മാറ്റം ആഗ്രഹിക്കുന്ന സ്പൈഡർമാൻ, സമ്മതിക്കാതെ മാർവൽ; SPIDERMAN: BRAND NEW DAY REVIEW

ഇതുവരെ കണ്ട 'ഫ്രണ്ട്‌ലി നെയ്‌ബർഹുഡ് സൂപ്പർഹീറോ' അല്ല ഈ ചിത്രത്തിൽ സ്പൈഡർമാൻ
മാറ്റം ആഗ്രഹിക്കുന്ന സ്പൈഡർമാൻ, സമ്മതിക്കാതെ മാർവൽ; SPIDERMAN: BRAND NEW DAY REVIEW
Published on
Updated on

ഈ കഥ നമുക്ക് അറിയാവുന്നത് തന്നെയാണ്. നമ്മൾ ബിഗ് സ്ക്രീനിലും കോമിക് ബുക്സിലും കണ്ടും വായിച്ചും ആസ്വദിച്ച എല്ലാ സൂപ്പർ ഹീറോ സിനിമകളും ഈ പ്രമേയത്തിൽ തൊട്ടുപോയിട്ടുണ്ട്. ഒരു സൂപ്പർ ഹീറോ ആയി ജീവിക്കാൻ പ്രയാസമാണ്. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടേക്കാം, കയ്യടികൾ ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം, ഒരു ഘട്ടത്തിൽ തന്റെ സൂപ്പർപവർ തന്നെ വലിയ വെല്ലുവിളിയായി തീർന്നേക്കാം. പിന്നെ എല്ലാ അതിമാനുഷരും നേരിടുന്ന സ്ഥിരം അസ്ഥിത്വ പ്രതിസന്ധികളും. 'സ്പൈഡർമാൻ: ബ്രാൻഡ് പഴയതാകാം. പക്ഷേ ടോം ഹോളണ്ട് അവതരിപ്പിക്കുന്ന സ്പൈഡർമാൻ AKA പീറ്റർ പാർക്കർ ബ്രാൻഡ് ന്യൂ ആണ്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ ഒരു മാറ്റത്തിനുള്ള ശ്രമമാണ്.

എംസിയുവിൽ നമ്മൾ ഇതുവരെ കണ്ട 'ഫ്രണ്ട്‌ലി നെയ്‌ബർഹുഡ് സൂപ്പർഹീറോ' അല്ല ഈ ചിത്രത്തിൽ സ്പൈഡർമാൻ. 'നോ വേ ഹോം' സംഭവങ്ങൾ കഴിഞ്ഞ് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇന്ന് അയാൾ ഏകനാണ്. ആരാലും തിരിച്ചറിയപ്പെടാതെയാണ് അയാളുടെ ജീവിതം. കാമുകി എംജെയോ ഉറ്റസുഹൃത്ത് നെഡോ അവനെ തിരിച്ചറിയുന്നില്ല. അവരുടെ ഓർമകളിൽ നിന്ന് പീറ്റർ പാർക്കർ എന്ന മനുഷ്യൻ മാഞ്ഞുപോയിരിക്കുന്നു. ആകെയുള്ള കൂട്ട്, ലിസ കോളൻ-സായാസ് അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഡെവോൾഫും പണിഷറുമാണ്. ഇവയെ ആഴമേറിയ സൗഹൃദമായി കാണാൻ സാധിക്കില്ല. അങ്ങനെയായിരുന്നെങ്കിൽ പകൽ ന്യൂയോർക്ക് സിറ്റിയിലെ ക്രൈ ലോ‍ർഡ്സിനെ നേരിടുന്ന സ്പൈഡി രാത്രി തന്റെ അപ്പാ‍ർട്ട്മെന്റിലെ സോഫയിൽ കിടന്ന് നെഡിന്റെ റീൽസുകൾ കണ്ട് വിഷമിക്കുമായിരുന്നില്ല.

മാറ്റം ആഗ്രഹിക്കുന്ന സ്പൈഡർമാൻ, സമ്മതിക്കാതെ മാർവൽ; SPIDERMAN: BRAND NEW DAY REVIEW
THE ORIGINALS | ഒറ്റ സിനിമ കൊണ്ട് ചരിത്രത്തിൽ ഇടംപിടിച്ച സംവിധായിക

ഇങ്ങനെ ഒരാൾ ഒറ്റപ്പെടുമ്പോൾ അയാളിൽ പല മാറ്റങ്ങളുമുണ്ടാകും. ആ മാറ്റങ്ങൾ പീറ്ററിന്റെ ജീവിതത്തിലും സംഭവിക്കുന്നുണ്ട്. അതിനെ അയാൾ എങ്ങനെ നേരിടുന്നു എന്നതാണ് പുതിയ സ്പൈഡർമാൻ ചിത്രത്തിന്റെ പ്രമേയം. സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ തീർത്തും പുതിയ ഒരു സ്പൈഡർമാനെ നമുക്ക് മുന്നിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഹൃദയം തകർന്ന, പ്രണയിനിയെ കൈവിട്ട ഇരുപതുകളുടെ മധ്യത്തിൽ എത്തിനിൽക്കുന്ന ഒരു യുവാവായിട്ടാണ് പീറ്റർ പാർക്കറെ നമുക്ക് മുന്നിലേൽ ഡെസ്റ്റിൻ അവതരിപ്പിക്കുന്നത്. സ്പൈഡർമാൻ നേരിടുന്ന ബാഹ്യമായ വെല്ലുവിളികളിലല്ല സിനിമയുടെ ശ്രദ്ധ; പീറ്റർ പാർക്കർ ആന്തരികമായി നേരിടുന്ന വൈരുദ്ധ്യങ്ങളിലാണ്. പക്ഷേ, 'സൂപ്പ‍ർ ഹീറോ സിനിമ' എന്ന ഭാരം ഈ ആശയവുമായി ഏറെ മുന്നോട്ടുപോകാൻ ഡെസ്റ്റിനെ അനുവദിക്കുന്നില്ല. വിട്ടുകൊടുക്കാൻ സംവിധായകനും. പല സീനുകളിൽ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ ആന്റ​ഗോണിസ്റ്റിലേക്ക് എത്തുമ്പോൾ തന്റെ ആശയത്തിലേക്ക് വീണ്ടും എത്തിച്ചേരാൻ ഡെസ്റ്റിൻ ശ്രമിക്കുന്നു. ഫലമോ, വൈകാരികമായി അടുത്തും അകന്നും സിനിമ ചാഞ്ചാടികളിച്ചുകൊണ്ടിരുന്നു.

