
അവളുടേത് മനോഹരമായൊരു ജീവിതമായിരുന്നു. അവളെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവ്. സമാധാനമായൊരു കുടുംബം. പിന്നെ സ്വപ്‌നതുല്യമായൊരു ഭാവിയും. എന്നാല്‍ ഒരൊറ്റ അടിയില്‍ ലോകം അവളുടെ മുന്നില്‍ തകര്‍ന്നു വീണു. അവള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വലിച്ചെറിയപ്പെട്ടു.
അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ഥപ്പഡ് സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക പീഡനത്തെ കുറിച്ചുള്ള ഒരു സിനിമ മാത്രമല്ല. മറിച്ച് ഗാര്‍ഹിക പീഡനത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഒന്നാണ്. സ്‌ക്രീനിന് അപ്പുറത്തേക്ക് പ്രതിധ്വനിക്കുന്ന ലോകമെമ്പാടുമുള്ള വീടുകളിലെയും സമൂഹങ്ങളിലെയും സ്ത്രീകളുടെ കഥയാണ് തപ്‌സി പന്നുവിന്റെ അമൃതയിലൂടെ അനുഭവ് സിന്‍ഹ പറഞ്ഞുവെച്ചത്.
കഠിനമായ ചോദ്യങ്ങള്‍ പ്രേക്ഷകരോട് ചോദിക്കാന്‍ ഭയപ്പെടാത്ത സിനിമ കൂടിയാണ് ഥപ്പഡ്. ഒരു ബന്ധത്തില്‍ സ്‌നേഹത്തിനും നിയന്ത്രണത്തിനും ഇടയിലുള്ള രേഖ ഇല്ലാതാകുമ്പോള്‍ എന്ത് സംഭവിക്കും? അബ്യൂസിന് എങ്ങനെ വര്‍ഷങ്ങളായുള്ള പരസ്പര വിശ്വാസത്തെ തകര്‍ക്കാനാകും? അബ്യൂസ് നിറഞ്ഞ ജീവിതത്തിന് ശേഷവും അതിജീവിതയ്ക്ക് അവരുടെ ജീവിതം വീണ്ടെടുക്കാനാകുമോ? എന്നീ ചോദ്യങ്ങളുടെ ഉത്തരമാണ് അമൃതയിലൂടെ ഥപ്പഡ് ലോകത്തോട് വിളിച്ചു പറയുന്നത്.
ഡല്‍ഹിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച അമൃത ഒരു ക്ലാസിക്കല്‍ ഡാന്‍സര്‍ ആണ്. എന്നാല്‍ വിവാഹ ശേഷം അവള്‍ സന്തോഷത്തോടെ തന്നെ വീട്ടമ്മയാകാന്‍ തീരുമാനിക്കുന്നു. അപ്പോഴും ക്ലാസിക്കല്‍ ഡാന്‍സിനോടുള്ള സ്‌നേഹം അവള്‍ നിലനിര്‍ത്തുന്നുണ്ട്. തൊട്ടടുത്ത വീട്ടിലെ കുട്ടിയെ ഡാന്‍സ് പഠിപ്പിക്കുന്നതിലൂടെ അമൃത സന്തോഷം കണ്ടെത്തുന്നു. എന്നാല്‍ അതിനെ ഒരു ഗൗരവമേറിയ തൊഴിലായി അവള്‍ കണ്ടിട്ടില്ല.
അപ്പുറത്ത് അമൃതയുടെ ഭര്‍ത്താവായ വിക്രം കരിയറില്‍ തന്റെ ലക്ഷ്യങ്ങളിലെത്താന്‍ അധ്വാനിക്കുന്ന വ്യക്തിയാണ്. എന്നാല്‍ കരിയറില്‍ അപ്രതീക്ഷിതമായ തകര്‍ച്ച നേരിടുമ്പോള്‍ നിരാശയില്‍ നിന്നുണ്ടായ ദേഷ്യം അയാള്‍ അമൃതയോടാണ് തീര്‍ക്കുന്നത്. വീട്ടില്‍ ഒരു പാര്‍ട്ടിക്കിടെ കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ വെച്ച് അമൃതയുടെ മുഖത്ത് അയാള്‍ അടിക്കുന്നു.
