ഋത്വിക് ഘട്ടക്, വിഭജനത്താൽ മുറിപ്പെട്ട കലാകാരൻ

1925 നവംബർ നാലിന് അവിഭക്ത ഇന്ത്യയിൽ ധാക്കയിലാണ് ഘട്ടക്കിന്റെ ജനനം
ഋത്വിക് ഘട്ടക്
ഋത്വിക് ഘട്ടക്Source: News Malayalam 24x7
Published on

അയാൾ പരവതാനികളിലൂടെ നടന്നിട്ടില്ല. മുടി സുന്ദരമായി ചീകിയൊതുക്കി കാണാറില്ല. ഉള്ളിൽ തട്ടിയില്ലെങ്കിൽ ചിരിക്കില്ല, കരയാറുമില്ല. കൽക്കത്തയിലെ തെരുവുകളുടെ ഭൂപടം അയാളുടെ കാൽവെള്ളയിൽ പതിഞ്ഞിരുന്നു. അയാൾ കൊണ്ടു നടന്ന ഗന്ധം വിയർപ്പിന്റെയോ കള്ളിന്റെയോ, അൽപ്പം മുൻപ് വലിച്ചെറിഞ്ഞ ബീഡിയുടേയോ? അതോ പച്ചമണ്ണിന്റെയോ? പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു കൊച്ചുപെൺകുട്ടി അയാളെ പേരെടുത്തു വിളിച്ചു. ഓടി ചെന്നതും അവൾ പദ്മയ്ക്ക് മറുകരെ മറഞ്ഞു. അപ്പോഴും, ഇപ്പോഴും അവൾ അയാളെ വിളിക്കുന്നത് കേൾക്കാം- അമർ ഋത്വക്, അമർ ഋത്വിക് ഘട്ടക്!

2025, ഋത്വിക് ഘട്ടക്കിന്റെ നൂറാം ജൻമവാർഷികമാണ്. 1925 നവംബർ നാലിന് അവിഭക്ത ഇന്ത്യയിൽ ധാക്കയിലാണ് ഘട്ടക്കിന്റെ ജനനം. സാഹിത്യ പാരമ്പര്യമള്ള കുടുംബം. അച്ഛൻ സുരേഷ് ചന്ദ്ര ഘട്ടക് കവിയും നാടകകൃത്തുമായിരുന്നു. സഹോദരൻ മനീഷും കവിയായിരുന്നു. ഇവരുടെ വഴിയെ ആണ് ഘട്ടക്കും നടന്നത്. എന്നാൽ ആ നടപ്പിന് കൃത്യമായ ദിശയുണ്ടായിരുന്നില്ല. നിരവധി ചരിത്രസംഭവങ്ങളിലൂടെ, അവ പാകിയ കനലിലൂടെയാണ് ഘട്ടക് നീങ്ങിയത്. 1943ലെ ബംഗാൾ ക്ഷാമം, 1947ലെ ബംഗാൾ വിഭജനം, 1947ലെ വർഗീയ കലാപം, അങ്ങനെ പലതും ഋത്വിക്കിലെ കലാകാരനെ ചുട്ടുപൊള്ളിച്ചു. പാകപ്പെടുത്തി.

യൗവനാരംഭത്തിൽ തന്നെ ഘട്ടക് കൽക്കത്തയിലേക്ക് കുടിയേറി. നഗരവുമായി അടുത്തിടപഴകാൻ ശ്രമിച്ചു. മകനെ ഒരു ഇൻകം ടാക്സ് ഓഫീസർ ആക്കണമെന്നായിരുന്നു ഘട്ടക്കിന്റെ അച്ഛന്റെ ആഗ്രഹം. അവൻ പഠിച്ച് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ ഒരു ജോലിയും സമ്പാദിച്ചു. സാധാരണയിൽ സാധാരണമായ ഒരു ജീവിതം. പക്ഷേ, ബിജൻ ഭട്ടാചാര്യയുടെ 'നൊബന്ന' എന്ന നാടകം എല്ലാം മാറ്റിമറിച്ചു. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ, IPTAയുടെ ബാനറിൽ കളിച്ച ഈ നാടകം ഘട്ടക്കിന്റെ ചിന്താ​ഗതിയെ സ്വാധീനിച്ചു. 1948ൽ ഘട്ടക് IPTAയിൽ അം​ഗമായി. അതുവഴി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്തു.

