ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി'യുടെ റിലീസ് തീയതി പുറത്ത്. ഈ വർഷം ഏപ്രിൽ 30നാണ് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. നേരത്തെ മാർച്ച് അവസാനത്തോടെ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ചിത്രത്തിൻ്റെ റിലീസ് തീയതി മാറ്റുകയായിരുന്നു. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമാണം. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് ചിത്രത്തിൽ രാം ചരണിന്റെ നായികയായി എത്തുന്നത്.
അടുത്തിടെ, ചിത്രത്തിലെ മറ്റൊരു നിർണായക വേഷം ചെയ്യുന്ന, നടൻ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ചിത്രത്തിലെത്തുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിൽ നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശലിൻ്റെ മേൽനോട്ടത്തിൽ ചിത്രത്തിലെ ഒരു വമ്പൻ സംഘട്ടന രംഗം ഹൈദരാബാദിൽ ഒരുക്കിയത് വാർത്തയായിരുന്നു. രാം ചരൺ, ശിവരാജ് കുമാർ എന്നിവരും സംഘട്ടന രംഗത്തിൻ്റെ ഭാഗമായിരുന്നു. വമ്പൻ കാൻവാസിൽ, അതി സൂക്ഷ്മമായി ആണ് സംവിധായകൻ ബുചി ബാബു സന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഉൾപ്പെടെ ഓരോന്നും ഒരുക്കുന്നത് എന്നാണ് റിപ്പോർട്ട്.
ചിത്രത്തിലെ "ചികിരി ചികിരി" എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്. എ.ആർ. റഹ്മാൻ ആണ് ഗാനത്തിന് ഈണം നൽകിയത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബോളിവുഡ് താരം ദിവ്യേന്ദു ശർമയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിങ്സ്, നിർമാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.