

ചെന്നൈ: ബോഡി ഷെയ്മിങ് നടത്തിയ മാധ്യമപ്രവര്‍ത്തകന് കനത്ത മറുപടി നല്‍കി നടി ഗൗരി കിഷന്‍. തന്റെ പുതിയ തമിഴ് ചിത്രമായ 'അദേഴ്‌സ്' ന്റെ പ്രമോഷന്‍ വേളയിലായിരുന്നു സംഭവം. സിനിമയെ കുറിച്ച് ചോദിക്കാതെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതോടെയാണ് ഗൗരിയുടെ രൂക്ഷ പ്രതികരണം.
തന്റെ ജോലിയെ കുറിച്ചോ സിനിമയിലെ കഥാപാത്രത്തെ കുറിച്ചോ ആരും ഒരു ചോദ്യം പോലും ചോദിച്ചില്ല. പക്ഷെ എല്ലാവര്‍ക്കും അറിയേണ്ടത് തന്റെ ശരീരഭാരം എത്രയാണെന്നായിരുന്നു നടിയുടെ പ്രതികരണം. ഇത്തരം ചോദ്യങ്ങള്‍ മണ്ടത്തരമാണെന്ന് പറഞ്ഞ ഗൗരി നടിമാര്‍ നേരിടുന്ന ഇത്തരം പ്രവണതകള്‍ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.
പ്രസ് മീറ്റിനെത്തിയ ഒരേയൊരു സ്ത്രീയെയാണ് എല്ലാവരും ലക്ഷ്യമിടുന്നതെന്നും നടനോട് ശരീര ഭാരം എത്രയാണെന്ന് ചോദിക്കുമോ എന്നു കൂടി ഗൗരി ചോദിച്ചു. ഇതോടെ ഗൗരിയും ചുറ്റുമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.
നടിമാരെ ഒബ്ജക്ടിഫൈ ചെയ്യുകയാണെന്നും ഇതല്ല മാധ്യമപ്രവര്‍ത്തനമെന്നും സ്വന്തം തൊഴിലിനെ അപമാനിക്കുന്നതാണിതെന്നും മാധ്യമപ്രവര്‍ത്തകരോട് ഗൗരി കിഷന്‍ പറഞ്ഞു.
ഗൗരി മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗൗരിയെ പിന്തുണച്ച് ചിന്മയി ശ്രീപാദ അടക്കമുള്ളവര്‍ രംഗത്തെത്തി. ഗൗരിയുടെ പ്രതികരണം അഭിമാനകരമാണെന്നും അനാദരവും അനാവശ്യവുമായ ചോദ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെതിരെ പ്രതികരണം ഉണ്ടാകും. ചെറിയ പ്രായത്തില്‍ തന്നെ ഗൗരി നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അഭിമാനമുണ്ട്. ഒരു നടനും സ്വന്തം ഭാരത്തെ കുറിച്ചുള്ള ചോദ്യം നേരിടേണ്ടി വരില്ലെന്നും ചിന്മയി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സോഷ്യല്‍മീഡിയയിലും ഗൗരി കിഷനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബോഡി ഷെയിമിങ്ങിനെതിരെ ഒരു സ്ത്രീ ഒറ്റയ്ക്ക് പ്രതികരിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന നടനും സംവിധായകനും അടക്കമുള്ള പുരുഷന്മാര്‍ മൗനം പാലിച്ചതും സോഷ്യല്‍മീഡിയ വിമര്‍ശിച്ചു.
സിനിമയിലെ നായകന്‍ ആദിത്യ മാധവനെതിരെയായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ തന്റെ മൗനത്തിന്റെ അര്‍ത്ഥം ബോഡി ഷെയ്മിങ്ങിനെ അനുകൂലിക്കുന്നുവെന്നല്ല, അപ്രതീക്ഷിതമായി ഉണ്ടായ സംഭവമായതിനാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് മനസ്സിലായില്ല. ഇത് എന്റെ അരങ്ങേറ്റ സിനിമയാണ്. നേരത്തെ ഇടപെട്ടിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നു. ഗൗരി മാത്രമല്ല, ഒരു സ്ത്രീയും ഇത്തരം പരാമര്‍ശങ്ങള്‍ അര്‍ഹിക്കുന്നില്ല. എല്ലാവരും ബഹുമാനം അര്‍ഹിക്കുന്നവരാണെന്നും ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ആദിത്യ മാധവന്റെ പ്രതികരണം.
നവംബര്‍ ഏഴിനാണ് ആദിത്യ മാധവനും ഗൗരിയും പ്രധാന വേഷത്തിലെത്തുന്ന 'അദേഴ്‌സ്' സിനിമയുടെ റിലീസ്.