ബം​ഗാൾ ക്ഷാമമായിരുന്നു 'നബന്ന'യുടെ പശ്ചാത്തലം. കഥാപാത്രങ്ങളെല്ലാം ക്ഷാമത്തിന്റെ ഇരകൾ. നാടകം മുന്നോട്ട് വച്ച മാർക്സിസ്റ്റ് ലോക വീക്ഷണം ഋത്വിക്കിൽ ചലനങ്ങളുണ്ടാക്കി. നാടകം ജനങ്ങളിലേക്ക് എത്താനുള്ള മാധ്യമമാണെന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് കാരണമാണ് ഒരു മാധ്യമത്തിൽ മാത്രം ഘട്ടക് ഒതുങ്ങി നിൽക്കാതിരുന്നത്. ജനങ്ങളിലേക്ക് എത്താനുള്ള കൂടുതൽ സാധ്യതകൾ തിരയുകയായിരുന്നു ആ കലാകാരൻ.

ഋത്വിക് ഘട്ടക്
സത്യജിത് റേ: ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം

1950കൾ വരെ ഒരു നടൻ എന്ന നിലയിലാണ് നമ്മൾ ഘട്ടക്കിനെ ​​​​IPTAയുടെ നാടകങ്ങളിൽ കാണുന്നത്. 1951ൽ ​​​​IPTAയുടെ സെൻട്രൽ കൽക്കത്ത ബ്രാഞ്ചിന്റെ ഇൻ ചാർജ് ആകുന്ന ഘട്ടക് നാടകങ്ങൾ എഴുതാൻ തുടങ്ങി. അദ്ദേഹം എഴുതിയ ജ്വാല, ദലിൽ, ശങ്കോ തുടങ്ങിയ നാടകങ്ങൾ ​​​​IPTAയുടെ ബാനറിൽ വേദിയിലെത്തി. IPTAയിൽ‌ സജീവമാകണമെന്ന് സിപിഐ ജനറൽ സെക്രട്ടറി പി.സി. ജോഷി ഘട്ടക്കിനോട് ആവശ്യപ്പെടുന്നതും ഇതേ കാലത്താണ്. സിപിഐ അന്ന് നിരോധിത സംഘടനയാണ്. സാംസ്കാരിക പ്രവ‍ർത്തനങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുകയായിരുന്നു പാർട്ടിയുടെ ലക്ഷ്യം. പാർട്ടിയുടെ സാസ്കാരിക മണ്ഡലത്തിലെ പ്രവ‍ർത്തനങ്ങൾക്ക് മാർ​ഗരേഖ എന്ന തരത്തിൽ തന്റെ വീക്ഷണങ്ങൾ ചേ‍ർത്തുവച്ച് 30ാം വയസിൽ ഘട്ടക് ഒരു പ്രബന്ധം തയ്യാറാക്കിയിരുന്നു, 'ഓൺ കൾച്ചറൽ ഫ്രണ്ട്'. എന്നാൽ, പാ‍ർട്ടി ആ സഖാവിന്റെ വീക്ഷണത്തെ ശരിയാം വിധം മനസിലാക്കിയില്ല. IPTAയിലും പടലപ്പിണക്കങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഘട്ടക്കിനെതിരെ സഹപ്രവർത്തക‍ർ 23 ഇന കുറ്റാരോപണങ്ങൾ നിരത്തി. വഞ്ചന മുതൽ മദ്യപാനം വരെ. ഘട്ടക്കിനെ പാ‍ർട്ടി അം​ഗത്വത്തിൽ നിന്ന് പുറത്താക്കി. അങ്ങനെ സ്റ്റാലിനിസ്റ്റുകൾക്ക് ആയാൾ ട്രോട്സ്കിയായി. ‘ഓൺ ദ കൾച്ചറൽ ഫ്രണ്ട്’ എന്ന ബദൽ രേഖ നീണ്ട 38 വർഷത്തിനുശേഷം പാർട്ടി ഓഫീസിലെ പൊടിപിടിച്ച കടലാസുകെട്ടുകൾക്കിടയിൽ നിന്ന് കണ്ടെത്തിയത് ബുദ്ധദേബ് ഭട്ടാചാര്യയാണ്. ആ രേഖയിന്മേൽ പിന്നീട് ചർച്ചകൾ നടന്നോ എന്ന് അറിയില്ല. ഘട്ടക്കിനേപ്പോലെ മറവിയുടെ ഇരുട്ടിൽ അദ്ദേഹത്തിന്റെ വാക്കുകളും പ്രതിധ്വനിച്ചു.

