"ഈ സിനിമയിൽ ലോജിക്കില്ലാതെ ചിരിക്കാം" എന്ന് ആരെങ്കിലും അവകാശപ്പെടുന്നത് കേട്ടാൽ ശ്രീനിവാസൻ സ്വതസിദ്ധമായ ശൈലിയിൽ ഒന്ന് ചിരിച്ചെന്നിരിക്കും. ഹാസ്യത്തിന് ലോജിക്ക് വേണം എന്ന് മറ്റാരേക്കാളും തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു ശ്രീനിവാസൻ. മലയാളിയേയും കയറ്റി വികെഎൻ പാഞ്ഞ വണ്ടിയിൽ ഒരു ഇടവഴിയിൽ വച്ച് കൈ കാട്ടി കയറിയ എഴുത്തുകാരനാണ് ശ്രീനി.
അനുഭവങ്ങളുടെ ഖനികളിൽ നിന്ന് താൻ കുഴിച്ചെടുത്ത കൽക്കണ്ട കഷണങ്ങൾ ആ പാട്യംകാരൻ നിർബന്ധപൂർവം സഹയാത്രികരേക്കൊണ്ട് ഭക്ഷിപ്പിച്ചു. ചിലർക്ക് അത് ആദ്യം കയ്ച്ചു, പിന്നെ മധുരിച്ചു. പക്ഷേ ആ യാത്ര മനോഹരമായിരുന്നു.
സിനിമാക്കാരൻ എന്നതിൽ ഉപരിയായി ഒരു രാഷ്ട്രീയവിമർശകൻ കൂടിയായിരുന്നു ശ്രീനിവാസൻ. 'അരാഷ്ട്രീയവാദി' എന്ന ലേബൽ പലകുറി അദ്ദേഹത്തിന് മേൽ ഇടത് വലതും ബേധമില്ലാതെ രാഷ്ട്രീയ കക്ഷികൾ പതിച്ചു നൽകിയിട്ടുണ്ട്. 1991ൽ ഇറങ്ങിയ 'സന്ദേശം' എന്ന സത്യൻ അന്തിക്കാട് ചിത്രമാണ് അതിന് കാരണമായി പലരും ഉയർത്തിക്കാട്ടിയത്. ശ്രീനിയുടെ തിരക്കഥ പ്രഥമദൃഷ്ട്യാ അകൽച്ചയിൽ നിൽക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ സജീവമായ അന്തർധാര തുറന്നുകാട്ടി. സ്ഥാനലബ്ധിക്കായി ഗോസായിമാരെ ഇളനീർ കുടിപ്പിക്കാൻ തളപ്പിട്ട് തെങ്ങിൽ കയറുന്ന രാഷ്ട്രീയപ്രവർത്തനത്തെ ചൂണ്ടിക്കാട്ടി. സിനിമ, വിദ്യാർഥിയുടെ കയ്യിലെ കൊടി പറച്ചെടുത്ത്, 'പോയി പഠിക്കടാ' എന്ന് പറയാതെ പറയുന്നിടത്താണ് വിമർശനങ്ങൾ അധികവും ചെന്നു നിന്നത്. 'സന്ദേശ'ത്തിന്റെ സന്ദേശം എന്താണെന്ന് ഇന്നും മലയാളി ചർച്ച ചെയ്യുന്നു. സിനിമയിൽ രാഷ്ട്രീയമാണോ അരാഷ്ട്രീയമാണോ മുഴച്ചു നിൽക്കുന്നത് എന്ന് ഇഴകീറി പരിശോധിക്കുന്നു. ഇതു തന്നെയാകണം ശ്രീനിയും ഉദ്ദേശിച്ചിട്ടുണ്ടാകുക. അല്ലാതെ, കട്ടൻചായയും പരിപ്പുവടയും ശങ്കരാടിയും ഒരുക്കുന്ന ട്രോൾ സാധ്യത ആകാനിടയില്ല.
