'മമ്മൂട്ടി ചോദിച്ചു; നിന്റെ പുതിയ പടത്തില്‍ പാട്ടുണ്ടോ?'; ലജ്ജാവതിക്ക് കിട്ടിയ ആദ്യ ഫീഡ് ബാക്ക്; പിന്നാലെ ഡിസ്ട്രിബ്യൂട്ടര്‍ എത്തി

'ലജ്ജാവതിയേ...' ജൂക്ബോക്സില്‍ ഹിറ്റായതുകൊണ്ട് മാത്രമാണ് 'ഫോര്‍ ദ പീപ്പിളിന്' ഡിസ്ട്രിബ്യൂട്ടറെ കിട്ടിയത്.
Jassie Gift, 4 The People
ജാസി ഗിഫ്റ്റ്, ഫോര്‍ ദ പീപ്പിള്‍News Malayalam 24X7
Published on
Updated on

സമൂഹമാധ്യമങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് പിറവിയെടുത്തൊരു സിനിമാപ്പാട്ട്. ജൂക്ബോക്സിലും മെഡ്‌ലെയിലുമായി കേട്ടുകേട്ട് മനസ് കീഴടക്കിയ പാട്ട്. കേരളത്തിലെ തീയേറ്ററുകളിലെ സ്ക്രീനിനു മുന്നില്‍ ആളുകളെ നൃത്തം ചവിട്ടിച്ച പാട്ട്. രണ്ട് പതിറ്റാണ്ടുകള്‍ കഴിയുമ്പോഴും ആ പാട്ടിന്റെ ഫ്രഷ്നസ് നഷ്ടപ്പെട്ടിട്ടില്ല. ഉത്സവപ്പറമ്പുകളിലും ആഘോഷവേദികളിലും പുതുതലമുറയെ കൂടി ആടാന്‍ പ്രേരിപ്പിക്കുന്നു, 'ലജ്ജാവതിയേ...' എന്ന പാട്ട്. കൈതപ്രത്തിന്റെ വരികളില്‍, ജാസി ഗിഫ്റ്റ് എന്ന സംഗീത മാന്ത്രികന്‍ സൃഷ്ടിച്ച പുതുതലമുറയുടെ ആഘോഷതാളം. മലയാള സിനിമാസംഗീതത്തിന് ജാസി നല്‍കിയ ഗിഫ്റ്റ്.

ഒരുപറ്റം ചെറുപ്പക്കാര്‍ സമൂഹത്തിലെ അനീതിക്കെതിരെ പോരാടുന്ന ചിത്രം, അതായിരുന്നു 'ഫോര്‍ ദി പീപ്പിള്‍'. ചിത്രത്തിലെ പാട്ടുകളും പുതിയ തലമുറയോടു ചേര്‍ന്നു നില്‍ക്കുന്നതാകണം എന്ന ചിന്തയാണ് സംവിധായകനായ ജയരാജിനെ പുതിയ സംഗീത സംവിധായകനെ പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ജാസി ഗിഫ്റ്റിലേക്ക് എത്തുന്നത്. അനിയന്‍ മഹേഷ് രാജിലൂടെയാണ് ജയരാജ് ജാസിയെ അറിയുന്നത്. "തിരുവനന്തപുരത്ത് ഹോട്ടലുകളില്‍ വൈകിട്ട് പാട്ട് പാടുന്ന ഗായകന്‍. നന്നായി പാടും. ആ പാട്ട് കേള്‍ക്കാന്‍ വേണ്ടി മാത്രം സൗത്ത് പാര്‍ക്കില്‍ ആളുകള്‍ ഭക്ഷണം കഴിക്കാന്‍ വരാറുണ്ട്. സംഗീതത്തില്‍ അത്രമാത്രം ടാലന്റ് ഉണ്ട്" എന്നായിരുന്നു മഹേഷ് ജാസിയെ പരിചയപ്പെടുത്തിയത്. അങ്ങനെ, ജാസിയെ 'ബീഭത്സ' എന്ന ഹിന്ദി ചിത്രത്തില്‍ ജയരാജ് പരീക്ഷിച്ചു. ഒരു പാട്ടും, ബിജിഎമ്മുമാണ് ജാസി 'ബീഭത്സ'ക്കായി ചെയ്തത്. പാട്ട് കേട്ടപ്പോള്‍, അതില്‍ വ്യത്യസ്തമായൊരു ശബ്ദം ജയരാജ് ശ്രദ്ധിച്ചു, റെഗെ, റാപ്പ് പോലെ ഒന്ന്. "ആരാണത്?" ജയരാജ് ചോദിച്ചു. "സാറേ, വേണേല്‍ മാറ്റാം. അത് എന്റെ ശബ്ദമാണ്"-എന്നായിരുന്നു ജാസിയുടെ മറുപടി. "മാറ്റാനല്ല, അത് റിപ്പീറ്റ് ചെയ്യണം. അത് കേള്‍ക്കാന്‍ രസമുണ്ട്" -ജയരാജ് പറഞ്ഞു. അങ്ങനെ ആ പാട്ടില്‍ ജാസിയുടെ ശബ്ദം രണ്ടുമൂന്ന് തവണ റിപ്പീറ്റ് ചെയ്തു. ആ ശബ്ദത്തിനും പാട്ടിനും വളരെ പ്രത്യേക തോന്നി.