1951ലാണ് സിനിമ എന്ന മാധ്യമവുമായി ഇടപെടാൻ ഘട്ടക് തീരുമാനിക്കുന്നത്. ആദ്യം സംവിധാനം ചെയ്യുന്നത് താരാശങ്ക‍ർ ബന്ദോപാധ്യായയുടെ നാ​ഗിനി എന്ന ചെറുകഥയെ ആസ്പദമാക്കി ഒരു സിനിമയാണ്, ബേദിനി. നി‍ർമൽ ഡേയിൽ നിന്ന് സംവിധാനം ഘട്ടക്കിലേക്ക് എത്തുകയായിരുന്നു. പക്ഷേ, 20 ദിവസത്തെ ഷൂട്ടിന് ശേഷം സാങ്കേതിക തടസങ്ങൾ കാരണം സിനിമ മുടങ്ങി. അതിനുശേഷം, 1952ൽ ആണ് ഋത്വിക് ഘട്ടക് 'നാഗരിക്' എടുക്കുന്നത്. ഒരു നിയോ റിയലിസ്റ്റിക് സിനിമ. സത്യജിത് റേ 'പഥേ‍ർ പാഞ്ചാലി' എടുക്കുന്നതിനും മുൻപാണിതെന്ന് ഓർക്കണം. എന്നാൽ, 'പഥേർ പാഞ്ചാലി' ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും 'നാ​ഗരിക്' വെളിച്ചം കണ്ടില്ല. 1977ൽ ആണ് സിനിമ റിലീസ് ആകുന്നത്. അത് കാണാൻ പക്ഷേ, സംവിധായകനുണ്ടായിരുന്നില്ല.

ഋത്വിക് ഘട്ടക്
ഫുട്ബോൾ കളിക്കുന്ന, കഥകൾ എഴുതുന്ന കെ.പി. ഉമ്മറിനെ അറിയാമോ?

വിഭജനാനന്തര ബം​ഗാളിലെ ദാരിദ്രം, കുടിയേറ്റം, മൂല്യ ശോഷണം എന്നിവയെപ്പറ്റിയാണ് 'നാ​ഗരിക്' സംസാരിച്ചത്. ജോലി അന്വേഷിച്ച് നടക്കുന്ന രാമു. മധ്യവ‍ർത്തി സാഹചര്യങ്ങിൽ നിന്ന് താഴേക്ക് കൂപ്പുകുത്തിയ അവന്റെ കുടുംബം. കൊൽക്കത്തയെ അതിന്റെ യാഥാർഥ രൂപഭാവങ്ങളിൽ ഘട്ടക് കാണിച്ചു.

ബിമൽ എന്നൊരു ടാക്സി ഡ്രൈവറും അയാളുടെ കാറുമായുള്ള ബന്ധത്തപ്പറ്റി പറയുന്ന 'അജാന്ത്രിക്' ആയിരുന്നു അടുത്ത ചിത്രം. തന്റെ 1920 മോഡൽ ഷെവർലെ കാറിനെ അയാൾ എല്ലാം എല്ലാമായാണ് കാണുന്നത്. അമ്മയുടെ മരണശേഷം അയാളുടെ ഏക കൂട്ട്. ഈ ബന്ധത്തിന്റെ വൈരുദ്ധ്യാത്മകത ഇടത് ഇന്റലക്ച്വലുകൾ വാഴ്ത്തി. എന്നാൽ, കാറ് മുഖ്യകഥാപാത്രവും മനുഷ്യൻ സഹതാരവുമാകുന്ന സിനിമ തിയേറ്ററിൽ പരാജയപ്പെട്ടു.