വെള്ളാനകളുടെ നാട്, മിഥുനം, വരവേൽപ്പ് എന്നീ ചിത്രങ്ങൾ കേരളത്തിലെ സംരംഭകത്വ അന്തരീക്ഷത്തെ തെറ്റായി ചിത്രീകരിച്ചു എന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. മിഡിൽ ക്ലാസ് മുതലാളിത്വത്തെ വലയ്ക്കുന്ന തൊഴിലാളി നേതാക്കളേയും ബ്യൂറോക്രസിയേയും ആണ് ഈ ചിത്രങ്ങളിൽ ശ്രീനിവാസൻ എന്ന തിരക്കഥാകൃത്ത് വിമർശന വിധേയമാക്കിയത്. കൈക്കൂലി, താൻപോരിമ എന്നിങ്ങനെയുള്ള ആഗോള പ്രതിഭാസങ്ങളെ കേരളത്തിന്റെ പശ്ചാത്തലത്തിൽ നർമം പൊതിഞ്ഞ് ശ്രീനി അവതരിപ്പിച്ചു. ആ പൊതിക്കുള്ളിൽ സാധാരണക്കാരന്റെ കരച്ചിലുണ്ടായിരുന്നു. അതാണ് തിയേറ്ററിൽ മുഴുങ്ങിയ ചിരികൾക്ക് അർഥം നൽകിയത്. 'വരവേൽപ്പ്' പറയുന്ന അന്തരീക്ഷമല്ല ഇപ്പോൾ കേരളത്തിൽ എന്ന് റഫറൻസ് വച്ച് മന്ത്രിമാർ പറയുന്നിടത്ത് മലയാളിയുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമം കാണാം.
സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലും നർമം തന്നെയായിരുന്നു ശ്രീനിവാസന്റെ ആയുധം. 'വടക്കുനോക്കി യന്ത്രം' എന്ന ചിത്രം ശ്രീനിവാസൻ തുടങ്ങിവയ്ക്കുന്നത് തന്നെ തളത്തിൽ ദിനേശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്. ദിനേശൻ രാവിലെ എഴുന്നേൽക്കുന്നു. നേരെ കണ്ണാടി നോക്കുന്നു. തന്റെ മുഖ അളവുകൾ പരിശോധിച്ച ശേഷം നേരേ ഒരു കത്തെഴുതാൻ ഇരിക്കുന്നു. ആ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.
"പ്രിയപ്പെട്ട മനഃശാസ്ത്ര ഡോക്ടർക്ക്, എനിക്ക് ഒന്നും പിടികിട്ടുന്നില്ല സാർ, ദയവ് ചെയ്ത് എത്രയും പെട്ടെന്ന് സ്ത്രീകളുടെ മനശാസ്ത്രത്തെപ്പറ്റി വാരികയിൽ എഴുതൂ". അതിന്റെ കാരണവും ദിനേശൻ വ്യക്തമാക്കുന്നു - അയാളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.
ഇതിലും മനോഹരമായി എങ്ങനെയാണ് ഫാഷനും ഭാഷയും മാറിയ 90കളിൽ ശരാശരിയെന്ന് സ്വയം വിശ്വസിച്ചിരുന്ന ഒരു മലയാളി പുരുഷന്റെ അപകർഷതാ ബോധം അവതരിപ്പിക്കുക. ഈ അപകർഷത വിഷലിപ്തമായി മാറുന്നത് സാവധാനമാണ്. ദിനേശൻ നമ്മളെ ചിരിപ്പിക്കും. ചിരിക്കിടയിലും 'സംശയം' ഒരു രോഗമാണെന്ന് ചിന്തിപ്പിക്കും. ഒടുവിൽ അയാൾ ഇരുട്ടിലേക്ക് ടോർച്ചടിച്ച് നോക്കുമ്പോൾ കാണികളിൽ പലരുടേയും മുഖത്താണ് വെളിച്ചം പതിക്കുക. നമ്മളിലെ രോഗാവസ്ഥ ശ്രീനിവാസൻ എന്ന ഡോക്ടർ കണ്ടെത്തിയിരിക്കുന്നു.
