RAMAYANA MOVIE REVIEW | 'രാവണൻ' സിനിമയും, 'രാമൻ' സീരിയലും; 'വിഎഫ്എക്സ്' മാത്രമാകുന്ന 'ഇതിഹാസ'ചിത്രം

രാമായണം പോലൊരു ഇതിഹാസ കഥ വികാരം തൊടാതെയാണ് നിതീഷ് തിവാരി അവതരിപ്പിച്ചിരിക്കുന്നത്
RAMAYANA MOVIE REVIEW | 'രാവണൻ' സിനിമയും, 'രാമൻ' സീരിയലും; 'വിഎഫ്എക്സ്' മാത്രമാകുന്ന 'ഇതിഹാസ'ചിത്രം
Published on: 
Updated on: 

'രാമായണ: പാർട്ട് 1', ഏറ്റവും വലിയ ഇന്ത്യൻ ചിത്രം എന്ന ലേബലോടെ എത്തിയ സകല ബോളിവുഡ് ചേരുവകളും ചേർന്ന പടം. സത്യമാണ് വലിയ ചിത്രമാണ്. ബിഗ് സ്കെയിൽ, ബിഗ് ബജറ്റ്, ക്യാമറയ്ക്ക് മുന്നിലും പിന്നിലും വലിയ വലിയ പേരുകൾ. പക്ഷെ എല്ലാം പേരിനുണ്ടെന്ന് മാത്രം. രാമായണം പോലൊരു ഇതിഹാസ കഥ വികാരം തൊടാതെയാണ് നിതീഷ് തിവാരി അവതരിപ്പിച്ചിരിക്കുന്നത്.

ക്രിസ്റ്റഫർ നോളന്റെ 'ഒഡീസി'പോലുള്ള ചിത്രങ്ങൾക്ക് ഒപ്പം 'രാമായണ'യെ സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യം എന്നാണ് മുംബൈയിൽ നടന്ന സ്പെഷ്യൽ സ്ക്രീനിങ്ങിന് ശേഷം നിർമാതാവ് നമിത് മൽഹോത്ര പറഞ്ഞത്. ഗ്രീക്ക് ഇതിഹാസ കാവ്യം ഒഡീസിക്ക് ഒപ്പം തന്നെയാണ് രാമായണത്തിന്റെ സ്ഥാനം. അതിൽ സംശയമില്ല, എന്നാൽ സിനിമയിലേക്ക് വരുമ്പോൾ 'ഒഡീസി'യെ ബിഗ് സ്ക്രീനിലേക്ക് എത്തിക്കാനായി നോളൻ പ്രയോഗിച്ചപോലെ പ്രത്യേക തരത്തിൽ എന്തെങ്കിലും ആഖ്യാന തന്ത്രം നിതീഷ് തിവാരി പ്രയോഗിച്ചതായി തോന്നുന്നില്ല. രണ്ട് മണിക്കൂർ 52 മിനുട്ടുള്ള ചിത്രമാക്കി ഒഡീസിയെ മാറ്റിയപ്പോൾ സമയം വച്ചാണ് നോളൻ കളിച്ചത്. അതേസമയം, 'രാമായണ'യിൽ നറേഷനാണ് കഥ പറയാനുള്ള ഒരു ടൂളായി ഉപയോഗിച്ചിരിക്കുന്നത്. അതൊരു ഇന്ത്യൻ ശൈലിയാണ്. അത് വിദഗ്ധമായി തന്നെ സിനിമയിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, സമയം ലാഭിക്കാനാണെന്ന് മാത്രം.

ദേവന്മാരുടെ കീഴിൽ അടിമകളായി കഴിയുന്ന അസുരന്മാരിലൂടെയാണ് 'രാമായണ: പാർട്ട് 1' ആരംഭിക്കുന്നത്. അവരുടെ രക്ഷകനായി വിമോചകനായാണ് രാവണൻ അവതരിക്കുന്നത്. ഇൻട്രൊഡക്ഷൻ സീനിൽ തന്നെ രാവണ വേഷം ചെയ്യുന്ന യഷ് തന്റെ സ്ക്രീൻ പ്രെസൻസ് പ്രകടമാക്കുന്നു. ചെറു ചലനങ്ങളിൽ പോലും അയാൾ ദശാനൻ രാവണനാണ്. മറിച്ച് തോന്നില്ല. തലയ്ക്കുള്ളിൽ പത്ത് തരം ചിന്തകൾ പേറുന്ന രാവണൻ. ആ ചിന്തകളെ, പത്ത് തലകളെ സ്ക്രീനിൽ കാണിച്ച വിധം നന്നായിരുന്നു. ഈ രാവണനിൽ നിന്നാണ് സിനിമ അയോധ്യയിലേക്കും രാമകഥയിലേക്കും പ്രവേശിക്കുന്നത്. അവിടം മുതലാണ് സിനിമ ഇഴഞ്ഞു തുടങ്ങുന്നത്.

