

ടോക്സിക്:എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ പാൻ-ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. ചലച്ചിത്ര മേഖലയെ അമ്പരപ്പിച്ചുകൊണ്ട്, ദിൽ രാജുവിൻ്റെ നേതൃത്വത്തിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് (SVC), ചിത്രത്തിൻ്റെ ആന്ധ്രാപ്രദേശ്, തെലങ്കാന വിതരണാവകാശം 120 കോടി രൂപയ്ക്ക് (അഡ്വാൻസ് ഓൺ കമ്മീഷൻ അടിസ്ഥാനത്തിൽ) സ്വന്തമാക്കി. തെലുങ്ക് ഇതര ഭാഷാ ചിത്രങ്ങളിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്.
ടോക്സിക്കിൻ്റെ അണിയറപ്രവർത്തകരായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും, എസ്‌വിസിയും തമ്മിലുള്ള ഈ കരാർ സിനിമയുടെ വലിപ്പത്തിലും ബോക്സ് ഓഫീസ് സാധ്യതകളിലും വിപണിക്കുള്ള ശക്തമായ വിശ്വാസത്തെ അടിവരയിടുന്നു. ആന്ധ്ര-തെലങ്കാന വിതരണാവകാശത്തിനായി മൂന്ന് പ്രമുഖ കമ്പനികൾ രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവിൽ എസ്‌വിസി കരാർ ഉറപ്പിക്കുകയായിരുന്നു.
റോക്കിംഗ് സ്റ്റാർ യഷിൻ്റെ 'ടോക്സിക്', യഥാർഥ താരമൂല്യവും സിനിമയെക്കുറിച്ചുള്ള വീക്ഷണവും കാഴ്ചപ്പാടും എങ്ങനെ ഭാഷയുടെ അതിർവരമ്പുകൾ മായ്ക്കാൻ കഴിയുമെന്നതിൻ്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിനകത്തും പുറത്തും ആരാധകർക്കിടയിലുള്ള ആവേശം ചിത്രത്തിൻ്റെ പ്രീ-റിലീസ് ഹൈപ്പ് വർധിപ്പിക്കുന്നു. കെജിഎഫ് ചാപ്റ്റർ 2-ന് ശേഷം തെലുങ്ക് സംസ്ഥാനങ്ങളിൽ യാഷിന് ലഭിക്കുന്ന സ്വീകാര്യതയും ഈ വലിയ ബിസിനസ് തുകയിൽ പ്രതിഫലിക്കുന്നുണ്ട്.
"ഇന്ത്യൻ സിനിമയിലെ ശക്തമായ ഒരു താരമാണ് യാഷ്. കെജിഎഫ് 2-ന് ശേഷം ലോകമെമ്പാടും അദ്ദേഹത്തിൻ്റെ മാർക്കറ്റ് ഗണ്യമായി വളർന്നു. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം പുറത്തുവരുന്ന സിനിമയായതിനാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾ വളരെ വലുതാണ്. ഈ അഭിമാനകരമായ പ്രോജക്റ്റ് അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്." എന്ന് എന്ന് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിലെ ദിൽ രാജു അഭിപ്രായപ്പെട്ടു. "ഭാവിയിലും യഷുമായി കൂടുതൽ സഹകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ അവാർഡുകളും നിരവധി ബ്ലോക്ക്ബസ്റ്ററുകളും സമ്മാനിച്ച എസ്‌വിസിയുടെ സാന്നിധ്യം ടോക്സിക്കിൻ്റെ മാറ്റു കൂട്ടുന്നു. സിനിമയോട് അഗാധമായ താല്പര്യമുള്ള ആന്ധ്ര, തെലങ്കാന വിപണികളിൽ ചിത്രത്തിനുള്ള വലിയ സാധ്യതയാണ് ഈ കൂട്ടുകെട്ട് വിരൽ ചൂണ്ടുന്നത്.
യാഷും ഗീതു മോഹൻദാസും ചേർന്ന് എഴുതി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്' ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ മൊഴിമാറ്റം ചെയ്ത് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.
ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് രവി ബസ്‌റൂർ സംഗീതം നൽകുന്നു. ഉജ്ജ്വൽ കുൽക്കർണിയാണ് എഡിറ്റർ, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. ആബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച ഖംഫക്ടി എന്നിവർ ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
കെവിഎൻ പ്രൊഡക്ഷൻസിൻ്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിൻ്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യാഷും ചേർന്ന് നിർമിക്കുന്ന ടോക്സിക്, 2026 മാർച്ച് 19-ന് ഈദ്, ഉഗാദി, ഗുഡി പദ്‌വ ആഘോഷങ്ങളോടനുബന്ധിച്ച് ലോകമെമ്പാടും റിലീസ് ചെയ്യും.