സംഗീതം - ജാസി ഗിഫ്റ്റ്

ജാസിയെ തന്നെ ഫോര്‍ ദി പീപ്പിളിന് സംഗീതം ചെയ്യാന്‍ ജയരാജ് ക്ഷണിച്ചു. കഥയും, സിറ്റുവേഷനുമൊക്കെ ജാസിക്ക് വിവരിച്ചു നല്‍കി. "വളരെ വൈബ്രന്റ് ആയ മ്യൂസിക്ക് ആയിരിക്കണം. റെഗെയും റാപ്പുമൊക്കെ ചേര്‍ന്ന പുതിയ സംഗീതം വേണം. ഏറ്റവും പുതിയ സംഗീത അനുഭവമായിരിക്കണം പാട്ടുകള്‍. എന്ത് സ്വാതന്ത്ര്യം വേണമെങ്കിലും എടുക്കാം" -എന്നിങ്ങനെയായിരുന്നു ജയരാജ് ജാസിക്കു മുന്നില്‍വച്ച നിര്‍ദേശങ്ങള്‍. ഒരു മാസം കഴിഞ്ഞപ്പോള്‍, ജാസി ജയരാജിനെ വിളിച്ചിട്ടു പറഞ്ഞു: "ഈണമൊക്കെ റെഡിയായിട്ടുണ്ട്. ഒന്ന് കേട്ടുനോക്കണം". ജാസി വിളിച്ചതനുസരിച്ച് ജയരാജ് എറണാകുളത്ത് എത്തി. സ്വന്തം വോക്ക്‌മാനില്‍ പാട്ടുവെച്ച്, ഹെഡ്ഫോണ്‍ ജയരാജിന് കൈമാറിയിട്ട് ജാസി മാറിനിന്നു. പാട്ട് ഇഷ്ടപ്പെടുമോ എന്നൊരു പരിഭ്രമം ജാസിയുടെ മുഖത്ത് പ്രകടമായിരുന്നു.