'അജാന്ത്രിക്കി'ന്റെ നഷ്ടം പരിഹരിക്കാൻ 'പരാസ് പത്തർ' എന്ന കോമഡി ചെയ്യാൻ നിർമാതാവ് പ്രമോദ് ലാഹിരി സത്യജിത് റേയെ സമീപിച്ചു. എന്നാൽ, റേയുടെ നിർബന്ധത്തിന് വഴങ്ങി ലാഹിരി ഘട്ടക്കിനൊപ്പം രണ്ടാമത് ഒരു സിനിമ കൂടി ചെയ്തു, 'ബാഡി ഥേക്കേ പാലിയേ’ ​ഗ്രാമത്തിൽ നിന്ന് എൽ ഡൊറാഡ‍ോ തേടി കൽക്കത്തയിലേക്ക് പൊകുന്ന കുട്ടിയുടെ കഥ പക്ഷേ കുട്ടികളുടെ സിനിമ ആയില്ല. ഈ സിനിമയും പരാജയപ്പെട്ടു. അടുത്തതായി ശങ്കർ മിഹിർ ലോയുടെ പ്രശസ്തമായ ഒരു നോവൽ, സിനിമയാക്കാനായിരുന്നു ഘട്ടക്കിന്റെ ശ്രമം. വലിയ കാസ്റ്റിനെയാണ് ഘട്ടക് ഇതിനായി നിശ്ചയിച്ചത്. പക്ഷേ, സിനിമ മുടങ്ങി. അതും നിസാര കാര്യത്തിന്. ഒരുനാൾ പ്രധാനപ്പെട്ട ഒരു സീൻ ഷൂട്ട് ചെയ്യുന്നതിന് മുൻപ് ആരെയും സ്റ്റുഡിയോയ്ക്ക് ഉള്ളിലേക്ക് വിടേണ്ട എന്ന് ഘട്ടക് വാച്ച്മാനോട് പറഞ്ഞു. അയാളത് അക്ഷരംപ്രതി കേട്ടു. നിർമാതാവിനെ തടഞ്ഞു. ബാക്കി പറയണ്ടല്ലോ.

1960ൽ ആണ് ഘട്ടക്കിന്റെ ജീവിതം മാറ്റിമറിച്ച സിനിമ പുറത്തിറങ്ങുന്നത്, 'മേഘേ ധാക്ക താര'. വിഭജനാനന്തര കൽക്കത്തയിൽ തന്റെ കുടുംബത്തിനായി ജീവിതം ബലി കഴിപ്പിക്കുന്ന നിത എന്ന പെൺകുട്ടിയുടെ കഥ. ഹൈ ഡ്രാമ നിറഞ്ഞ സിനിമ പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്തു. ഈ സിനിമയിൽ നിന്ന് കിട്ടിയ രണ്ടര ലക്ഷം രൂപ വച്ചാണ് ഘട്ടക്, 'കോമൾ ​ഗാന്ധാർ' എടുക്കുന്നത്. തീർത്തും വ്യത്യസ്തമായ സമീപനമാണ് ഈ സിനിമയിൽ ഘട്ടക് സ്വീകരിച്ചത്. തമാശയും വേദനയും സമാസമം സിനിമയിൽ ഉൾച്ചേ‍ർത്തു. ഇപ്റ്റയിലെയും അതുവഴി കമ്യൂണിസ്റ്റ് പാർട്ടിയിലെയും ഭിന്നതകൾക്ക് കാരണമെന്തെന്ന് അന്വേഷണം കൂടിയായിരുന്നു ഈ സിനിമ. അല്ലെങ്കിൽ വ്യക്തമായ നിരീക്ഷണം. ഇതിനുപുറമെ വിഭജനത്തെപ്പറ്റി ഒരിക്കൽ കൂടി ഘട്ടക്കിന്റെ കഥാപാത്രങ്ങൾ വാചാലരായി. പക്ഷേ 'മേഘേ ധാക്ക താര'യുടെ വിജയം ആവർത്തിക്കാൻ 'കോമൾ ​ഗാന്ധാറി'ന് സാധിച്ചില്ല. അത് ഘട്ടക്കിനെ തകർത്തുകളഞ്ഞു. അദ്ദേഹം മദ്യത്തിൽ അഭയം തേടി.

ഋത്വിക് ഘട്ടക്
നിയോറിയലിസം, മെലോഡ്രാമ, ഫാന്റസി; സാധാരണക്കാരുടെ കഥ പറഞ്ഞ വിറ്റോറിയോ ഡി സിക്ക

