
മുംബൈ: തൻ്റെ കുടുംബത്തില്‍ ആരും ബീഫ് കഴിച്ചിട്ടില്ലെന്നും ഇൻഡോറിലുണ്ടായിരുന്ന കാലം മുതല്‍ ഇന്നുവരെ ഇക്കാര്യത്തില്‍ മാറ്റവും ഉണ്ടായിട്ടില്ലെന്നും സല്‍മാന്‍ ഖാൻ്റെ പിതാവും ചലച്ചിത്രകാരനുമായ സലിം ഖാൻ. സലിം ഖാൻ്റെ പിതാവ് ഇൻഡോറില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന കാലം മുതൽ ഇതാണ് ശീലമെന്നും അദ്ദേഹം ഫ്രീ പ്രസ് ജേണലിനോട് പറഞ്ഞു.
"ഇൻഡോറിൽ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ഇന്നുവരെ ഞങ്ങള്‍ ഒരിക്കല്‍ പോലും ബീഫ് കഴിച്ചിട്ടില്ല. പശുവിൻ്റെ പാല്‍ അമ്മയുടെ മുലപ്പാലിന് തുല്യമാണെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. പശുക്കളെ കൊല്ലാന്‍ പാടില്ല. ബീഫ് നിഷിദ്ധമാണ്," സലിം ഖാന്‍ പറഞ്ഞു.
ഹോളി, ദസറ, ദീപാവലി, ഈദ്, ക്രിസ്മസ് തുടങ്ങി എല്ലാ ഉത്സവങ്ങളും തങ്ങളുടെ കുടുംബം ആഘോഷിക്കാറുണ്ടെന്നും സലിം ഖാന്‍ പറഞ്ഞു. ഗണേശ ചതുര്‍ഥി ദിനത്തില്‍ കുടുംബം ആരതി നടത്തുന്ന വീഡിയോ സല്‍മാന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്താണ് സലിം ഖാന്‍. ഷോലേ ഉള്‍പ്പെടെയുള്ള ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ രചനയില്‍ പങ്കാളിയാണ് അദ്ദേഹം. നടനായി സിനിമയിലേക്ക് കടന്നുവന്ന സലിം ഖാന്‍ പിന്നീടാണ് തിരക്കഥാകൃത്താകുന്നത്. ഗാനരചയിതാവ് കൂടിയായ ജാവേദ് അക്തറിനൊപ്പം സലിം-ജാവേദ് എന്ന പേരിലാണ് അദ്ദേഹം തിരക്കഥകൾ എഴുതിയിരുന്നത്.