പാട്ടുകള്‍ എന്ന് പറയാനാവില്ല. ലിറിക്സ് ആയിട്ടുണ്ടായിരുന്നില്ല. മ്യൂസിക് മൂഡ് ക്രിയേറ്റ് ചെയ്യുന്ന രീതിയില്‍ ജാസി തന്നെ ഈണങ്ങള്‍ മൂളിയിരിക്കുകയാണ്. ഒറ്റ കേള്‍വിയില്‍ തന്നെ എല്ലാ ട്യൂണും ജയരാജിന് ഇഷ്ടപ്പെട്ടു. ഈണങ്ങളെല്ലാം കേട്ടുകഴിഞ്ഞ് ഹെഡ്‌ഫോണ്‍ ഊരുമ്പോള്‍, ജാസി സംശയത്തോടെ നോക്കി. "സാര്‍, എന്തെങ്കിലും മാറ്റണോ" എന്നായിരുന്നു ജാസിയുടെ പരിഭ്രമം കലര്‍ന്ന വാക്കുകള്‍. എല്ലാം ഓകെയാണ് എന്ന് ജയരാജ് മറുപടി പറയുമ്പോള്‍, ജാസി എക്സൈറ്റഡ് ആയി. ആദ്യ പരീക്ഷണം, ആദ്യ സംഗീത സംവിധാനം. അങ്ങനെ തൃപ്പൂണിത്തുറ പൂജ സ്റ്റുഡിയോയില്‍ ജാസി പാട്ടൊരുക്കം തുടങ്ങി. കൈതപ്രം വരികളില്‍ മായാജാലം തീര്‍ത്തു. ജാസി തന്നെ പാട്ടുകളുടെയെല്ലാം ട്രാക്ക് പാടി.

Jassie Gift, 4 The People
യേശുദാസ്; മലയാളികള്‍ ഇന്നും പഴഞ്ചനായിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരേയൊരു കാര്യം

ആദ്യ ഫീഡ് ബാക്ക്

പുതുമുഖങ്ങള്‍ നിറഞ്ഞ സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ ജയരാജും നിര്‍മാതാവ് സാബു ചെറിയാനും വല്ലാതെ ബുദ്ധിമുട്ടി. ചിത്രം എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്നുപോലും നിശ്ചയമില്ലാത്ത അവസ്ഥയിലായി ഇരുവരും. ഗൗതം വാസുദേവ് മേനോന്‍-സൂര്യ ചിത്രം കാക്ക... കാക്കയുടെ ക്യാമറ ചെയ്ത ആര്‍.ഡി. രാജശേഖറിനെയും എഡിറ്ററായിരുന്ന ആന്റണിയെയുമാണ് ജയരാജ് ഫോര്‍ ദ പീപ്പിള്‍ ഏല്‍പ്പിച്ചത്. സിനിമ ഇറങ്ങാനുള്ള തീരുമാനം ആകുന്നതിനുള്ള ഗ്യാപ്പില്‍, ആന്റണി സ്റ്റുഡിയോയിലെത്തി ഒരു പാട്ട് എഡിറ്റ് ചെയ്തു. അതായിരുന്നു ലജ്ജാവതി. ആ പാട്ട് ജൂക്ബോക്സില്‍ റിലീസ് ചെയ്തു. അതവിടെ കഴിഞ്ഞു.

പിന്നീടൊരു ദിവസം, എറണാകുളത്ത് മമ്മൂട്ടിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള മൈലാഞ്ചി കല്യാണത്തില്‍ പങ്കെടുക്കാന്‍ ജയരാജ് എത്തി. അപ്പോഴാണ് മമ്മൂട്ടിയുടെ ചോദ്യം. "എടാ, നിന്റെ പുതിയ പടത്തില്‍ പാട്ടുണ്ടോ?". മമ്മൂട്ടി ഏത് പാട്ടാണ് ഉദ്ദേശിച്ചതെന്ന് അറിയാതെ ജയരാജ് കുഴങ്ങി. മമ്മൂട്ടി തുടര്‍ന്നു; "മകള്‍ ജൂക്ബോക്സില്‍ കണ്ടിട്ട് പറഞ്ഞു. ഭയങ്കര ഡിഫറന്റ് ആയിരിക്കുന്നു. വളരെ മനോഹരമായിരിക്കുന്നു". ലജ്ജാവതിക്ക് കിട്ടിയ ആദ്യ ഫീഡ് ബാക്ക് ആയിരുന്നു അത്. വിവാഹവേദിയില്‍ ലജ്ജാവതിയേ... ആവര്‍ത്തിച്ചു മുഴങ്ങി. ജയരാജിനാകെ സംശയമായി. ഇതെങ്ങനെ പോപ്പുലറായി. ജയരാജ് ഇക്കാര്യം സാബുവിനോടും പങ്കുവച്ചു. പിന്നെ പലരും ജൂക്ക്ബോക്സ് കണ്ടിട്ട് വിളിക്കാന്‍ തുടങ്ങി. 'ആരാണ് അത് ചെയ്തത്?. ആരുടേതാണ് ആ ശബ്ദം?' എന്നിങ്ങനെ അന്വേഷണങ്ങള്‍ തുടങ്ങി. 'മലയാളത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത, പ്രത്യേകതയുള്ള ശബ്ദം' എന്നിങ്ങനെ അഭിപ്രായങ്ങള്‍ വന്നു. പാട്ട് ശ്രദ്ധിക്കപ്പെടുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. എന്നാല്‍, ഇത്ര വലിയ ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ലജ്ജാവതി കൊണ്ടുവന്ന ഡിസ്ട്രിബ്യൂട്ടര്‍