അപ്പോഴാണ് ഘട്ടക്കിന്റെ പഴയ ഒരു സ്നേഹിതൻ, അഭി ഭട്ടാചാര്യ പ്രത്യക്ഷപ്പെടുന്നത്. ഘട്ടക്കിനെ അയാൾ ബോംബയിലേക്ക് കൊണ്ടുപോയി. അങ്ങനെയിരിക്കെ ഒരു വൈകുന്നേരം ഘട്ടക്കിന് മുന്നിൽ അഭി ഒരു പ്രൊപ്പോസൽ വച്ചു. തന്നെ നായകനാക്കി ഒരു സിനിമയെടുക്കണം. കാശ് തന്റെ ഒരു സ്നേഹിതൻ ഇറക്കും. കഥയും അയാളുടെ കയ്യിലുണ്ട്. കുട്ടിക്കാലത്ത് വേർപിരിഞ്ഞ ഒരു സഹോദരനും സഹോദരിയും. വർഷങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടുന്നു. കാലം സഹോദരിയെ ഒരു ലൈം​ഗികത്തൊഴിലാളിയാക്കിയപ്പോൾ അവളുടെ ആദ്യ കസ്റ്റമറായി എത്തിയതാണ് സഹോദരൻ. ഘട്ടക് പടം എടുത്തു, 'സുബർണരേഖ'. പക്ഷേ കഥ തെല്ല് ഘട്ടക്കിന്റെ വശത്തേക്ക് ചരിഞ്ഞു. ‘മേഘേ ധാക്ക താര’യ്ക്കും 'കോമൾ ഗാന്ധാറി'നും പിന്നാലെ 'സുബർണരേഖ' കൂടി ചേ‍ർന്നപ്പോൾ അത് ഘട്ടക്കിന്റെ വിഭജനത്രയമായി.

'സുബർണരേഖ'യുടെ റഫ് കട്ട് കണ്ട നിർമാതാവ് സ്ഥലംവിട്ടു. സിനിമ എങ്ങനെയെങ്കിലും പുറത്തിറക്കണം. അതിനായി ഘട്ടക് ഒരു പരസ്യം സംവിധാനം ചെയ്തു. ചിതാനന്ദ ദാസ് ​ഗുപ്ത ആയിരുന്നു അക്കാലത്ത് ഇംപീരിയൽ ടൊബാക്കോ കമ്പനിയുടെ പിആർ മേധാവി. ​ഗുപ്ത വഴിയാണ് ഘട്ടക്കിന് സിസേഴ്സിന്റെ പരസ്യം സംവിധാനം ചെയ്യാൻ കിട്ടുന്നത്. ഇങ്ങനെകിട്ടിയ കാശ് കൊണ്ടാണ് ഘട്ടക് 'സുബർണരേഖ'യുടെ ആദ്യ പ്രിന്റ് ലാബിൽ നിന്നും എടുക്കുന്നത്. 'സുബർണരേഖ' വൻ വിജയമായിരുന്നു. ദിനംപ്രതി തിയേറ്ററിൽ ആളുകൾ കൂടിവന്നു. പക്ഷേ പെട്ടെന്ന് ഒരു ദിവസം ഘട്ടക്കിനെ അത്ഭുതപ്പെടുത്തി സിനിമ തിയേറ്ററുകളി‍ൽ നിന്ന പിൻവലിച്ചു. ഘട്ടക്കിന്റെ കുടി കൂടി. പ്രൊജക്ടുകൾ അനവധി മുടങ്ങി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് നിൽക്കുമ്പോഴാണ്, 1963ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പൽ, ജ​ഗത് മുരാരിയുടെ വിളി ഘട്ടക്കിനെ തേടിയെത്തിയത്. വിദ്യാർഥികളുടെ ഡിപ്ലോമ ഫിലിം നിർമാണത്തിന് മേൽനോട്ടം വഹിക്കണം. ഘട്ടക് സമ്മതിച്ചു. അതുവഴി ഘട്ടക് എഫ്ടിഐഐയുമായി അടുത്തു. ഘട്ടക്കിനെ അവിടെ അധ്യാപകനാക്കണമെന്ന് മുരാരി ആ​ഗ്രഹിച്ചു. അതിനായി ഐ&ബി മന്ത്രാലയത്തോട് ശുപാർശ ചെയ്യാൻ സത്യജിത് റേയോട് മുരാരി ആവശ്യപ്പെട്ടു. ഒറ്റ ചോദ്യം മാത്രമാണ് റേ മുരാരിയോട് ചോദിച്ചത്. ഘട്ടക്കിന്റെ മദ്യപാനം നിയന്ത്രിക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കുമോ?

