കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ സ്വപ്നമായിരുന്ന 'രണ്ടാമൂഴം' സിനിമയുടെ ചിത്രീകരണം ഈ വർഷം തന്നെ തുടങ്ങുമെന്ന് മകൾ അശ്വതി. മാർച്ച് മാസത്തിന് മുൻപ് തന്നെ സിനിമയുടെ സംവിധായകനേയും താരങ്ങളേയും വെളിപ്പെടുത്തും. പ്രൊഡക്ഷൻ ഹൗസുമായി കരാറിൽ ഒപ്പിട്ട് കഴിഞ്ഞെന്നും അശ്വതി ന്യൂസ് മലയാളത്തോട് പറഞ്ഞു. 'രണ്ടാമൂഴം' ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് ടീമിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ തനിക്ക് പുറത്തുവിടാൻ സാധിക്കില്ലെന്ന് അശ്വതി മറുപടി നൽകി.
പാൻ ഇന്ത്യൻ സിനിമയായി, ലോക നിലവാരത്തിലായിരിക്കും 'രണ്ടാമൂഴം' ഒരുക്കുക എന്ന് അശ്വതി നേരത്തെ തന്നെ പറഞ്ഞിരുന്നു. വലിയ പ്രോജക്ട് ആയിട്ടാണ് 'രണ്ടാമൂഴം' ചെയ്യുന്നത്. അതുകൊണ്ടുതന്നെ സമയമെടുക്കും. വളരെ കൃത്യതയോടെ കൂടി സൂക്ഷിച്ചാണ് ചെയ്യുന്നതെന്നും അശ്വതി അറിയിച്ചിരുന്നു.
'രണ്ടാമൂഴം' സിനിമയായി കാണണമെന്ന സ്വപ്നം യാഥാർഥ്യമായി കാണാൻ സാധിക്കാതെയാണ് 2024 ഡിസംബർ 25ന് എംടി വിടവാങ്ങിയത്. ഇതേ ഡിസംബർ മാസത്തിലാണ് 41 വർഷങ്ങൾക്ക് മുൻപ് രണ്ടാമൂഴത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നതും. എംടി സ്വന്തം കൈപ്പടയില്‍ എഴുതിവച്ച 'രണ്ടാമൂഴം' തിരക്കഥ സിനിമയാക്കാന്‍ പ്രമുഖ സംവിധായകരടക്കം പലതവണ സമീപിച്ചെങ്കിലും ആ ചർച്ചകൾ എല്ലാം പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. സംവിധായകൻ വി.എ. ശ്രീകുമാർ മേനോനെ സംവിധായകനായി എംടി തെരഞ്ഞെടുത്തിരുന്നു. എന്നാൽ, പിന്നീട് ഇത് വലിയ തർക്കങ്ങളിലും കോടതി വ്യവഹാരങ്ങളിലുമാണ് അവസാനിച്ചത്. ഒടുവിൽ എം.ടി തിരക്കഥ തിരികെ വാങ്ങിയിരുന്നു.
മഹാഭാരതത്തിലെ ഭീമസേനന് നായകപരിവേഷം നൽകി എംടി രചിച്ച 'രണ്ടാമൂഴം' ഇന്നും മലയാളികളുടെ ഇഷ്ട നോവലാണ്. വ്യാസന്റെ മൗനങ്ങൾക്ക് ശബ്ദം നൽകുകയായിരുന്നു നോവലിൽ എംടി. അദ്ദേഹത്തിന്റെ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന നോവലുകളിൽ ഒന്നും ഇതാണ്.