ശ്രീനിവാസന്‍, ഗവാത്ത് ഇന്ത ഹറാമി... കീമോത്തി അൽബാനി!

മലയാള സിനിമയിലെ വാര്‍പ്പുമാതൃകകളെ പൊളിച്ചടുക്കിയ പ്രതിഭയായിരുന്നു ശ്രീനിവാസന്‍.
Source: News Malayalam 24X7
ശ്രീനിവാസന്‍ Sreenivasan
Published on
Updated on

മലയാള സിനിമയിലെ വാര്‍പ്പുമാതൃകകളെ പൊളിച്ചടുക്കിയ പ്രതിഭ. ഒറ്റ വാചകത്തില്‍ ശ്രീനിവാസനെ അങ്ങനെ വിശേഷിപ്പിക്കാം. നായകനായപ്പോഴും, കഥയും തിരക്കഥയും സംഭാഷണവും സംവിധാനവുമായി സിനിമ സൃഷ്ടിച്ചപ്പോഴുമെല്ലാം അത് കൂടുതല്‍ കൂടുതല്‍ പ്രകടമായി. മലയാളം കണ്ട് പരിചയിച്ച ആകാര, സൗന്ദര്യബോധ്യങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് നടനെന്ന നിലയില്‍ ശ്രീനിവാസന്‍ തിളങ്ങിയത്. സ്വയം അപഹാസ്യനായും, അപകര്‍ഷതയില്‍ ഉഴറിയും, ചിലപ്പോഴൊക്കെ നിസ്സഹായനായും ആ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി.

തിരക്കഥയുടെ മുഴക്കം

പി.കെ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെ 1977ലാണ് ശ്രീനിവാസൻ മലയാള സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് കെ.ജി. ജോർജിന്റെ മേള ഉള്‍പ്പെടെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ ഏഴു വർഷങ്ങൾ. 1984ൽ ആയിരുന്നു ആദ്യ തിരക്കഥ. ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ ശ്രീനിവാസൻ വരവറിയിച്ചു. പിന്നീട് അമ്പതോളം ചിത്രങ്ങള്‍ ശ്രീനിവാസന്റെ തൂലികയില്‍ പിറന്നു.

1985ല്‍ മുത്താരംകുന്ന് പി.ഒ. എന്ന ചിത്രത്തിന് തിരക്കഥയെഴുതി. സിബി മലയിലായിരുന്നു സംവിധാനം. പിന്നീടിങ്ങോട്ട് ഹാസ്യവും സമൂഹവിമര്‍ശനവും വാക്കുകളില്‍ നിറച്ച ഒരുപിടി ചിത്രങ്ങള്‍ പിറന്നു. അരം+അരം=കിന്നരം, ടി.പി. ബാലഗോപാലന്‍ എം.എ., സന്മനസുള്ളവര്‍ക്ക് സമാധാനം, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, നാടോടിക്കാറ്റ്, പട്ടണപ്രവേശം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വെള്ളാനകളുടെ നാട്, വരവേല്‍പ്പ്, വടക്കുനോക്കിയന്ത്രം എന്നിങ്ങനെ ഞാന്‍ പ്രകാശന്‍ വരെ 49 ചിത്രങ്ങള്‍.

പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, കമല്‍, ജയരാജ്, സിബി മലയിൽ, പി.ജി. വിശ്വംഭരന്‍, ഗിരീഷ്, വിനയന്‍, ലാല്‍ ജോസ്, പ്രദീപ് ചൊക്ലി, എം. മോഹന്‍, പി. വേണു, ഹരികുമാര്‍, റോഷന്‍ ആന്‍ഡ്രൂസ്, ജോമോന്‍, ടി.കെ. രാജീവ് കുമാര്‍, സജിന്‍ രാഘവന്‍, ഷിബു ബാലന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍ക്കായി ശ്രീനിവാസന്‍ തിരക്കഥയൊരുക്കി. സത്യന്‍ അന്തിക്കാടുമായും പ്രിയദര്‍ശനുമായും ചേര്‍ന്നാണ് കൂടുതല്‍ സിനിമകള്‍ ചെയ്തത്.

സത്യൻ അന്തിക്കാടിനായി ടി.പി. ബാലഗോപാലന്‍ എം.എ., സന്മനസുള്ളവര്‍ക്ക് സമാധാനം, ശ്രീധരന്റെ ഒന്നാം മുറിവ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ്, തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, സന്ദേശം, മൈ ഡിയർ മുത്തച്ഛൻ, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഞാന്‍ പ്രകാശന്‍ എന്നിങ്ങനെ ചിത്രങ്ങള്‍ക്കായി തിരക്കഥയൊരുക്കി.

