2022 സെപ്റ്റംബറിലാണ് ഋഷഭ് ഷെട്ടി നായകനായി എത്തിയ 'കാന്താര' പ്രേക്ഷകരിലേക്ക് എത്തുന്നത്. 'ഭൂത കോല' എന്ന കര്‍ണാടകയിലെ നാടോടികഥകളിലും ആചാരങ്ങളിലും വേരൂന്നിയ പാരമ്പര്യത്തെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ആഘോഷമാക്കുകയായിരുന്നു ആ ചിത്രം ചെയ്തത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കാന്താര' ദേശീയ തലത്തില്‍ പ്രേക്ഷക - നിരൂപക പ്രശംസ നേടി. 'കാന്താര'യ്ക്ക് റിലീസിന് ശേഷം ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. ആഗോള തലത്തില്‍ 400 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. അതുകൊണ്ട് തന്നെ 2023 നവംബറില്‍ 'കാന്താര : ചാപ്റ്റര്‍ 1' എന്ന പ്രീക്വലും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു.
ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പോസ്റ്റര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് പുറത്തുവിട്ടിരിക്കുകയാണ്. 'ഇതിഹാസങ്ങള്‍ പിറക്കുന്നത് ഇടം', എന്ന കുറിപ്പോടെയാണ് നിര്‍മാതാക്കള്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമ ഒക്ടബോര്‍ 2 2025ന് തിയേറ്ററിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
'കാന്താര ചാപ്റ്റര്‍ 1'ന്റെ ചിത്രീകരണ സമയത്ത് വനം വകുപ്പില്‍ നിന്നുള്ള നോട്ടീസ് മുതല്‍ ബോട്ട് അപകടം വരെ നീണ്ടു നിന്ന പ്രതിസന്ധികള്‍ നിര്‍മാതാക്കളും അണിയറ പ്രവര്‍ത്തകരും നേരിട്ടിരുന്നു. ഇതെല്ലാം ചിത്രീകരണത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചിത്രം ഒക്ടോബറില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചു.
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ 'കാന്താര' മികച്ച നടനുള്ള അവാര്‍ഡ് ഋഷഭ് ഷെട്ടിക്ക് നേടിക്കൊടുത്തു. അതോടൊപ്പം മികച്ച ജനപ്രിയ ചിത്രമായും 'കാന്താര' അംഗീകരിക്കപ്പെട്ടു. ദേശീയ, അന്തര്‍ദേശീയ വിദഗ്ധരെ ഉള്‍പ്പെടുത്തി 'കാന്താര ചാപ്റ്റര്‍ 1'-നായി നിര്‍മാതാക്കള്‍ വിപുലമായ ഒരു യുദ്ധരംഗം ഒരുക്കിയിട്ടുണ്ട്. 3000ത്തോളം പേര്‍ ഉള്‍പ്പെടുന്ന ഈ സീനില്‍ 500 ലധികം പേരും യഥാര്‍ത്ഥ പോരാളികളാണ്.