അന്താരാഷ്ട്ര ചലച്ചിത്ര വിപണിയായ മാർഷേ ദു ഫിലിമിൽ (Marché du Film) ആദ്യമായി സാന്നിധ്യം അറിയിച്ച് ന്യൂട്ടൻ സിനിമ. ന്യൂട്ടൻ സിനിമ നിർമിച്ച് സെമ്മലർ അന്നം സംവിധാനം ചെയ്ത ‘മയിലാ’യുടെ പ്രത്യേക സ്ക്രീനിങ് മെയ് 12ന് കാനിലെ ലെറിന്‍ സിനിമ ക്ലബ്ബിൽ (LérinsCinéma Club) നടക്കും.
മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ ഭാഷകളിലായി ആഗോള പ്രസക്തിയുള്ള സ്വതന്ത്ര സിനിമകൾ നിർമിക്കുന്ന ന്യൂട്ടൻ സിനിമ അന്താരാഷ്ട്ര ശ്രദ്ധനേടുകയാണ്. സംവിധായകരുടെ വ്യക്തിമുദ്ര പതിഞ്ഞ സിനിമകളുടെ ശക്തമായ നിരയുമായി കാൻ മാർഷേ ദു ഫിലിമിൽ അരങ്ങേറ്റം കുറിക്കുന്ന ന്യൂട്ടൻ സിനിമയുടെ ബൂത്ത് പലേ (Palais) -1, 27.03 ആണ്.
ഇതോടൊപ്പം, സലിം അഹമ്മദിന്റെ അഞ്ചാം ചിത്രമായ ‘ലെഫ്റ്റോവറും' ന്യൂട്ടൻ സിനിമ പ്രഖ്യാപിച്ചു. അർജുൻ രാധാകൃഷ്ണൻ, സറിൻ ഷിഹാബ്, തൻമയ് ധനനിയ, ശ്വേത ബസു പ്രസാദ്, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന സലിം അഹമ്മദും പി.വി. ഷാജികുമാറും ചേർന്നാണ് നിർവഹിക്കുന്നത്. ശരൺ വേലായുധൻ ആണ് ഛായാഗ്രഹണം. എഡിറ്റിങ് എ. ശ്രീകർ പ്രസാദ്, സംഗീതം ക്രിസ്റ്റോ സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ ആഷിക് എസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, കോസ്റ്റ്യൂം ഡിസൈൻ ഗായത്രി കിഷോർ, മേക്കപ്പ് സലാം എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.
സലിം അഹമ്മദ് സംവിധാനം ചെയ്ത ‘ആദാമിന്റെ മകൻ അബു’ നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയതോടൊപ്പം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ആയും ശ്രദ്ധ നേടിയിരുന്നു. ‘പത്തേമാരി', 'കുഞ്ഞനന്തന്റെ കട', 'ആൻഡ് ദി ഓസ്കാർ ഗോസ് ടു...'’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ.
"നിശബ്ദത, ഓർമ, ധാർമികമായ പ്രാധാന്യം എന്നിവയിൽ നിന്നുമാണ് 'ലെഫ്റ്റോവർ' രൂപം കൊണ്ടത്. അതിശയോക്തികളില്ലാതെ വേദനയെ അവതരിപ്പിക്കുന്ന, വിശദീകരണം ആവശ്യമില്ലാത്ത മാന്യതയെ നിലനിർത്തുന്നതുമായ ഈ ചിത്രം അതിർത്തികൾക്കപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു പൊതുവായ അനുഭവത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ന്യൂട്ടൻ സിനിമയിലൂടെ ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രലോകത്തിന് മുന്നിലെത്തിക്കാൻ കഴിയുന്നതിൽ ഞാൻ അതിയായ സന്തോഷവാനാണ്," സലിം അഹമ്മദ് പറഞ്ഞു.
റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും, ടൗളൂസ് ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ച 'മയിലാ’ ടൗളൂസിൽ ഓഡിയൻസ് അവാർഡ് കരസ്ഥമാക്കിയിരുന്നു. 'ലെഫ്റ്റോവറി'ന്റെ വേൾഡ് പ്രീമിയർ പ്ലാനുകൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും.
ന്യൂട്ടൻ സിനിമയുടെ കാൻ മാർക്കറ്റ് പട്ടികയിൽ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്ത് വിത്താനഗെ, അനുഷ്ക സേനാനായകെ എന്നിവർ ചേർന്ന് രചന നിർവഹിച്ച 'ദ ഗാംബ്ലർ' എന്ന ചിത്രവും ഉൾപ്പെടുന്നു. റോഷൻ മാത്യു, ശ്വേത ബസു പ്രസാദ്, പ്രകാശ് രാജ്, മഹേന്ദ്ര പെരേര, ലക്ഷൺ അബേനായകെ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയും എഡിറ്റിങ് എ. ശ്രീകർ പ്രസാദുമാണ് നിർവഹിക്കുന്നത്. കെ. സംഗീതവും തപസ് നായക് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന 'ദ സോർബോൺ കോൺസ്പിറസി'യും, മുൻപ് തന്റെ ആദ്യ ചിത്രത്തിലൂടെ ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ശ്രദ്ധ നേടിയ നിതിൻ ലൂക്കോസ് ഒരുക്കുന്ന 'ദ വൈൽഡ് ഹണ്ടും' ഈ നിരയിൽ ഉൾപ്പെടുന്നു.
'ലെഫ്റ്റോവർ', 'മയിലാ' എന്നിവയുടെ തിയേറ്റർ റിലീസും മറ്റ് ഫെസ്റ്റിവൽ ജേർണിയുമായി ബന്ധപ്പെട്ട് ന്യൂട്ടൻ സിനിമ അന്താരാഷ്ട്ര വിൽപ്പന പ്രതിനിധികളുമായും ഇന്ത്യൻ വിതരണ പങ്കാളികളുമായും അന്തിമ ചർച്ചകൾ നടത്തിവരികയാണ്.
ന്യൂട്ടൻ സിനിമയുടെ സ്ഥാപകനും സിഇഒയും നിർമാതാവുമായ ആന്റോ ചിറ്റിലപ്പിള്ളിയുടെ വാക്കുകൾ: “സ്വന്തമായൊരു ചലച്ചിത്രഭാഷയും സാമൂഹിക ബോധവുമുള്ള സംവിധായകർക്ക് ഒരിടമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. 'ലെഫ്റ്റോവർ', 'മയിലാ', കൂടാതെ വരാനിരിക്കുന്ന സിനിമകളിലൂടെ സ്വതന്ത്ര സിനിമാ പ്രവർത്തകരോടൊപ്പം നിൽക്കാനും, ബുദ്ധിമുട്ടുള്ള എന്നാൽ പറയേണ്ടതുമായ വിഷയങ്ങളുള്ള കഥകൾ സംരക്ഷിക്കാനും, കേൾക്കാതെ പോകുന്ന ശബ്ദങ്ങളെ ലോക സിനിമയുടെ വേദിയിലേക്ക് കൊണ്ടുവരാനും ഞങ്ങൾ ആഗ്രഹിക്കുന്നു."
സ്വതന്ത്ര ചലച്ചിത്ര നിർമാതാക്കൾ, പ്രാതിനിധ്യം കുറഞ്ഞ ശബ്ദങ്ങൾ എന്നിവയ്‌ക്കായുള്ള ഒരു അന്താരാഷ്ട്ര നിർമാണ സ്ഥാപനമാണ് ന്യൂട്ടൻ സിനിമ. ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ, കൊളംബോ, ശ്രീലങ്ക, കൊച്ചി എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്.