Source: News Malayalam 24X7
ലോജിക്കില്ലാതെ ചിരിയില്ല, സുഹൃത്തേ; ശ്രീനിവാസൻ പഠിപ്പിച്ച ഗുണപാഠം

പ്രിയദര്‍ശനായി ഓടരുതമ്മാവാ ആളറിയാം, അരം+അരം=കിന്നരം, പുന്നാരം ചൊല്ലിച്ചൊല്ലി, ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, അരം അരം കിന്നരം, വെള്ളാനകളുടെ നാട്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അക്കരെ അക്കരെ അക്കരെ, മിഥുനം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ കഥയും ശ്രീനിവാസന്റേതായിരുന്നു.

സമൂഹവും ജീവിതാനുഭവങ്ങളും ആയിരുന്നു ശ്രീനിവാസന്‍ സിനിമകളുടെ കരുത്ത്. ആ സിനിമകളത്രയും ജനപ്രീതിക്കൊപ്പം സാമ്പത്തിക വിജയവും സ്വന്തമാക്കി. സാധാരണക്കാരുടെ കുടുംബ ജീവിതവും തൊഴില്‍രഹിതരായ യുവാക്കളുടെ നിസ്സഹായതയും നെട്ടോട്ടവുമൊക്കെ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന തരത്തിലായിരുന്നു ശ്രീനിവാസന്‍ സ്ക്രീനിലെത്തിച്ചത്. ചിരിക്കാഴ്ചയില്‍ പൊതിഞ്ഞ സാമുഹ്യജീവിതവും യാഥാര്‍ഥ്യങ്ങളുമാണ് ആ സിനിമകള്‍ക്കെല്ലാം പ്രേക്ഷകരെ സൃഷ്ടിച്ചെടുത്തത്.

ദാസനും വിജയനും പിന്നെ മമ്മൂട്ടിയും

മോഹൻലാലിന്റെ കരിയറിൽ വലിയ വിജയങ്ങൾ നേടിയിട്ടുള്ള ചിത്രങ്ങളിലും ശ്രീനിവാസൻ സാന്നിധ്യം ഉണ്ടായിരുന്നു. മോഹൻലാൽ, ശ്രീനവാസൻ, പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ അരം+അരം= കിന്നരം എന്ന സിനിമയിൽ തുടങ്ങി 2010ൽ പുറത്തിറങ്ങിയ ഒരു നാൾ വരും എന്ന ടി.കെ. രാജീവ് കുമാർ ചിത്രം വരെ ഇത് തുടർന്നു. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസുള്ളവർക്ക് സമാധാനം, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി.പി. ബാലഗോപാലൻ എംഎ, നാടോടിക്കാറ്റ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, അക്കരയക്കരെയക്കരെ, മിഥുനം, അയാൾ കഥയെഴുതുകയാണ്, ഉദയനാണ് താരം എന്നിങ്ങനെ ഹിറ്റുകള്‍ പിറന്നു. ജീവിത പ്രതിസന്ധികൾക്കിടെ അതിജീവനം തേടുന്ന യുവാക്കളായാണ് ഇരുവരും കൊണ്ടും കൊടുത്തും സ്ക്രീനില്‍ നിറഞ്ഞുനിന്നത്. വേദനയിലും കണ്ണീരിലും നര്‍മം തന്നെയായിരുന്നു അവയുടെ ഭാഷ. മലയാളികള്‍ക്ക് പ്രിയപ്പെട്ട വിജയനും ദാസനുമായി അവര്‍ മലയാള സിനിമയുടെ എവര്‍ഗ്രീന്‍ കോംബോ ആയി. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന് അത് നല്‍കിയ മൈലേജ് ചെറുതായിരുന്നില്ല.

മോഹന്‍ലാലിനായി ചിരിയും ചിന്തയും കൂട്ടിക്കലര്‍ത്തിയ ശ്രീനിവാസന്‍ മമ്മൂട്ടിക്കായി തികച്ചും വ്യത്യസ്തമായ ചിത്രങ്ങളാണ് ഒരുക്കിയത്. ഗോളാന്തരയാത്ര, മഴയെത്തുംമുൻപേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, ഭാർഗവ ചരിതം മൂന്നാം ഖണ്ഡം, കഥ പറയുമ്പോള്‍ എന്നിങ്ങനെ ചിരിക്കാഴ്ചകള്‍ക്കൊപ്പം അല്പം ഗൗരവമേറിയ വിഷയങ്ങളാണ് മമ്മൂട്ടിക്കൊപ്പം പിറവിയെടുത്തത്. മമ്മൂട്ടിയുടെ വ്യത്യസ്ത അഭിനയ മുഹൂർത്തങ്ങൾകൊണ്ട് അവയെല്ലാം ശ്രദ്ധേയമായി.

