'ദ ഒഡീസി' ആഴമേറിയ സിനിമാനുഭവമാണ്, എന്നാൽ, നോളന്റെ മാസ്റ്റർപീസ് അല്ല! THE ODYSSEY REVIEW

ഒഡീസിയസിന്റെ ഉള്ളിലേറ്റ മുറിവിനെപ്പറ്റിയാണ് ഈ സിനിമ
'ദ ഒഡീസി' ആഴമേറിയ സിനിമാനുഭവമാണ്, എന്നാൽ, നോളന്റെ മാസ്റ്റർപീസ് അല്ല! THE ODYSSEY REVIEW
Published on
Updated on

ട്രോജൻ യുദ്ധത്തിന് ശേഷം, സ്വന്തം രാജ്യമായ ഇത്തക്കയിലേക്കുള്ള ഒഡീസിയസ് രാജാവിന്റെ യാത്രയാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ഹോമർ ഒഡീസി എന്ന ഇതിഹാസകാവ്യമാക്കി മാറ്റിയത്. വൻ തിരമാലകളേയും കടൽ രാക്ഷസന്മാരേയും ദൈവകോപങ്ങളേയും മറികടന്നുള്ള ഒഡീസിയസിന്റെ യാത്ര ഒരു വീരഗാഥയാണ്. എന്നാൽ, ദ ഒഡീസി എന്ന ചിത്രത്തിൽ ക്രിസ്റ്റഫർ നോളൻ ആ കഥ ഒന്നുകൂടി പറയുമ്പോൾ യാത്രയ്ക്കല്ല, യാത്രികനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. അയാളുടെ ഉള്ളിലേറ്റ മുറിവിനെപ്പറ്റിയാണ് ഈ ചിത്രം.

ഗ്രീക്ക് ഇതിഹാസമായ ഒഡീസിയെ ആസ്പദമാക്കി ഒരു സിനിമ ചെയ്യാൻ പ്രേരിപ്പിക്കും വിധം അതിൽ ആകർഷിച്ചതെന്താണെന്ന ചോദ്യത്തിന് ക്രിസ്റ്റഫർ നോളൻ നൽകിയ മറുപടിയിൽ ഈ ചിത്രത്തിന്റെ സത്ത കിടപ്പുണ്ട്. എമിലി വിൽസന്റെ ഒഡീസിയുടെ ഇംഗ്ലീഷ് വിവർത്തനം തുടങ്ങുന്ന വരികൾ - Tell me about a complicated man. ഒഡീസിയസ് എന്ന മനുഷ്യനിലെ സങ്കീർണതയാണ് നോളനെ ആകർഷിച്ചത്. വിശുദ്ധ നഗരമായ ട്രോയിയെ ആക്രമിക്കാൻ അഥീനയ്ക്കുള്ള കാണിക്കയിൽ, ഒരു മരക്കുതിരയിൽ ഉപായം കണ്ടെത്തിയ ഒഡീസിയസ് ആ ദിനം നഷ്ടപ്പെടുത്തിയത് അപരനോടുള്ള ഒരുവന്റെ വിശ്വാസമാണ്. ചതിയുടെ ട്രോജൻ കുതിരയുടെ ഭാരവും ഉള്ളിൽപ്പേറിയാണ് അയാൾ ഇത്തക്കയിലേക്ക് തിരിക്കുന്നത്. പത്ത് വർഷത്തോളം നീണ്ട ദുരിതയാത്ര. ആ വഴിയിൽ, തനിക്കൊപ്പം നിന്ന് പൊരുതിയവരെ അയാൾക്ക് നഷ്ടമായി. ചിലരെ ദൈവകോപമെടുത്തു, ചിലരെ അയാൾക്ക് ബലി നൽകേണ്ടിവന്നു. നാട്ടിലേക്ക് മടങ്ങണം, ഭാര്യയേയും മകനേയും കാണണം എന്നത് മാത്രമാണ് തുടക്കത്തിൽ അയാളുടെ ആലോചന. എന്നാൽ, ആ യാത്ര അയാളെ മാറ്റുന്നു. പരുവപ്പെടുത്തുന്നു.

