
ബിഗ് ബജറ്റ് കന്നഡ ചിത്രം 'കാന്താര ചാപ്റ്റർ 1'ന് ആയി ഭാഷാ ഭേദമന്യേയുള്ള കാത്തിരിപ്പിലാണ് സിനിമാ ആസ്വാദകർ. സംവിധായകന്‍ ഋഷഭ് ഷെട്ടിയേയും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരേയും ഇരുകയ്യും നീട്ടിയാണ് മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നത്. എന്നാല്‍, ഹൈദരാബാദിലെ പ്രീ റിലീസ് പരിപാടിയില്‍ ഋഷഭ് നടത്തിയ 'കന്നഡ പ്രസംഗം' വലിയ തോതില്‍ വിമർശിക്കപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കമല്ല, ഭാഷയാണ് പ്രശ്നമായിരിക്കുന്നത്.
ഒക്ടോബർ രണ്ടിന് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജൂനിയർ എന്‍ടിആർ ആയിരുന്നു മുഖ്യ അതിഥി. ആന്ധ്രാപ്രദേശിൽ നടന്ന പരിപാടിയില്‍ 'കാന്താര' സംവിധായകന്‍ തെലുങ്ക് ഒഴുവാക്കി തന്റെ മാതൃഭാഷയായ കന്നഡയില്‍ സംസാരിക്കാന്‍ തീരുമാനിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.
സമൂഹമാധ്യമങ്ങളില്‍ കാന്താരയുടെ തെലുങ്ക് ആരാധകർ ആശങ്ക പ്രകടിപ്പിച്ചു. സിനിമയുടെ തെലുങ്ക് പതിപ്പിന്റെ പ്രീ റിലീസ് ഇവന്റില്‍ പ്രാദേശിക ഭാഷയിലായിരുന്നു സംസാരിക്കേണ്ടിയിരുന്നത് എന്നാണ് ഇവരുടെ വാദം.
പരിപാടിയില്‍ വച്ചുതന്നെ കന്നഡയില്‍ സംസാരിക്കാനുള്ള തന്റെ തീരുമാനത്തെ ഋഷഭ് ഷെട്ടി വിശദീകരിച്ചിരുന്നു. "ഞാന്‍ കന്നഡയില്‍ സംസാരിക്കാന്‍ പോകുന്നു. എന്റെ ഹൃദയത്തില്‍ നിന്ന് സംസാരിക്കുന്നപോലെ," ഋഷഭ് പറഞ്ഞു. ജൂനിയർ എന്‍ടിആർ തന്റെ സ്നേഹിതനും സഹോദരനുമാണ്. അദ്ദേഹം ഒരു തെലുങ്ക് ഹീറോ ആണെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. തന്റെ സഹോദരന്റെ വീട്ടിലെത്തിയപോലെയാണ് തോന്നുന്നത് എന്നും ഋഷഭ് കൂട്ടിച്ചേർത്തു.
ഹോംബാലെ ഫിലിംസ് ആണ് 'കാന്താര 2' നിർമിക്കുന്നത്. ബി. അജനീഷ് ലോക്നാഥാണ് സംഗീതം ഒരുക്കുന്നത്. ക്യാമറ അർവിന്ദ് കശ്യപും, പ്രൊഡക്ഷൻ ഡിസൈൻ മലയാളിയായ വിനേഷ് ബംഗ്ലാനുമാണ് ചെയ്തിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം ഒരേസമയം എത്തുന്നത്.