സിനിമയില്‍ അതുവരെ വിക്രമിന്റെ കഥാപാത്രത്തെ അനുഭവ് സിന്‍ഹ ഭാര്യയെ ഉപദ്രവിക്കുന്ന ഒരു വ്യക്തിയായല്ല പോട്രെ ചെയ്തിരുന്നത്. എന്നാല്‍ വിക്രമിലൂടെ സംവിധായകന്‍ കാണിച്ചു തരുന്നത് വിദ്യാസമ്പന്നരായ ഉയര്‍ന്ന ജീവിത സാഹചര്യത്തിലുള്ള പുരുഷന്‍മാരിലും അക്രമണത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും അംശമുണ്ടെന്നാണ്.
പക്ഷെ ആ അടി അമൃതയുടെ ജീവിതം ആകെ മാറ്റി മറിച്ചു. അടിയുടെ ആഘാദത്തില്‍ അമൃത തന്റെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെയും വിവാഹ ജീവിതത്തിന്റെ അടിത്തറയെയും ചോദ്യം ചെയ്യാന്‍ നിര്‍ബന്ധിതയാവുകയാണ് ചെയ്യുന്നത്. എന്നാല്‍ അപ്പോഴും 'വെറുമൊരു അടി' ഇത്തരത്തില്‍ അമൃതയില്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നതെങ്ങനെയാണെന്ന് മനസിലാക്കാന്‍ വിക്രം പാടുപെടുന്നു.
സാധാരണ അമൃത എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ചായ ഉണ്ടാക്കിയ ശേഷം അല്‍പ നേരം തനിയെ സമയം ചിലവഴിക്കുന്നത് പതിവാണ്. പിന്നീട് അങ്ങോട്ട് ഭര്‍ത്താവയ വിക്രമിന് സുഖസൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന ഒരു ജീവിതമാണ് അവള്‍ നയിച്ചിരുന്നത്. എന്നാല്‍ ആ അടി അതെല്ലാം മാറ്റി മറിച്ചു. അതെല്ലാം മറന്ന് സാധാരണത്തെ പോലെ ഭര്‍ത്താവിനെയും നോക്കി ജീവിച്ചു പോകാന്‍ അവള്‍ക്ക് ആകുന്നില്ല. ഭാര്യയെ ബഹുമാനിക്കുന്ന ഒരു ഭര്‍ത്താവ് ഒരിക്കലും തന്നെ തല്ലില്ലെന്ന് അവള്‍ മനസിലാക്കുന്നു. അതുമാത്രമല്ല വിക്രം അതൊരു അടിയല്ലേ എന്ന് പറഞ്ഞ് അതിനെ നിസാരവത്കരിക്കുകയും മാപ്പ് പറയാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു.
എല്ലാവരും അവളോട് പറഞ്ഞു കൊണ്ടിരിക്കുന്നത് ഒന്ന് മാത്രം. ഒരു അടിയല്ലേ.... എന്ന്. അത് മറന്ന് ജീവിതം മുന്നോട്ട് കൊണ്ടു പോകാനാണ് അമൃതയോട് എല്ലാവരും പറയുന്നത്. എന്നാല്‍ അതിന് പകരം അവള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് അവള്‍ ഡിവോഴ്‌സ് ഫയല്‍ ചെയ്യുന്നു.
വിക്രമില്‍ നിന്ന് പണമൊന്നും അമൃതയ്ക്ക് വേണ്ട. വിക്രമിന് അവളെ അടിക്കാനുള്ള അവകാശമില്ലെന്ന് മാത്രമാണ് അമൃത സിനിമയില്‍ ഉടനീളം പറഞ്ഞു കൊണ്ടിരിക്കുന്നത്. അമൃതയ്ക്ക് വേണ്ടത് അവളുടെ ബഹുമാനവും സന്തോഷവുമാണ്. അത് വിവാഹത്തില്‍ നിന്നും ലഭിക്കുന്നില്ലെന്ന് ആ അടിയോടെ അമൃത മനസിലാക്കുന്നു.
