
തമിഴ് ചലച്ചിത്ര താരം ചിയാന്‍ വിക്രമിനെ നേരില്‍ കണ്ട സന്തോഷം പങ്കുവെച്ച് കന്നട താരം ഋഷഭ് ഷെട്ടി. നടനാകാനുള്ള യാത്രയില്‍ തനിക്കെന്നും വിക്രം പ്രചോദനമായിരുന്നെന്ന് ഋഷഭ് ഷെട്ടി പറഞ്ഞു.
24 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആരാധനമൂര്‍ത്തിയായിരുന്ന വിക്രമിനെ നേരില്‍ കണ്ടപ്പോള്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍ താനാണെന്ന് തോന്നുന്നുവെന്നും ഋഷഭ് ഷെട്ടി എക്സില്‍ കുറിച്ചു. വിക്രമിന്‍റെ പുതിയ ചിത്രമായ തങ്കലാന്‍റെ പ്രമോഷന്‍ പരിപാടികള്‍ക്കായി ബെംഗളൂരുവിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
വിക്രമിനൊപ്പം സെല്‍ഫി എടക്കുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ഋഷഭ് എക്സ് പോസ്റ്റില്‍ പങ്കുവെച്ചു. തന്നെ പോലെയുള്ള നടന്മാര്‍ക്ക് എന്നും പ്രചോദനമായതിന് വിക്രമിന് നന്ദി പറയുന്നുവെന്നും ഋഷഭ് കുറിച്ചു.
"നടനാവാനുള്ള എന്റെ യാത്രയിൽ എപ്പോഴും പ്രചോദനമായിരുന്നത് വിക്രം സാർ ആയിരുന്നു. 24 വർഷത്തെ കാത്തിരിപ്പിനുശേഷം എന്റെ ആരാധനാമൂർത്തിയെ ഇന്ന് നേരിൽക്കാണുമ്പോൾ തോന്നുന്നത് ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി ഞാനാണെന്നാണ്. എന്നെപ്പോലുള്ള നിരവധി നടന്മാർക്ക് പ്രചോദനമാകുന്നതിന് നന്ദി. തങ്കലാന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ലവ് യു." ഡ്രീം കം ട്രൂ എന്ന ഹാഷ്ടാഗിനൊപ്പം ഋഷഭ് കുറിച്ചു.
വമ്പന്‍ വിജയമായി മാറിയ കാന്താരയുടെ പ്രീക്വല്‍' കാന്താര: എ ലെജന്‍ഡ്-ചാപ്റ്റര്‍ 1 'എന്ന സിനിമയുടെ ജോലികളിലാണ് ഇപ്പോള്‍ ഋഷഭ് ഷെട്ടി. ദക്ഷിണ കര്‍ണാടകയിലെ പഞ്ചുരുളി ദൈവക്കോലങ്ങളുടെ കഥ പറഞ്ഞ സിനിമയുടെ സംവിധാനവും ഋഷഭ് ഷെട്ടി തന്നെയാണ് നിര്‍വഹിക്കുന്നത്. വലിയ ബജറ്റില്‍ ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലാണ് ഒരുങ്ങുന്നത്.
കര്‍ണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്‍റെ കഥയെ ആസ്പദമാക്കി ഒരുക്കിയ വിക്രമിന്‍റെ തങ്കലാന്‍ ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഒരോ അഭിനേതാക്കളും തങ്കലാനില്‍ എത്തുന്നത്. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കിരണ്‍, മുത്തുകുമാര്‍, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാസംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കെ.യു. ഉമാദേവി, അറിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തങ്കലാന്‍ റിലീസ് ചെയ്യും.