ഫണ്ണി, 'ഡെയർ ഡെവിൾ' സൂര്യ; സീൻ മാറ്റി നസ്‌ലനും നസ്രിയയും! SCENE MOVIE REVIEW

വ്യത്യസ്തനായ ഒരു പൊലീസുകാരനാണ് 'സീനി'ലെ സൂര്യയുടെ ഡിഎസ്പി ഇൻപരാജ്. ആ 'വ്യത്യസ്തത' തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്
'സീൻ' റിവ്യൂ
'സീൻ' റിവ്യൂ
Published on: 
Updated on: 

സൂര്യയെപ്പോലെ ഒരു നടനെ ഒരു സംവിധായകന് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. റൊമാന്റിക്കായി അവതരിപ്പിക്കാം; അമേരിക്ക വരെപ്പോയി പ്രൊപ്പോസ് ചെയ്ത ആളാണല്ലോ. ആക്ഷൻ ചെയ്യിക്കാം; ഓങ്ങി അടിച്ചാൽ ഒന്നര ടൺ വെയ്റ്റ് ആണല്ലോ. ഇതൊന്നുമല്ലെങ്കിൽ കോമിക്കലോ, ഇമോഷണലോ ആയി സ്ക്രീനിൽ കൊണ്ടുവരാം. സൂര്യ പൊളിക്കും. പക്ഷേ, ജിത്തു മാധവൻ എന്ന മലയാളി സംവിധായകന് തന്റെ ആദ്യ തമിഴ് ചിത്രത്തിൽ സൂര്യയെ ഫൂൾ ഓപ്ഷനിലാണ് വേണ്ടിയിരുന്നത്. അതും തന്റെ സ്റ്റൈലിൽ. ജിത്തുവിന്റെ ഈ സൂര്യ ചിത്രത്തിൽ കോമഡിയുണ്ട്, ആക്ഷനുണ്ട്, റൊമാൻസുണ്ട്. സ്വൽപ്പം ഡാർക്ക് സീൻ ആണെന്ന് മാത്രം.

വ്യത്യസ്തനായ ഒരു പൊലീസുകാരനാണ് 'സീനി'ലെ സൂര്യയുടെ ഡിഎസ്പി ഇൻപരാജ് . ആ 'വ്യത്യസ്തത' തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ജിത്തു മാധവൻ കോമഡിയും ഇമോഷനും മാസും റൊമാൻസും കണ്ടെത്തുന്നത് ഈ പോയിന്റിൽ നിന്നാണ്. അപ്രതീക്ഷിതമായി ഇൻപരാജ് സർവീസിൽ നിന്ന് വിരമിക്കുന്നു. പക്ഷേ പഴയൊരു കേസ് അയാളെ തിരികെ കൊണ്ടുവരുന്നു. പൊലീസിങ്ങിലേക്കല്ല, അന്വേഷണങ്ങലുടെ ലോകത്തേക്ക്. പക്ഷേ, പൊലീസ് സേനയുടെ പിന്തുണ അയാൾക്ക് ലഭിക്കുന്നില്ല. ഏത് ഷെർലക് ഹോംസിനും ഒരു വാട്സൺ ആവശ്യമാണല്ലോ. അവിടെ ഇൻപരാജിന് അത് അത്യാവശ്യമാണ്. അയാൾ സ്വന്തമായി ഒരു ടീം രൂപീകരിക്കുന്നു. വിചിത്രമായ ഒരു ടീം. ഈ ടീമിലെ അംഗങ്ങൾ ആരും സാധാരണക്കാരല്ല. അവരോടൊപ്പം ജീവിക്കുക എന്ന് പറയുന്നത് തന്നെ പ്രയാസമാണ്. അപ്പോൾ കേസന്വേഷത്തിന്റെ കാര്യം പറയണ്ടല്ലോ. അതേസമയം, എതിരാളി, ദ വില്ലൻ, വളരെ കൃത്യതയോടെയാണ് ഓരോ കരുക്കളും നീക്കുന്നത്. അയാൾക്കും ഒരു സംഘമുണ്ട്. അയാളുടെ അഭിരുചികളോട് ചേർന്ന് നിൽക്കുന്ന സൈക്കോ സംഘം. ഇതാണ് സിനിമയുടെ കഥാപരിസരം.

'സീൻ' റിവ്യൂ
RAMAYANA MOVIE REVIEW | 'രാവണൻ' സിനിമയും, 'രാമൻ' സീരിയലും; 'വിഎഫ്എക്സ്' മാത്രമാകുന്ന 'ഇതിഹാസ'ചിത്രം

ഡാർക്ക് കോമഡിയാണ് ഇവിടെ കഥ പറയാനുള്ള ഉപകരണമായി സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. രോമാഞ്ചം, ആവേശം എന്നീ സിനിമകളിലെ കോമഡി സ്റ്റൈൽ തമിഴ് പരിസരങ്ങളിലേക്ക് വിദഗ്ധമായി ജിത്തു ചേർത്തിട്ടുണ്ട്. ദ്രാവിഡ് സെൽവത്തിന്റെ തമിഴ് ഡയലോഗുകൾ അതിന് വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. പിന്നെ, അഭിനേതാക്കളുടെ പ്രകടനവും.