അമൃതയുടെ വക്കീലും അവളോട് ചോദിക്കുന്നത്, 'just a slap?' എന്നാണ്. കാരണം അവര്‍ക്ക് ഒരു അടി കിട്ടിയതുകൊണ്ട് മാത്രം വിവാഹ മോചനം വേണമെന്ന് പറയുന്നത് വിശ്വസിക്കാനാവുന്നില്ല. അതിന് അമൃതയുടെ മറുപടി, 'അതെ, ഒരടി മാത്രമാണ്. പക്ഷെ അങ്ങനെ അടിക്കാന്‍ പറ്റില്ല' എന്നാണ്.
സിനിമ മുന്നോട്ട് പോകുമ്പോള്‍ ഗര്‍ഭിണിയാണെന്ന് അമൃത തിരിച്ചറിയുന്നു. എന്നാല്‍ അതും അവളെ വിക്രമില്‍ നിന്നും വിവാഹമോചനം തേടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. അത് ഥപ്പഡ് എന്ന സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. കാരണം ഒരു കുട്ടി വന്നാല്‍ എല്ലാം ശരിയാകുമെന്ന സ്ഥിരം പറച്ചിലിന് ചെവി കൊടുത്ത് അബ്യൂസീവായ വിവാഹ ജീവിതത്തില്‍ നിന്നുപോകുന്ന ഒരുപാട് സ്ത്രീകളുണ്ട്. എന്നാല്‍ അമൃതയിലൂടെ അതിനെ പൊളിച്ചെഴുതുകയാണ് ഥപ്പ്ഡ് ഇവിടെ.
അമൃത എന്ന കഥാപാത്രം സാമൂഹിക മാനദണ്ഡങ്ങളെയും പെണ്‍കുട്ടികളെ വളര്‍ത്തുന്ന രീതിയെയും മാറി ചിന്തിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. അബ്യൂസിനെതിരായ പോരാട്ടം നിയമപരമായ നടപടികളിലൂടെ മാത്രമല്ല മറിച്ച് മനോഭാവത്തിലുള്ള മാറ്റവും അതിന ആവശ്യമാണെന്നും സിനിമ പറഞ്ഞു വെക്കുന്നു. ഒരൊറ്റ അടിയാണെങ്കിലും അതിനോട് നോ എന്ന് പറയേണ്ടതുണ്ട് എന്നും അമൃതയിലൂടെ സംവിധായകന്‍ നമ്മെ പഠിപ്പിക്കുന്നു.
അമൃത ശരിക്കും അസ്വസ്തമായ സത്യങ്ങളെ നേരിടാനുള്ള പ്രചോദനമാണ് നല്‍കുന്നത്. അതോടൊപ്പം ജീവിതത്തെ കൂടുതല്‍ ശ്രദ്ധയോടെ നോക്കാനും പ്രേക്ഷകരോട് പറയുന്നു. നമ്മളില്‍ പലരും ഇത്തരത്തില്‍ ചെറിയ അബ്യൂസുകള്‍ നേരിട്ടിട്ടുണ്ടാവും. പക്ഷെ അതിനെല്ലാം നമ്മള്‍ നിയമ സഹായം തേടാറില്ല. പിന്നെ ഏതൊരു ബന്ധത്തിലും സ്‌നേഹവും അനാദരവും ഒരുപോലെ തന്നെ നിലനില്‍ക്കാനുള്ള സാധ്യതയുമുണ്ട്. അപ്പോള്‍ അത്തരം ജീവിത സാഹചര്യങ്ങളോട് നോ പറയുക എന്നത് ഒരു സ്ത്രീയുടെ അവകാശമാണെന്നാണ് ഥപ്പഡിലൂടെ അമൃത പറഞ്ഞുവെക്കുന്നത്.