
മണി രത്നം ചിത്രം തഗ് ലൈഫില്‍ ഉലകനായകന്‍ കമലഹാസനേക്കാള്‍ ഉയർന്ന പ്രതിഫലം ലഭിച്ചത് സിലമ്പരസന്. റെക്കോർഡ് പ്രതിഫലമാണ് സിമ്പുവിന് ലഭിച്ചതെന്നാണ് റിപ്പോർട്ടുകള്‍. 'അമരൻ' എന്ന കഥാപാത്രത്തെയാണ് സിമ്പു ചിത്രത്തില്‍ അവതരിപ്പിച്ചത്.
180 കോടി ബജറ്റിലാണ് തഗ് ലൈഫ് നിർമിച്ചത്. രാജ് കമല്‍ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും മദ്രാസ് ടാക്കീസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ആദ്യ ദിനത്തില്‍ ചിത്രം കളക്ട് ചെയ്തത് 17 കോടി രൂപ മാത്രമാണ്. റിലീസ് ആയി മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോള്‍ 30.15 കോടി രൂപ മാത്രമേ കമല്‍ ചിത്രത്തിന് ഇതുവരെ നേടാനായിട്ടുള്ളു. പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന സമ്മിശ്ര പ്രതികരണങ്ങളും നായകന്‍ കമല്‍ ഹാസനുമായി ബന്ധപ്പെട്ട കന്നഡ ഭാഷാ വിവാദം കാരണം കർണാടകയില്‍ റിലീസ് ചെയ്യാനാകാത്തതുമാണ് കളക്ഷനെ ബാധിച്ചത്.
തഗ് ലൈഫിനായി 40 കോടി രൂപയാണ് സിമ്പു പ്രതിഫലമായി വാങ്ങിയതെന്നാണ് മാധ്യമ റിപ്പോർട്ടുകള്‍. ചിത്രത്തിലെ നായിക തൃഷയുടെ പ്രതിഫലം 12 കോടി രൂപയാണ്. അവസാനം അഭിനയിച്ച അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യില്‍ ലഭിച്ചതിനേക്കാല്‍ മൂന്നിരട്ടിയാണിത്. സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാളി താരം ജോജു ജോർജിന് ലഭിച്ചത് ഒരു കോടി രൂപയാണ്. അഭിരാമിക്ക് 50 ലക്ഷവും.
ലോകത്താകമാനം 2,220 തിയേറ്ററുകളിലാണ് ജൂണ്‍ അഞ്ചിന് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം തമിഴ് ഭാഷയിൽ 52.06 ശതമാനം ഒക്യുപെൻസിയും ഹിന്ദിയിൽ 5.79 ശതമാനം ഒക്യുപെൻസിയുമാണ് തഗ് ലൈഫിന് ലഭിച്ചത്. ഐമാക്സ് 2ഡി പതിപ്പിന് തമിഴിൽ 34.63 ശതമാനം ഒക്യുപെൻസിയാണ് രേഖപ്പെടുത്തിയത്.