എന്നുകരുതി ഒരു സൂപ്പ‍ർഹീറോ ചിത്രത്തിന് വേണ്ട ഹൈ മൊമന്റ്സ് 'സ്പൈഡ‍ർമാൻ: ബ്രാൻഡ് ന്യൂ ഡേ'യിൽ ഇല്ലെന്നല്ല. നിൻജ കൾട്ടായ 'ദ ഹാൻഡു'മായുള്ള സ്പൈഡ‍ർമാന്റെ ഏറ്റുമുട്ടൽ എടുത്തുപറയണം. അത് ആക്ഷന്റെ സ്കെയിലുകൊണ്ടോ കൊറിയോ​ഗ്രഫി കൊണ്ടോ അല്ല ഓർമയിൽ നിൽക്കുന്നത്. കഥാപരമായി ആ കഥാപാത്രത്തിന്റെ പരിണാമം പൂർത്തിയാകുന്ന നിമിഷമാണത്. അതാണ് 'ദ ബി​ഗ് ​ഗായ്'യുടെ വരവിനേക്കാൾ ഈ ഏറ്റുമുട്ടലിനെ വ്യത്യസ്തമാക്കുന്നത്.

ടോം ഹോളണ്ടിന്റെ പ്രകടനം തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. സ്പൈഡ‍‍ർമാന്റെ മാസ്കിനുള്ളിലെ പീറ്റർ പാർക്കറെ പൂർണമായി നടൻ ഉൾക്കൊണ്ടുവെന്ന് പല അവസരങ്ങളിലും നമുക്ക് തോന്നാം. എംജെയായി എത്തിയ സെൻഡയയുമായുള്ള ടോമിന്റെ ഓൺ സ്ക്രീൻ കെമിസ്ട്രിയാണ് ഈ സിനിമയുടെ മാറ്റൊരു പ്രധാന സവിശേഷത. 'എംജെ തന്നെ തിരിച്ചറിയും' എന്ന പീറ്ററിന്റെ പ്രതീക്ഷ ടോമിന്റെ കണ്ണുകളിൽ കാണാം. സെൻഡയയുടെ ശരീരഭാഷ എംജെയുടെ ആശയക്കുഴപ്പം വ്യക്തമായി വെളിവാക്കുകയും ചെയ്യുന്നു. സേഡി സിങ്കിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. എന്തുകൊണ്ട് ഈ കഥാപാത്രത്തെ അണിയറപ്രവർത്തകർ രഹസ്യമാക്കിവച്ചു എന്ന ഉത്തരം സിനിമയിൽ തന്നെയുണ്ട്.

മാറ്റം ആഗ്രഹിക്കുന്ന സ്പൈഡർമാൻ, സമ്മതിക്കാതെ മാർവൽ; SPIDERMAN: BRAND NEW DAY REVIEW
'ദ ഒഡീസി' ആഴമേറിയ സിനിമാനുഭവമാണ്, എന്നാൽ നോളന്റെ മാസ്റ്റർപീസ് അല്ല! THE ODYSSEY REVIEW

മാറ്റമാണ് ഈ സിനിമയുടെ ആപ്തവാക്യം. എന്നാൽ വലിയ മാറ്റങ്ങൾ ബി​ഗ് സ്ക്രീനിലേക്ക് കൊണ്ടുവരാൻ സിനിമയ്ക്ക് സാധിച്ചിട്ടുമില്ല. ഇത്തരം 'വലിയ മാറ്റ'ങ്ങളെ അങ്ങനെ പെട്ടെന്ന് മാ‍ർവൽ സ്വീകരിക്കില്ലല്ലോ. അതുകൊണ്ടാകാം ഒരു സൂപ്പ‍ർഹീറോയുടെ ജീവിതത്തിലെ ട്രാൻസിഷണൽ ഫേസായി ഈ സിനിമ ചുരുങ്ങുന്നത്. അല്ലെങ്കിൽ സൂപ്പ‍ർ ഹീറോസിന്റെ മറ്റൊരു വേർഷൻ അവതരിപ്പിക്കുന്ന ​ഗംഭീര ചിത്രമായി 'ബ്രാൻഡ് ന്യൂ ഡേ' മാറുമായിരുന്നു. പക്ഷേ, അങ്ങനെയുണ്ടായില്ല. എംസിയു പതിവ് തെറ്റിച്ചില്ല. വരാനിരിക്കുന്ന സ്പൈഡർമാൻ സിനിമകളുടെ ആമുഖം മാത്രമായിപ്പോയി ഈ ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ചിത്രം.

News Malayalam 24x7
newsmalayalam.com