'ലജ്ജാവതിയേ...' ജൂക്ബോക്സില്‍ ഹിറ്റായതുകൊണ്ട് മാത്രമാണ് 'ഫോര്‍ ദ പീപ്പിളിന്' ഡിസ്ട്രിബ്യൂട്ടറെ കിട്ടിയത്. ഒരു ക്രിസ്മസ് കാലത്താണ് പാട്ട് ഹിറ്റാകുന്നത്. പടം റിലീസ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനം പോലും ആകാത്ത കാലത്ത്, ക്രിസ്മസ് എങ്ങനെ ആഘോഷിക്കണം എന്നുപോലും അറിയാതെ ജയരാജും സാബുവും ഇരിക്കുമ്പോഴാണ് ജോണി സാഗരിക എത്തുന്നത്. ചിത്രത്തിലെ പാട്ടുകള്‍ ചെറിയ പൈസയ്ക്ക് എടുത്തോളാം എന്നായിരുന്നു ജോണിയുടെ ഓഫര്‍. അന്ന് കിട്ടിയ 10,000 രൂപ ജയരാജും സാബുവും പങ്കുവച്ചു. അഡ്വാന്‍സ് വാങ്ങുമ്പോള്‍, ജയരാജ് ജോണിയോട് ഒരു കാര്യം പറഞ്ഞിരുന്നു; "പാട്ടുകള്‍ ഹിറ്റാകും, പടവും ഹിറ്റാകും. ഭാവിയില്‍ എന്തെങ്കിലും നേട്ടമുണ്ടായാല്‍, ഞങ്ങള്‍ക്കും കൂടി എന്തെങ്കിലും തരണം". ജോണി അക്കാര്യം സമ്മതിക്കുകയും ചെയ്തു. അങ്ങനെ പാട്ട് എടുക്കാന്‍ വന്ന ജോണി സാഗരിക ഫോര്‍ ദ പീപ്പിളിന്റെ ഡിസ്ട്രിബ്യൂട്ടറായി. ബാക്കിയെല്ലാം ചരിത്രം. 40 ലക്ഷം ചെലവിട്ട ചിത്രം മൂന്ന് കോടി നേടി. ആ വര്‍ഷം ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ ചിത്രമായി 'ഫോര്‍ ദ പീപ്പിള്‍' മാറി.

Jassie Gift, 4 The People
ജാസി ഗിഫ്റ്റ്, നഞ്ചിയമ്മ, വേടന്‍.... ഈ കുറ്റംപറച്ചിലുകളൊന്നും അത്ര നിഷ്‌കളങ്കമല്ല

