേരില്‍ കണ്ട് സംസാരിക്കുന്ന വീഡിയോ 'കാട്ടാളന്‍' ടീം പുറത്തുവിട്ടിരുന്നു. 'ഓങ്-ബാക്ക് 2', 'ബാഹുബലി-2: കണ്‍ക്ലൂഷന്‍', 'ജവാന്‍', 'ബാഗി 2', 'പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1' തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ കെച്ച കെംബഡികെയുടെ മലയാളത്തിലെ അരങ്ങേറ്റം 'കാട്ടാളനി'ലൂടെയാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകര്‍.
അതേസമയം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കേരള സംസ്ഥാന പുരസ്‌കാര ജേതാവ് കൂടിയായ നടിയാണ് രജിഷ വിജയന്‍. 2016ലെ 'അനുരാഗ കരിക്കിന്‍ വെള്ളം' ചിത്രത്തിലുടെയാണ് രജിഷ അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. പിന്നീട് 'ജൂണ്‍' (2019), കര്‍ണന്‍ (2021), ജയ് ഭീം (2021) തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച വെച്ചു. 'സര്‍ദാര്‍ 2', 'ബൈസണ്‍', 'കകളംകാവല്‍', എന്നീ ചിത്രങ്ങളാണ് രജിഷയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്നത്. കൃഷാന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മസ്തിഷ്‌കമരണം A FRANKENBITING OF SIMON'S MEMORIES'ലും രജിഷ കേന്ദ്ര കഥാപാത്രമാണ്.