പുതിയ ലുക്ക് കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ മുഴുവൻ തന്നിലേക്ക് തിരിച്ചിരിക്കുകയാണ് ബോളിവുഡ് താരം രാജ്‌കുമാർ റാവു. അടുത്തിടെ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത രാജ്‌കുമാർ റാവുവിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. നടന്റെ രൂപത്തിൽ വന്ന മാറ്റം ഏതെങ്കിലും സിനിമയ്ക്ക് വേണ്ടി വരുത്തിയതാണോ അതോ പ്ലാസ്റ്റിക് സർജറി ചെയ്തതാണോ എന്നാണ് ചർച്ച.
മുംബൈയിൽ നടന്ന ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത രാജ്‌കുമാർ റാവുവിന്റെ വീഡിയോ ആണ് ചർച്ചൾക്ക് തുടക്കമിട്ടത്. നടൻ തിരിച്ചറിയാൻ പറ്റാത്ത വിധം മാറിയെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തത്. താരത്തിന്റെ മുടി കൊഴിയുന്നതായും രൂപത്തിൽ പ്രകടമായ വ്യത്യാസമുള്ളതായും പലരും ചൂണ്ടിക്കാട്ടി. എന്നാൽ, സൗരവ് ഗാംഗുലിയുടെ ബയോപിക്കിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് വലിയൊരു കൂട്ടം ആരാധകർ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ഇത്തരം ഊഹാപോഹങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് നടൻ.
'എന്റെ അസ്തിത്വം എന്റെ കലയിലൂടെയാണ്' എന്ന തലക്കെട്ടിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം. "നികം എന്ന എന്റെ അടുത്ത ബയോപിക്കിന്റെ ഷൂട്ടിങ് ഇപ്പോൾ പൂർത്തിയായി. അതെ, ഈ കഥാപാത്രം എന്റെ രൂപത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടിരുന്നു - അത് ചെയ്യാൻ എനിക്ക് ഏറെ ഇഷ്ടവുമാണ്. കഠിനാധ്വാനത്തിലൂടെ ആ ലുക്ക് കൊണ്ടുവരാൻ സാധിക്കുമെങ്കിൽ പ്രോസ്തെറ്റിക് മേക്കപ്പുകളിൽ വിശ്വസിക്കുന്ന ആളല്ല ഞാൻ. 'നികം' എന്ന ചിത്രത്തിന് വേണ്ടി അമിതമായി ഭാരം വർധിപ്പിക്കാനും പ്രായമായ ലുക്ക് കൊണ്ടുവരാനും ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ ഹെയർ സ്റ്റൈലിസ്റ്റ് എതിർത്തെങ്കിലും ഈ സിനിമയ്ക്ക് വേണ്ടി മുടി നേർത്തതാക്കി.
മുൻപ് 'ബോസ്' എന്ന ചിത്രത്തിന് വേണ്ടി പാതി മൊട്ടയടിക്കാനും ഭാരം കൂട്ടാനും ശ്രമിച്ചപ്പോൾ എല്ലാവരും എന്നെ തടഞ്ഞിരുന്നു. അതുപോലെ 'ട്രാപ്പ്ഡ്' എന്ന സിനിമയ്ക്ക് വേണ്ടി ഭക്ഷണം ഉപേക്ഷിച്ച് അമിതമായി ഭാരം കുറച്ചപ്പോഴും, 'ശ്രീകാന്ത്' എന്ന ചിത്രത്തിൽ ക്യാമറയ്ക്ക് മുന്നിലല്ലാത്തപ്പോഴും കാഴ്ചാപരിമിതിയുള്ള വ്യക്തിയെപ്പോലെ പെരുമാറിയപ്പോഴും പലരും ഉപദേശിച്ചിരുന്നു. (പക്ഷേ കലയ്ക്ക് വേണ്ടിയുള്ള അത്തരം മാറ്റങ്ങളിൽ ഞാൻ വിശ്വസിക്കുന്നു). 'നികം' എന്ന സിനിമയ്ക്ക് വേണ്ടി എനിക്ക് ഏകദേശം 9-10 കിലോ ഭാരം കൂട്ടേണ്ടി വന്നു. അതിനായി ഞാൻ രണ്ട് പിസകൾ വീതവും, ധാരാളം മധുരപലഹാരങ്ങളും, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആലു പറാത്തയും ബിരിയാണിയും കഴിക്കുമായിരുന്നു. ഉടൻ തന്നെ പുറത്തിറങ്ങുന്ന ഈ സിനിമ കാണുമ്പോൾ, അതിനായുള്ള എന്റെ കഠിനാധ്വാനം നിങ്ങൾക്ക് സ്ക്രീനിൽ കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," രാജ്‌കുമാർ കുറിച്ചു. 'നികം' പൂർത്തിയായതോടെ ഇനി ഈ ഭാരം കുറച്ച്, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ബയോപിക്കിന് വേണ്ടി തയ്യാറെടുക്കുകയാണെന്നും നടൻ ആരാധകരെ അറിയിച്ചു.
അതേസമയം, 'നികം' എന്ന ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 1993ലെ ബോംബെ ബോംബ് സ്ഫോടന പരമ്പര, 2008ലെ മുംബൈ ഭീകരാക്രമണം, കാസറ്റ് രാജാവ് ഗുൽഷൻ കുമാറിന്റെയും ബിജെപി നേതാവ് പ്രമോദ് മഹാജന്റെയും കൊലപാതകം തുടങ്ങി നിരവധി പ്രമാദമായ കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ഉജ്ജ്വൽ ദിയോറാവു നികത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമയെന്നാണ് റിപ്പോർട്ടുകൾ. 30 വർഷത്തെ സർക്കാർ അഭിഭാഷക ജീവിതത്തിൽ 628 ജീവപര്യന്തവും 37 തൂക്കുകയറുമാണ് പ്രതികൾക്ക് വാങ്ങികൊടുത്തത്. നിയമരംഗത്തെ സംഭാവനകൾ പരിഗണിച്ച് 2025ൽ രാഷ്ട്രപതി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിരുന്നു.