ഋത്വിക് ഘട്ടക്
മാർവലിനോട് നോ പറഞ്ഞ ജീനിയസ്, എഡ്‌ഗർ റൈറ്റ്

അങ്ങനെ 1965 ജൂൺ 5ന് ഘട്ടക് എഫ്ടിഐഐയുടെ വൈസ് പ്രിൻസിപ്പലും ഡയറക്ഷൻ വിഭാ​ഗം മേധാവിയുമായി നിയമിതനായി. മദ്യപാനം രാത്രിയിൽ മാത്രമായി. ഘട്ടക് കുട്ടികളുടെ രോഷാകുലനായ അധ്യാപകനായി. അവർ ഘട്ടക്കിന്റെ യാതനകളിൽ നിന്ന് സിനിമയും സിനിമകളിൽ നിന്ന് ജീവിതവും പഠിച്ചു. സിനിമയുടെ ​ഗ്രാമർ പഠിക്കുന്നത്, അത് പൊളിക്കാനാണ് എന്ന് ഘട്ടക് ഉദാഹരണസ​ഹിതം സ്ഥാപിച്ചു. അതിന് ഉത്തമ ഉദാഹരണം ഘട്ടക്കിന്റെ സിനിമകൾ തന്നെയായിരുന്നു. ലോങ് , മിഡ്, ക്ലോസ് എന്നിങ്ങനെ സാമ്പ്രദായിക രീതികൾ ഘട്ടക് പിന്തുട‍ർ‌ന്നിരുന്നില്ല. ഈ സ്കൂളിൽ നിന്നാണ് ജോൺ എബ്രഹാമും, മണി കൗളും, കുമാ‍ർ ഷഹാനിയും പഠിച്ചിറങ്ങിയത്.

18 മാസം മാത്രമാണ് ഈ എഫ്ടിഐഐ കാലം നീണ്ടുനിന്നത്. വീണ്ടും സിനിമ എടുക്കാനുള്ള ശ്രമങ്ങൾ. ഒടുവിൽ 1973ൽ 'തിതാഷ് എക്ഥീ‌ർ നദി നാം' എന്ന സിനിമ സംവിധാനം ചെയ്തു. ദൃശ്യപരമായും ആഖ്യാനപരമായും ഒരു ക്ലാസിക്കാണ് ഈ ചിത്രം. താൻ തീർന്നിട്ടില്ല എന്ന പറഞ്ഞുവയ്കുകയായിരുന്നു ഘട്ടക്.

'ജുക്തി താക്കോ ആർ ഗപ്പോ' ആണ് ഘട്ടക് അവസാനമായി എടുത്ത സിനിമ. ഇതിലെ നീലകണ്ഠ ബാ​ഗ്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഘട്ടക്കാണ്. തന്റെ വെളിപാടുകളും വിലാപങ്ങളും വേദനകളും കാണികളുമായി നേരിട്ട് സംവേദിക്കാനുള്ള ഘട്ടക്കിന്റെ ശ്രമമായിരുന്നു ഈ സിനിമ. "Everything is burning, The universe is burning, I am burning," എന്ന് പറഞ്ഞുകൊണ്ട് തന്റെ സിനിമായാത്രയ്ക്ക് ഘട്ടക് അടിവരയിട്ടു.

മദ്യപാനം കവർന്ന ആരോ​ഗ്യത്തെ ടിബി കൂടി ബാധിച്ചതോടെ 1976, ഫെബ്രുവരി 7ന് ആ അതുല്യ കലാകാരൻ മരണത്തിന് കീഴടങ്ങി. മരിക്കുമ്പോൾ ഘട്ടക്കിന് 51 വയസായിരുന്നു. ആ പ്രായത്തിനിടയ്ക്ക് ജയത്തേക്കാൾ തോൽവിയാണ് അയാൾ അറ‍ിഞ്ഞത്. ആ തോറ്റ മനുഷ്യന്റെ മൃതദേഹത്തെ കൽക്കത്തയിലെ തെരുവിൽ ആയിരങ്ങൾ അനു​ഗമിച്ചു. ​​'It was a unique funeral of a unique man', എന്ന് സഹ്ദർ ഹഷ്മി കുറിച്ചു.

കൽക്കത്തയിലെ തെരുവുകളിൽ നിന്നാണ് ആ നക്ഷത്രം ഉദിച്ചുയർന്നത്. മേഘാവൃതമായ ആകാശത്തിൽ ആ താരം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. പക്ഷെ വഴിതെറ്റിയിറങ്ങുന്ന സിനിമാക്കാർക്ക് ആ നക്ഷത്രം, ഒരു ഉറപ്പാണ്. അതവിടെ ഉണ്ടെന്ന് അവർക്ക് അറിയാം. മേഘേ ധാക്കാ താര!

Related Stories

No stories found.
News Malayalam 24x7
newsmalayalam.com