പാടാന്‍ ആളെ അന്വേഷിച്ച് ജാസി

ജാസി പാടിയ ലജ്ജാവതിയുടെ ട്രാക്ക് വച്ചാണ് ജയരാജ് ഷൂട്ടിങ് പ്ലാന്‍ ചെയ്തത്. കുട്ടനാട്ടിലായിരുന്നു ഷൂട്ടിങ്. ഭരതും ഗോപികയും ഡാന്‍സ് ചെയ്യുന്നതും, പൂക്കള്‍, കഥകളി, മോഹിനിയാട്ടം എന്നിങ്ങനെ എല്ലാം കായലില്‍ വള്ളത്തിലാണ് സെറ്റ് ചെയ്തത്. കേരളത്തിന്റെ ബിംബങ്ങളെല്ലാം വന്നുപോകുന്ന പാട്ട് ഒരു ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. ക്യാമറാമാന്‍ രാജശേഖറും ഭരതും 'ട്രാക്ക് അതിഗംഭീരമാണെന്ന്' അഭിപ്രായപ്പെട്ടു. ഷൂട്ടിങ്ങിനെത്തിയ മറ്റു ആര്‍ട്ടിസ്റ്റുകളും, അവിടെ വള്ളവുമായി വന്നവരും ഉള്‍പ്പെടെ എല്ലാവരും ചോദിച്ചത്. ട്രാക്കില്‍ കേള്‍ക്കുന്ന ശബ്ദത്തെക്കുറിച്ചായിരുന്നു. എല്ലാവര്‍ക്കും ട്രാക്ക് ഇഷ്ടപ്പെട്ടു. പക്ഷേ, കേള്‍ക്കുന്നവരൊക്കെ നല്ലതെന്ന് പറഞ്ഞിട്ടും, ജാസി മാത്രം വേറെ ആരെയെങ്കിലും കൊണ്ട് പാടിക്കാം എന്ന തീരുമാനത്തിലായിരുന്നു. കാര്‍ത്തിക്കിനെ കൊണ്ട് പാടിക്കാന്‍ വേണ്ടി ജാസി തമിഴ്‌നാട്ടില്‍ പോയ സമയത്തായിരുന്നു സോങ് ഷൂട്ടിങ് നടന്നത്. 'ഈ പാട്ട് ജാസിയുടെ ശബ്ദത്തില്‍ തന്നെയാണ് വരാന്‍ പോകുന്നത്. ഇത് മാത്രല്ല, എല്ലാ പാട്ടുകളും ജാസിയുടെ ശബ്ദത്തിലേ വരൂ' എന്ന് ജയരാജ് അപ്പോഴേക്കും തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. കാര്‍ത്തിക്കിനെക്കൊണ്ട് ലജ്ജാവതിയും, അന്നക്കിളിയും പാടിച്ചിരുന്നെങ്കിലും, പിന്നീട് ജാസിയുടെ ശബ്ദം തന്നെ ഉറപ്പിക്കുകയായിരുന്നു.

Jassie Gift, 4 The People
ഇറോട്ടിക്ക് സീനിന് ക്ലാസിക്കല്‍ ഈണം; രാംഗോപാല്‍ വര്‍മയെ ഞെട്ടിച്ച റഹ്‌മാന്‍

ആദ്യം വിമര്‍ശനം, പിന്നെയുള്ളത് ചരിത്രം

തന്റെ ശബ്ദം അംഗീകരിക്കപ്പെടുമോ എന്ന ഭയം ജാസിക്ക് ഉണ്ടായിരുന്നു. അങ്ങനെ തന്നെയായിരുന്നു ആദ്യ പ്രതികരണങ്ങള്‍. സംഗീതമെന്ന് പറഞ്ഞ് എന്താണ് കാണിച്ചുവച്ചിരിക്കുന്നതെന്നും, ആരാണ് ഇങ്ങനെയൊക്കെ പാടുന്നതെന്നും കടുത്ത വിമര്‍ശനങ്ങള്‍ തന്നെ ഉയര്‍ന്നു. നിറവും രൂപവുമൊക്കെ പറഞ്ഞുള്ള കടുത്ത അധിക്ഷേപങ്ങള്‍ക്കും ജാസി ഇരയായി. 'ശുദ്ധസംഗീതവാദികള്‍' അരയും തലയും മുറുക്കി പടവാളോങ്ങിയിട്ടും, ജാസിയുടെ സംഗീതത്തിന് കോട്ട കെട്ടാനായില്ല. പതുക്കെ പതുക്കെ ആ സംഗീതം ഹൃദയങ്ങള്‍ കീഴടക്കി. മലയാള സിനിമാ സംഗീതം ലജ്ജാവതിക്ക് മുമ്പും ശേഷവും എന്ന് അടയാളപ്പെടുത്തപ്പെട്ടു. ലജ്ജാവതി മലയാളവും കടന്ന് ഹിറ്റായി. ഫോര്‍ ദ പീപ്പിള്‍ മറുഭാഷയിലെത്തിയപ്പോഴും അത് തുടര്‍ന്നു.

