

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ അടുത്ത ചിത്രത്തിൽ നായികയായി ലേഡി സൂപ്പർ സ്റ്റാർ നയൻതാര. 'SVC63' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷം ഈദിന് റിലീസ് ചെയ്യും. സിനിമയുടെ അണിയറ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് സൽമാനാണ് റിലീസ് തീയതി വെളിപ്പെടുത്തിയത്.
"അൽപ്പം ദീർഘവീക്ഷണത്തോടെ ചിന്തിക്കണം, അതുകൊണ്ടാണ് ഈദ് റിലീസ് പ്രഖ്യാപിച്ചത്... വിഷമിക്കേണ്ട, ഇതിന്റെ കാര്യവും കൃത്യമായ സമയത്ത് അറിയിക്കാം. ക്ഷമയോടെ ഇരിക്കൂ, അൽപ്പം സാവകാശം... ഞാൻ കാത്തിരിക്കുന്നത് പോലെ തന്നെ നിങ്ങളും കാത്തിരിക്കേണ്ടി വരും. എന്തായാലും, നിങ്ങളുടെ അതേ അവസ്ഥ തന്നെയാണ് ഇപ്പോൾ എനിക്കും...," എന്നാണ് സൽമാൻ എക്സിൽ കുറിച്ചത്.
സൽമാനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു ആക്ഷൻ ഡ്രാമയാണെന്നാണ് സൂചന. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ബ്രിന്ദാവനം', 'യെവാഡു', 'മുന്ന', 'വാരിസ്', 'മഹർഷി' തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ ഒരുക്കിയ സംവിധായകനാണ് വംശി. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം അവതരിപ്പിക്കുന്നത്. സിരിഷ്, കുൽദീപ് റാത്തോഡ് എന്നിവർ ചേർന്നാണ് നിർമാണം. സഹനിർമാണം - റാഫി കാസി.
അതേസമയം, ഗാൽവാൻ താഴ്വരയിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ ആസ്പദമാക്കി ഒരുക്കിയ 'മാതൃഭൂമി' ആണ് സൽമാൻ ഖാന്റെ അടുത്ത റിലീസ്. 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്നാണ് സിനിമയ്ക്ക് ആദ്യമിട്ടിരുന്ന പേര്. പിന്നീട് വിവാദങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു. ഇന്ത്യ-ചൈന ബന്ധത്തിലെ നയതന്ത്രപരമായ വശങ്ങൾ പരിഗണിച്ചും, അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചകൾ ഒഴിവാക്കാനുമാണ് സിനിമയുടെ ടൈറ്റിൽ മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. അപൂർവ ലാഖിയയാണ് ചിത്രത്തിന്റെ സംവിധാനം.