പാ രഞ്ജിത്തിന്‍റെ വാക്കുകളെ നിറകണ്ണുകളോടെയാണ് വിക്രം വേദിയില്‍ കേട്ടിരുന്നത്
കഥാപാത്രത്തിന്‍റെ പൂര്‍ണതക്കായി ഏത് വിധേനയും പരിശ്രമിക്കുന്ന നടനാണ് ചിയാന്‍ വിക്രം. സിനിമകളിലെ വിവിധ ഗെറ്റപ്പുകള്‍ക്കായി വിക്രം തന്‍റെ ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇതിനടോകം ചര്‍ച്ചയായിട്ടുണ്ട്. പിതാമകന്‍, അന്യന്‍, ഐ തുടങ്ങിയ സിനിമകളിലെ വിക്രമിന്‍റെ പ്രകടനം ഇത്തരത്തില്‍ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തങ്കലാന് വേണ്ടി വിക്രം നടത്തിയ മേക്കോവറും ഷൂട്ടിങ് സമയത്ത് അനുഭവിച്ച വെല്ലുവിളികളെ കുറിച്ചുമുള്ള സംവിധായകന്‍ പാ രഞ്ജിത്തിന്‍റെ വാക്കുകളാണ് ചര്‍ച്ചയായിരിക്കുന്നത്.
ALSO READ : 'പാ രഞ്ജിത്ത് സിനിമകളുടെ രാഷ്ട്രീയം അസമത്വത്തിനെതിരായ പോരാട്ടമാണ്': പാര്‍വതി തിരുവോത്ത്
'ഒരു സങ്കീര്‍ണമായ ആക്ഷന്‍ രംഗം റീ ഷൂട്ട് ചെയ്യേണ്ട സ്ഥിതി ചിത്രീകരണത്തിനിടെ ഉണ്ടായി. വാരിയെല്ല് പൊട്ടി കടുത്ത വേദന അനുഭവിച്ചിരുന്ന ഘട്ടത്തിലും വിക്രം സര്‍ ആ സീന്‍ ചെയ്യാന്‍ തയാറായി. എനിക്ക് അദ്ദേഹത്തിന്‍റെ മുഖത്തേക്ക് നോക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഓരോ ഷോട്ട് കഴിയുമ്പോഴും സഹായികളെ വിട്ട് അദ്ദേഹത്തിന് ഓക്കെ ആണോ എന്ന് ചോദിച്ചിരുന്നു. ഞാന്‍ മനസില്‍ കണ്ട തങ്കലാന്‍റെ രൂപത്തിനായി അദ്ദേഹം അത്രത്തോളം പരിശ്രമിച്ചു. ഒരു സംവിധായകന്‍ എന്ന നിലയില്‍ അങ്ങയെ എനിക്ക് ബുദ്ധിമുട്ടിക്കേണ്ടി വന്നു. ഈ സിനിമയ്ക്ക് വിക്രം സര്‍ നല്‍കിയ പരിശ്രമത്തിന് ഈ സിനിമ ഒരു വിജയമാക്കി അദ്ദേഹത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- പാ രഞ്ജിത്ത് പറഞ്ഞു.
പാ രഞ്ജിത്തിന്‍റെ വാക്കുകളെ നിറകണ്ണുകളോടെയാണ് വിക്രം വേദിയില്‍ കേട്ടിരുന്നത്.
കര്‍ണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്‍റെ കഥയെ ആസ്പദമാക്കി ഒരുക്കിയ തങ്കലാന്‍ ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും. വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഒരോ അഭിനേതാക്കളും തങ്കലാനില്‍ എത്തുന്നത്. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കിരണ്‍, മുത്തുകുമാര്‍, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : 'പൊതുവെ സെറ്റില്‍ ദേഷ്യപ്പെടാറില്ല, പക്ഷെ തങ്കലാനില്‍ പിടിവിട്ടുപോയി'; പാ രഞ്ജിത്ത്
അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാസംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തങ്കലാന്‍ റിലീസ് ചെയ്യും.