Source: News Malayalam 24X7
അഭ്രപാളിയിലെ ജീനിയസ്; ശ്രീനിവാസന്‍ അന്തരിച്ചു

ആക്ഷേപ ഹാസ്യമായിരുന്നു ശ്രീനിവാസൻ തിരക്കഥകളുടെ മുഖമുദ്ര. രാഷ്ട്രീയം, സാഹിത്യം, സിനിമ എല്ലാ മേഖകളും പലപ്പോളും രൂക്ഷമായി വിമർശിക്കപ്പെട്ടു. സന്ദേശം, വെള്ളാനകളുടെ നാട് എന്നിവ സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ പോലും പലപ്പോഴും ചർച്ച ചെയ്യപ്പെട്ടു. അഴകിയ രാവണനിലെ ടെയ്ലർ അംബുജാക്ഷനും, അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിലെ സാഗർ കോട്ടപ്പുറം എന്ന എഴുത്തുകാരനും പലരെയും പരോക്ഷമായി വിമർശിച്ചു. ഒടുവിൽ ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ സിനിമയ്ക്കുള്ളിലെ താര ജാഡകളെയും കൊള്ളൊരുതായ്മകളെയും കടന്നാക്രമിക്കുകയും ചെയ്തു. ഒടുവിൽ സിനിമ എന്നത് സംവിധായകന്റെ കലയാണെന്ന് പറഞ്ഞുവയ്ക്കുകയും കൂടിയായിരുന്നു ശ്രീനിവാസൻ.

തളത്തില്‍ ദിനേശനും ശ്യാമളയും

അഞ്ച് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തില്‍ രണ്ട് സിനിമകളാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്തത്. 1989ൽ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രവും, 1998ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമളയും. രണ്ടിലും നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനിവാസന്‍ ആയിരുന്നു. അപകർഷതാ ബോധവും സംശയരോഗിയുമായ തളത്തില്‍ ദിനേശനായിരുന്നു വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്‍. തന്നേക്കാൾ ഉയരവും സൗന്ദര്യവുമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തതോടെ, ആ അപകര്‍ഷതാബോധം വര്‍ധിക്കുന്നു. പതുക്കെ പതുക്കെ അയാളൊരു സംശയരോഗിയായി മാറുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ലാതെ, ബോഡി ഷെയ്മിങ്ങില്ലാതെ അത്തരമൊരു വിഷയത്തെ മികച്ച രീതിയിലാണ് ശ്രീനിവാസന്‍ അവതരിപ്പിച്ചത്. തളത്തില്‍ ദിനേശനയെും അത്രമേല്‍ പൂര്‍ണതയോടെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയുമായിരുന്നോ എന്നും സംശയമാണ്.

കുടുംബജീവിതം ശ്രദ്ധിക്കാതെ അലസമായ ജീവിതം നയിക്കുന്ന ഒരാളായിരുന്നു ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്റെ വിജയന്‍. ലക്ഷ്യബോധമില്ലാത്ത ജീവിതത്തില്‍ നേരിടുന്ന തിരിച്ചടികള്‍, ഒന്നിനോടും തൃപ്തിവരാതെ പുതിയ എന്തിനെയോ തേടുന്ന ആള്‍. രാഷ്ട്രീയവും വിശ്വാസവും ഭക്തിയുമൊക്കെ പരീക്ഷിച്ചും തോറ്റും ഒടുവില്‍ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിവരുന്ന വിജയന്‍. നമ്മുടെയുള്ളിലോ, ഇടയിലോ കാണാനാവുന്നവരായിരുന്നു ദിനേശനും വിജയനും. ഹാസ്യവും പരിഹാസവുമൊക്കെ ഇടകലര്‍ത്തിയാണ് രണ്ട് കഥയും ശ്രീനിവാസന്‍ പറഞ്ഞത്.