പലപ്പോഴും വലിയ താരങ്ങളുടെ സിനിമകളിൽ അവർക്ക് അനുയോജ്യമായ രീതിയിൽ കഥ മാറ്റിയതിന്റെ പോരായ്മകൾ ആദ്യ കാഴ്ചയിൽ തന്നെ കാണികൾക്ക് മനസിലാകും. ഈ ചിത്രത്തിൽ, കഥയിലോ പരിചരണത്തിലോ സൂര്യക്ക് വേണ്ടി എന്തെങ്കിലും മാറ്റിയിട്ടുണ്ടെങ്കിൽ തന്നെ അതൊന്നും പ്രത്യക്ഷമല്ല. സൂര്യയെ തന്റെ യൂണിവേഴ്സിലേക്ക് മനോഹരമായി ഫിറ്റ് ചെയ്യാൻ ജിത്തുവിന് സാധിച്ചിട്ടുണ്ട്. സൂര്യ റെഫറൻസുകൾ വരുമ്പോൾ തന്നെ അത് കഥയെ ശല്യപ്പെടുത്താതെ ഒരു അരികിൽ കൂടെ വന്നങ്ങു പോകും. ചിലതൊക്കെ നല്ല രസകരവുമാണ്. നസ്രിയയുടെ മായ എന്ന കഥാപാത്രത്തെ ജിത്തു അവതരിപ്പിച്ചിരിക്കുന്ന വിധവും മനോഹരമാണ്. 'ക്യൂട്ട് നായിക' എന്നതിൽ ഉപരിയായി ചില ഫ്ലേവർ കൂടി ആ കഥാപാത്രത്തിലേക്ക് സംവിധായകൻ ചേർക്കുന്നു. നായകന്റെ 'കാന്ത കണ്ണ്' ആയി ആടിപ്പാടുകയല്ല ഇവിടെ നായിക എന്നർഥം. പിന്നെ ഈശ്വരൻ, സിനിമയിലെ വില്ലൻ. നസ്‌ലനാണ് ഈ കഥാപാത്രം ചെയ്യുന്നതെന്ന് റിലീസിന് മുൻപ് തന്നെ എല്ലാവർക്കും വ്യക്തമായതാണ്. അത് ഒരു സർപ്രൈസ് എലമെന്റായല്ല ചിത്രത്തിൽ കാണിക്കുന്നത്. ആദ്യ സീനിൽ തന്നെ ആരാണ് ഈ ഈശ്വരൻ എന്ന് സംവിധായകൻ വ്യക്തമാക്കുന്നു. ഇൻപരാജിന് ഒത്ത എതിരാളി. അവർ ഒരുപോലെയാണ് ചിന്തിക്കുന്നത്. പക്ഷേ എതിർദിശയിലാണ് സഞ്ചാരം. റൊമാന്റിക്, ബോയ് നെക്സ്റ്റ് ഡോർ ടെംപ്ലേറ്റിൽ ഒതുക്കേണ്ട നടനല്ല താൻ എന്ന് സീനിലൂടെ ഉറക്കെയുറക്കെ പറയുകയാണ് നസ്‍ലൻ. സൂര്യക്കൊപ്പം ഫ്രെയിമിൽ വരുന്ന മൊമന്റുകളിലെല്ലാം തന്റെ പ്രെസൻസ് ഫീൽ ചെയ്യിക്കാൻ നസ്‍ലന് സാധിക്കുന്നുണ്ട്. പ്രെഡിക്ടബിൾ ആയ ക്ലൈമാക്സിനെ അൺപ്രഡിക്ടബിൾ ആയി നിർത്തുന്നത് നസ്‍‌ലനാണ്. ചെക്കൻ സീൻ ആണെന്ന് കാണികൾക്ക് ഇങ്ങനെ തോന്നിക്കൊണ്ടിരിക്കും.

'സീൻ' റിവ്യൂ
ടൈഗറിന്റെ രണ്ടാം വരവിൽ മാസ് കുറഞ്ഞു, ചിരി കൂടി; 'ജയിലർ 2' റിവ്യൂ | JAILER 2 REVIEW

ഇതൊരു ഒരു ചെറിയ ചിത്രമാണ്. എക്സൈറ്റിങ് ആയ ഒരു വൺലൈനിൽ രണ്ടര മണിക്കൂർ പടുത്തുയർത്തിയ ചെറിയ ചിത്രം. ആദ്യ പകുതിയിൽ കഥാപാത്രങ്ങളെയും അവർക്ക് മുന്നിലെ പ്രശ്നങ്ങളെ എക്സറ്റാബ്ലിഷ് ചെയ്ത്, രണ്ടാം പകുതിയിൽ വേഗത കൂടുന്ന ചെറിയ ചിത്രം. 'രോമാഞ്ച'വും, 'ആവേശ'വും പൊലെ ഒരു ചെറിയ ചിത്രം. ഈ ചെറിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ സീൻ കാട്ടിയത് എങ്ങനെയാണെന്ന് പറയണ്ടല്ലോ. പിന്നെ ഒരു കാര്യം പറയാൻ വിട്ടുപോയി. സിനിമയിൽ ഒരു കാമിയോ ഉണ്ട്. സർപ്രൈസ് ആണ്!