RAMAYANA MOVIE REVIEW | 'രാവണൻ' സിനിമയും, 'രാമൻ' സീരിയലും; 'വിഎഫ്എക്സ്' മാത്രമാകുന്ന 'ഇതിഹാസ'ചിത്രം
ഫീൽ ഇല്ല! രാജ്യത്തെ ആദ്യ എഐ ചിത്രത്തെ കൈവിട്ട് ചൈനീസ് പ്രേക്ഷകർ

രാമനായി രൺബീർ കപൂർ നിരാശപ്പെടുത്തി എന്ന് തന്നെ പറയണം. സഭാകമ്പമുള്ള കുട്ടിയുടെ ഭാവമാണ് സിനിമയിലുടനീളം രൺബീറിനുള്ളത്. മര്യാദാപുരുഷോത്തമനെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിച്ചതാകണം. പക്ഷേ നടൻ അതിൽ ദയനീയമായി പരാജയപ്പെട്ടു. സീതയുടെ കാര്യത്തിൽ തന്നാൽ കഴിയുന്ന വിധം തന്റെ വേഷം മനോഹരമാക്കാൻ സായ് പല്ലവി ശ്രമിച്ചിട്ടുണ്ട്. വാളെടുത്തു പോരാടുന്ന പോരാളിയായും വനവാസത്തിനായി പുറപ്പെടുന്ന രാമനെ അനുഗമിക്കുന്ന പങ്കാളിയായും സായ് തിളങ്ങി. പക്ഷേ ചിലയിടങ്ങളിൽ സംഭാഷണങ്ങളുടെയും സീൻ കൺസ്ട്രക്ഷന്റെയും പോരായ്മ നടിയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. അത് തന്നെയാണ് മിക്ക അഭിനേതാക്കളുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

രാമായണം പോലൊരു ഇതിഹാസം ബിഗ് സ്ക്രീനിലേക്ക് പരിഭാഷപ്പെടുത്തുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. പക്ഷേ അതിനൊപ്പം സാധ്യതകളുടെ വലിയൊരു ലോകവുമുണ്ട്. ആ സാധ്യതകൾ ചെറുതായെങ്കിലും പ്രയോജനപ്പെടുത്താൻ നിതീഷ് തിവാരിയും നമിത് മൽഹോത്രയും ശ്രമിച്ചിട്ടുണ്ട്. രണ്ട് സംഭാഷണങ്ങൾ ഉദാഹരണമായി എടുക്കാം. ഒന്ന് ലങ്കയുടെ അധികാരം ഏറ്റെടുത്ത ശേഷം പ്രജകളോട് രാവണൻ പറയുന്നതാണ്, "നിങ്ങളുടെ വിശപ്പ് ഞാൻ മാറ്റും, ഞാൻ എന്തൊക്കെ സുഖസൗകര്യങ്ങൾ അനുഭവിക്കുന്നോ അതൊക്കെ നിങ്ങൾക്കും ഉണ്ടാകും" എന്ന ഉറപ്പ്. രാവണനെ ഒരു നല്ല ഭരണാധികാരിയായി കാണിക്കുകയാണിവിടെ. രണ്ടാമത്തെ സംഭാഷണം രാമന്റെയാണ്. സീതയെ വിവാഹം ചെയ്ത ശേഷം ജനകനോട് പറയുന്ന വാക്കുകൾ, "എന്റെ ജീവിതത്തിൽ സീത മാത്രമേ പങ്കാളിയായി ഉണ്ടാകുകയുള്ളൂ". സിനിമയിൽ മുൻപ് കാണിച്ച ഒരു സീനുമായി ഈ വാക്കുകളെ ചേർത്തുവായിക്കണം. കൈകേയിയുമായി സല്ലപിക്കുന്ന ദശരഥൻ. അൽപ്പം മാറി അത് നോക്കി നിൽക്കുന്ന രാമൻ, അവനെ ചേർത്തുപിടിക്കുന്ന കൗസല്യ. പുറത്തുപറയുന്നില്ലെങ്കിലും ഭർത്താവിന്റെ സ്നേഹം പങ്കിട്ടു പോകുന്നിടത്ത് കൗസല്യക്ക് വിഷമമുണ്ടെന്ന് മകൻ മനസിലാക്കുന്നുണ്ട്. ആ 'മനസിലാക്കൽ' പരോക്ഷമായി രാമന്റെ ഈ സംഭാഷത്തിൽ കടന്നുവരുന്നുണ്ട്.