രണ്ടാമതായി ശ്രീനിവാസൻ സംവിധാനം ചെയ്ത 'ചിന്താവിഷ്ടയായ ശ്യാമള'യിൽ പല വള്ളങ്ങളിൽ കാലുവച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പെടാപ്പാട് പെടുന്ന മലയാളിയെ ആണ് കാണാൻ സാധിക്കുക. അരാജകവാദിയായി തുടങ്ങി തീവ്ര ആത്മീയവാദിയായി മാറി, അവസാനം യുക്തിക്ക് അനുസൃതമായി ജീവിക്കാൻ ഉറപ്പിക്കുന്ന വിജയനെ ശ്രീനിവാസൻ കാണികൾക്ക് പരിചയപ്പെടുത്തി. കാശുണ്ടാക്കാൻ അറിയാത്ത പണിക്കും തലവച്ചുകൊടുക്കുന്ന വിജയൻ നമുക്ക് സുപരിചിതനാണ്. "എന്നാൽ, ക്യാമറയും കൂടെ ചാടട്ടെ" എന്ന് ശ്രീനിവാസന്റെ കഥാപാത്രം പറയുമ്പോൾ പല പൊയ്മുഖങ്ങൾക്കുള്ളിൽ നിന്നും കണ്ണുനീർ ഒലിച്ചു. സിനിമയിലെ ശ്യാമളയിലൂടെ ശ്രീനി വിജയനേയും പ്രേക്ഷകരേയും ഒരു പാഠം പഠിപ്പിച്ചു.
"ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോ തരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും. ഒരു പ്രായത്തിൽ നമ്മൾ വിപ്ലവകാരികളാകും, രക്ഷിതാക്കളെ എതിർക്കും, ദൈവത്തെ നിഷേധിക്കും. യുക്തിവാദിയാകും. പിന്നീടെപ്പോഴെങ്കിലും നമ്മൾ വീണ്ടും ദൈവവിശ്വാസി ആയേക്കാം. പിന്നൊരു ഘട്ടത്തിൽ തത്വജ്ഞാനിയാകും. ഒടുവിൽ അതും വേണ്ടെന്ന് വയ്ക്കും. അങ്ങനെ മാറിയും തിരിഞ്ഞുമൊക്കെയാണ് നമ്മൾ യഥാർഥ നമ്മളാകുന്നത്"
ശ്രീനിവാസന്റെ ഫിലിമോഗ്രഫിയിൽ നിന്ന് ഇങ്ങനെ ഒട്ടനവധി രംഗങ്ങളും സംഭാഷണങ്ങളും കണ്ടെടുക്കാൻ സാധിക്കും. അർഥം വച്ചാണ് അയാൾ എഴുതിയത്. അത് ദ്വയാർഥത്തിലേക്ക് കടന്നില്ലാ എന്നതാണ് ആ എഴുത്തുകാരന്റെ മിടുക്ക്.
ആ യഥാർഥ നമ്മളിലേക്ക് നമ്മളെ കൊണ്ടുപോകാനുള്ള ശ്രീനിവാസന്റെ കുശാഗ്ര ബുദ്ധിയായിരുന്നു ഹാസ്യം. ചിരിച്ചുകൊണ്ട് നമ്മൾ ശ്രീനിവാസനെ ചോദ്യം ചെയ്തു. ശ്രീനിവാസന്റെ ലോജിക്കിനെ നമ്മുടെ ലോജിക്ക് കൊണ്ട് നേരിട്ടു. ശ്രീനിവാസനെ വാദിച്ചു തോൽപ്പിച്ചു എന്ന് തോന്നുന്നിടത്ത് ആ എഴുത്തുകാരൻ കൂടിയാണ് വിജയിക്കുന്നത്. കാരണം, തലയറഞ്ഞ് ചിരിക്കാനല്ല ശ്രീനിവാസൻ പറഞ്ഞത്. തലയറിഞ്ഞ് ചിരിക്കാനാണ്.