ഓര്‍മകളും ഇഷ്ടവുമൊക്കെ ചേര്‍ത്തുവച്ചാണ് കൈതപ്രം ലജ്ജാവതിക്ക് വരികളെഴുതിയത്. പ്രത്യേക ജോണര്‍ ഇല്ലാതെ, മള്‍ട്ടിപ്പിള്‍ ലയര്‍ ഉള്ള പാട്ടായിരുന്നു ലജ്ജാവതി. നാടന്‍ വരികള്‍ക്കൊപ്പം വെസ്റ്റേണ്‍ മിക്സ്. അപ്പാച്ചെ ഇന്ത്യന്റെ സംഗീതത്തോടു ചേര്‍ന്നുപോകുന്ന ലജ്ജാവതിയില്‍ റെഗെ, റാപ്പ്, ഫങ്ക്, ഫോക്, ഡപ്പാംകൂത്ത്, ഇലക്ട്രോണിക് സൗണ്ട്സ്, പോപ് സോങ് ഇലമെന്റ്സ്, ചെണ്ട ഉള്‍പ്പെടെ ട്രഡീഷണല്‍ റിഥം, ബേസ് ഗിത്താറിന്റെ ഡിസ്റ്റോര്‍ട്ട് വേര്‍ഷന്‍ ഉള്‍പ്പെടെ പരീക്ഷണങ്ങളുമുണ്ട്. ഗായകന്‍ ഷാനാണ് തുടക്കത്തിലെ ആലാപ് പാടിയത്.

ലജ്ജാവതി ഹിറ്റായതോടെ, പടത്തിന്റെ പ്രൊമോഷനും ആ രീതിയില്‍ തന്നെയാണ് ചെയ്തത്. തീയേറ്ററില്‍ ലജ്ജാവതി പാട്ടിന് സ്ക്രീനിനു മുന്നിലെത്തി ആളുകള്‍ ഡാന്‍സ് ചെയ്തിരുന്നു. ചിത്രം അവസാനിച്ചശേഷം, 'ലജ്ജാവതി നിങ്ങള്‍ക്ക് ഒന്നുകൂടി കേള്‍ക്കണമോ?' എന്ന ജാസിയുടെ ചോദ്യത്തിനൊപ്പം പാട്ട് ഒന്നുകൂടി പ്ലേ ചെയ്തു. അപ്പോഴും ആളുകള്‍ ഡാന്‍സ് ചെയ്തു. അടുത്ത ഷോയ്ക്കുള്ള ആളുകള്‍ കയറിവരുമ്പോഴും, പടം കഴിഞ്ഞ് പുറത്തിറങ്ങുന്നവരും ഡാന്‍സ് ചെയ്യുന്ന സ്ഥിതി. ഇതോടെ, ചിത്രം കണ്ടു കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് ലജ്ജാവതിക്കൊപ്പം ഡാന്‍സ് ചെയ്യാനുള്ള സംവിധാനം തീയേറ്ററുകളില്‍ ഒരുക്കിയിരുന്നു. 22 വര്‍ഷം കഴിഞ്ഞിട്ടും ആ നൃത്തം തുടരുകയാണ്. റീല്‍സില്‍, സമൂഹമാധ്യമങ്ങളില്‍, ഉത്സവപ്പറമ്പുകളില്‍, ആഘോഷവേദികളില്‍... എല്ലായിടത്തും ലജ്ജാവതി പകരുന്ന എനര്‍ജി വേറെ ലെവലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com