ഇനി സിനിമയുടെ സാങ്കേതിക വശത്തേക്ക് വന്നാൽ, വിഎഫ്എക്സിലാണ് എല്ലാവർക്കും ആശങ്കയുണ്ടായിരുന്നത്. എന്നാൽ, ട്രെയ്‌ലറിൽ വിമർശനം നേരിട്ട പല വിഷ്വലുകളും വിഎഫ്എക്സ് ഒരുക്കിയ DNEG ബിഗ് സ്ക്രീനിൽ മെച്ചപ്പെട്ടിട്ടുണ്ട്. വിശേഷിച്ച് ജടായു. സിനിമയുടെ ഏറ്റവും വലിയ ഹൈ പോയിന്റാണ് രാവണ-ജടായു യുദ്ധം. ആ ഭാഗത്തെ കൊറിയോഗ്രഫിയും വിഷ്വൽ എഫ്കട്സും ഗംഭീരമാണ്. എന്നാൽ താടക, സുബാഹു, കുംഭകർണൻ തുടങ്ങിയവരെ അവതരിപ്പിക്കുമ്പോൾ കുറച്ചു കൂടി ക്രിയേറ്റീവ് ആയി ചിന്തിക്കാമായിരുന്നു. അവരെ കാർട്ടൂൺ കഥാപാത്രങ്ങളെപ്പോലെയാക്കി കളഞ്ഞു.

RAMAYANA MOVIE REVIEW | 'രാവണൻ' സിനിമയും, 'രാമൻ' സീരിയലും; 'വിഎഫ്എക്സ്' മാത്രമാകുന്ന 'ഇതിഹാസ'ചിത്രം
'ബെത്ലഹേം കുടുംബ യൂണിറ്റ്' വൈബിൽ ഒരു അമേരിക്കൻ പടം | ONE LINE

പിന്നെ എടുത്തുപറയേണ്ട മറ്റൊരു കാര്യം ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്. ഞെട്ടി. ഇത് ചെയ്തത് എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണല്ലോ എന്ന് ഓർത്ത് ഞെട്ടി. അവരല്ലായിരുന്നു എങ്കിൽ ഇത്ര പ്രശ്നമില്ലായിരുന്നു. പടം രണ്ട് അടി ബോളിവുഡിലേക്ക് നടക്കുമ്പോൾ റഹ്മാന്റെ ഗാനങ്ങൾ നാലടി കൂടുതൽ വയ്ക്കുന്നു. ഹാൻസ് സിമ്മർ 'ടച്ച്' ഉള്ള സ്കോറുകളൊന്നും ഈ ചിത്രത്തിൽ കേൾക്കാൻ പറ്റിയില്ല. രൺബീറിനോളം അല്ലെങ്കിലും ഇരുവരും നിരാശപ്പെടുത്തി.

ആകെത്തുകയിൽ ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കിയ ഒരു ഹിന്ദി സീരിയൽ പോലെയാണ് 'രാമായണ: പാർട്ട് വൺ' അനുഭവപ്പെട്ടത്. അതിന് കാരണം, വിഎഫ്എക്സോ, ഗാനങ്ങളോ, പശ്ചാത്തല നിർമിതയോ അല്ല. കഥ പറഞ്ഞ വിധവും, സംഭാഷണങ്ങളും അഭിനേതാക്കളെ ഉപയോഗിച്ച വിധവുമാണ്. പല അഭിനേതാക്കളുടെയും മുഖം കല്ലുപോലെയാണ്. ചുണ്ടനങ്ങുന്നുണ്ട്. പക്ഷേ, മുഖത്ത് ഒന്നും വരുന്നില്ല. ലിപ്പ് സിങ്കിങ്ങിനായി ഉപയോഗിച്ച ബ്രഹ്മ എഐ ആണോ ഇവിടെ കുറ്റക്കാരനെന്ന് അറിയില്ല. എന്തായാലും അത് ആസ്വാദനത്തെ നല്ലപോലെ ബാധിക്കുന്നുണ്ട്. പിന്നെ പ്രധാനമായി തോന്നിയ ഒരു പ്രശ്നം, വികാരമില്ലായ്മയാണ്. രാമായണ പോലൊരു ഇതിഹാസത്തിലെ ഓരോ വരികളിലുമുള്ള ഇമോഷൻ സ്ക്രീനിൽ കാണാൻ സാധിക്കുന്നില്ല. നിർണായകമായ കഥാസന്ദർഭങ്ങളിൽ പോലും. വെറുതെ ഇങ്ങനെ കഥ പറഞ്ഞുപോകുകയാണ്. രാമനും രാവണനും സീതയും ഒക്കെ വരുന്നു, പോകുന്നു. അങ്ങനെ വന്നുപോയവരിൽ എന്തെങ്കിലും അടയാളം അവശേഷിപ്പിച്ചത് യഷ് മാത്രമാണ്. രാവണൻ ഇല്ലെങ്കിൽ 'രാമായണ: പാർട്ട് 1' ഇല്ല!