ശ്രീനിവാസനിലെ നടന്‍

നായകനായും ഉപനായകനായും സ്വഭാവനടനായും, നെഗറ്റീവ് ടച്ചുള്ള വേഷങ്ങളും ശ്രീനിവാസന്‍ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ശ്രദ്ധിക്കപ്പെട്ടത് ഏറെയും കോമഡി വേഷങ്ങളായിരുന്നു. ഇരുന്നൂറ്റിയമ്പതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. കെ.ജി ജോർജ് മുതൽ നവാഗത സംവിധായകർ വരെയുള്ളവരുടെ സിനിമകളിൽ ശ്രീനിവാസൻ വേഷമിട്ടു. സ്വന്തം ചിത്രങ്ങളിലും നായകനായി. ഇവയില്‍ പലതും ശ്രീനിവാസനു മാത്രം ചെയ്യാന്‍ പറ്റുന്നതുമായിരുന്നു. അങ്ങനെയാണ് പ്രീഡിഗ്രി അത്ര ചെറിയ ഡിഗ്രിയല്ലെന്ന വിജയന്റെ ഭാഷ്യത്തിന് നാം കയ്യടിച്ചത്. കുണുക്കിട്ട കോഴി കുളക്കോഴി... എന്ന വയലാറിന്റെ വരി പോലും നമുക്ക് ശ്രീനിവാസന്റെ ചിരിപ്പാട്ടാകുന്നതിന്റെ രസതന്ത്രവും മറ്റൊന്നല്ല. പ്രസില്‍ ഇരുന്നപ്പോള്‍ കിട്ടിയ തമാശയും, ഹ..ഹ..ഹ.. ശോഭ ചിരിക്കുന്നില്ലേയെന്നും ശ്രീനിവാസനല്ലാതെ മറ്റാര് അവതരിപ്പിച്ചാലാകും നമുക്ക് രസിക്കുക. പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം പോലെ സുന്ദരമായ ചിരിക്കാഴ്ചകള്‍.

Source: News Malayalam 24X7
ചിരിപ്പൂരമൊരുക്കിയ എഴുത്ത്; തുടക്കം പ്രിയദർശനൊപ്പം

മറവത്തൂർ കനവിലെ മരുതും, തേൻമാവിൻക്കൊമ്പത്തിലെ അപ്പക്കാളയും, ചിത്രത്തിലെ ഭാസ്കരന്‍ നമ്പ്യാരും, ചന്ദ്രലേഖയിലെ നൂറും, വിജയനും മാത്രമല്ല ഒട്ടനവധി ശ്രദ്ധേയ ശ്രീനിവേഷങ്ങളുണ്ട്. പതിവുചിരിയില്‍നിന്ന് മാറി നില്‍ക്കുന്ന ചില വേഷങ്ങള്‍. പഞ്ചവടിപ്പാലത്തില്‍ ചക്രവണ്ടിയില്‍ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരനായ കാതൊരയനെ ആര്‍ക്കും എളുപ്പം മറക്കാനാവില്ല. കാതൊരയന്‍ സമൂഹത്തിന്റെ പ്രതീകമായിരുന്നു. ചക്രവണ്ടിയിലൂടെ കാതൊരയന്‍ പഴയ പാലത്തിലൂടെ സഞ്ചരിക്കുന്നതാണ് സിനിമയുടെ തുടക്കം. പുതിയ പാലം തകര്‍ന്ന് എല്ലാവരും രക്ഷപ്പെടുമ്പോള്‍, ചക്രവണ്ടി ഒഴുകിപ്പോകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

പൊന്മുട്ടയിടുന്ന താറാവില്‍ തട്ടാന്‍ ഭാസ്കരനൊപ്പമാണ് നാം സഞ്ചരിക്കുക. അതുകൊണ്ടാണ് അവസാനം 'തട്ടാന്‍ തട്ടിയപ്പോള്‍' ആശ്വാസത്താല്‍ നാം നെടുവീര്‍പ്പിട്ടത്. വടക്കുനോക്കി യന്ത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍, നമ്മളിലെ ചിരി മാറുകയും തളത്തില്‍ ദിനേശന്റെ മാനസികാവസ്ഥയിലേക്കും വ്യഥകളിലേക്കും എടുത്തെറിയപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ശ്രീനിവാസന്റെ മാത്രം വിജയമാണ്. 2007ല്‍ പുറത്തിറങ്ങിയ തകരച്ചെണ്ടയിലെ ചക്രപാണിയും അങ്ങനെ തന്നെ. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശവും ചക്രപാണിയിലൂടെ ശ്രീനിവാസന്‍ സ്വന്തമാക്കി. 2016ല്‍ പുറത്തിറങ്ങിയ ഗപ്പിയിലെ റെയില്‍വേ ഗേറ്റ്‍മാന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന തരം കഥാപാത്രങ്ങളിലേക്കാണ് ശ്രീനിവാസന്‍ ഇറങ്ങിച്ചെന്നത്. അത്തരം കഥയും കഥാപാത്രങ്ങളും തന്നെയായിരുന്നു ശ്രീനിവാസനെ വ്യത്യസ്തനാക്കിയതും. അര നൂറ്റാണ്ടോടുത്ത സിനിമാ യാത്രയില്‍ ശ്രീനിവാസന്‍ ചെയ്തുവച്ചതിനൊന്നും പകരമില്ല, പകരക്കാരനും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com