
ചെന്നൈ: നടന്‍ റോബോ ശങ്കറിന്റെ അകാല വിയോഗത്തില്‍ മരവിച്ചിരിക്കുകയാണ് തമിഴ് സിനിമാ ലോകം. ധനുഷും ശിവകാർത്തികേയനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ നടന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായി എത്തി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ ആരാധകരെ വേദനയിലാഴ്ത്തിയിരിക്കുകയാണ്.
ദൃശ്യങ്ങളില്‍ ശങ്കറിന്റെ ഭാര്യ പ്രിയങ്കയേയും മകള്‍ ഇന്ദ്രജയേയും ആശ്വസിപ്പിക്കുന്ന ധനുഷ്, ശിവകാർത്തികേയന്‍, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളെ കാണാം. സങ്കടം നിയന്ത്രിക്കാനാകാതെ താരങ്ങള്‍ക്ക് മുന്നില്‍ ഇന്ദ്രജ പൊട്ടിക്കരഞ്ഞുപോയി. വികാരഭരിതമായ ആ നിമിഷത്തിൽ ധനുഷ് ഇന്ദ്രജയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. ധനുഷിനൊപ്പം 'മാരി'യില്‍ ചെയ്ത ഹാസ്യ വേഷം ശങ്കറിന് വലിയ പേരാണ് നേടിക്കൊടുത്തത്.
സിനിമ, ടെലിവിഷന്‍ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന റോബോ ശങ്കർ 46ാം വയസിലാണ് അന്തരിച്ചത്. വ്യാഴാഴ്ച രാത്രി ഏകദേശം എട്ടരയോടെയായിരുന്നു മരണം. ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം പങ്കെടുത്ത ടെലിവിഷൻ ഷോയുടെ ഷൂട്ടിങ്ങിനിടെ ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മിമിക്രി കലാകാരനായ ശങ്കർ വേദികളില്‍ റോബോട്ടിക് ശൈലിയിലുള്ള നൃത്തച്ചുവടുകള്‍ അനുകരിച്ചാണ്'റോബോ' എന്ന വിളിപ്പേര് നേടിയത്. 2000ങ്ങളിൽ നിരവധി ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം, വിജയ് ടിവിയിലെ ജനപ്രിയ റിയാലിറ്റി സ്റ്റാൻഡ്-അപ്പ് കോമഡി ഷോയായ 'കലക്ക പോവത്തു യാരി'ലുടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. വിജയ് സേതുപതി നായകനായ ‘ഇതർക്കുതനെ അസൈപ്പെട്ടൈ ബാലകുമാര’യിലൂടെ സിനിമയിലെത്തി. വായൈ മൂടി പേശവും, ടൂറിങ് ടോക്കീസ്, മാരി, ബിഗില്‍, സിങ്കം 3, വേലൈക്കാരന്‍, തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ വേഷങ്ങള്‍ ചെയ്തു. ഹാസ്യ രംഗങ്ങളിലെ പ്രകടനങ്ങള്‍ താരത്തിന് വലിയ പേര് നേടിക്കൊടുത്തു.
റോബോ ശങ്കറിന്റെ ഏകമകളായ ഇന്ദ്രജയും നടിയാണ്. 2019ൽ വിജയ് നായകനായ ബിഗിൽ എന്ന ബ്ലോക്ക്ബസ്റ്ററില്‍ ഇന്ദ്രജ അവതരിപ്പിച്ച 'പാണ്ടിയമ്മ' എന്ന് വനിതാ ഫുട്ബോള്‍ കളിക്കാരിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021ൽ 'പാഗൽ' എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലും നടി ചുവടുറപ്പിച്ചു.