'ദ ഒഡീസി' ആഴമേറിയ സിനിമാനുഭവമാണ്, എന്നാൽ, നോളന്റെ മാസ്റ്റർപീസ് അല്ല! THE ODYSSEY REVIEW
ക്രിസ്റ്റഫർ നോളൻ: ദ ഡാർക്ക് നൈറ്റ് ഓഫ് ഹോളിവുഡ്

ട്രാവിസ് സ്കോട്ട് അവതരിപ്പിച്ച അന്ധനായ കവിയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അയാൾ ഒരു നീളൻ വിരുന്നുമേശയ്ക്ക് മുകളിൽ നിന്ന്, ഒഡീസിയസിന്റെ ട്രോയിയിലെ പോരാട്ടത്തെപ്പറ്റി പാടുകയാണ്. അയാൾക്ക് ചുറ്റുമുള്ളതോ? ഒഡീസിയസിന്റെ ഭാര്യ പെനലോപ്പിയെ സ്വന്തമാക്കാനും, ഇത്തക്കയുടെ രാജാവാകാനും കാത്തിരിക്കുന്ന പ്രഭുക്കന്മാ‍ർ. യുദ്ധം കഴിഞ്ഞ് 10 വർഷമായിട്ടും തിരിച്ചെത്താത്ത ഭർത്താവ് ഇനി വരില്ലെന്ന സത്യത്തോട് പൊരുത്തപ്പെട്ട്, തങ്ങളിൽ ഒരാളെ പെനലോപ്പി പുനർവിവാഹം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അവ‍ർ. ഒഡീസിയസിനെ കണ്ടയോർമയില്ലാത്ത മകൻ ടെലിമാക്കസിനേയും ഇവിടെയാണ് നമ്മൾ പരിചയപ്പെടുന്നത്.

ഇവിടെ നിന്ന് നോളൻ നമ്മളെ നേരെ ഒരു ദ്വീപിലേക്ക് കൊണ്ടുപോകുന്നു. ജലദേവതയായ കലിപ്സോയുടെ ദ്വീപ്. അവിടെ, തനിക്ക് മാത്രം കാണാൻ സാധിക്കുന്ന അഥീനയോട് സംസാരിക്കുന്ന ഒഡീസിയസ്. അയാൾക്ക് താനാരാണെന്നോ, തനിക്ക് ആരൊക്കെയാണുള്ളതെന്നോ ഓർമയില്ല. കലിപ്സോ കൊടുക്കുന്ന താമരയുടെ ഇതളുകൾ ഭക്ഷിച്ച് അയാൾക്ക് സ്മൃതിനാശം സംഭവിച്ചിരുന്നു.

സമയം, കാലം എന്നിവയെ ഉപയോ​ഗിക്കുന്ന നോളന്റെ സിഗ്നേച്ചർ‍ ഫിലിംമേക്കിങ് ശൈലി ഇവിടെയാണ് സിനിമയുടെ ആഖ്യാനത്തിന്റെ ഭാഗമാകുന്നത്. ഏഴ് വർഷമായി അയാൾപോലും അറിയാതെ കലിപ്സോയുടെ തടവിലാണ് അയാൾ. ഒടുവിൽ പെനലോപ്പിയോടുള്ള അയാളുടെ അടങ്ങാത്ത സ്നേഹം തിരിച്ചറിഞ്ഞാണ് കലിപ്സോ അയാളെ മോചിപ്പിക്കുന്നത്. നിങ്ങൾ ആരാണെന്നും, എങ്ങനെ ഇവിടെയെത്തിയെന്നും ശരിക്കൊന്ന് ആലോചിച്ച് നോക്കാൻ കലിപ്സോ അയാളോട് പറയുന്നു. അയാൾ ഓർക്കുന്നു. തന്റെ അനുയായികളെ ഭക്ഷിച്ച ഒറ്റക്കണ്ണുള്ള രാക്ഷസനും, അവരെ പന്നികളാക്കി മാറ്റിയ മന്ത്രിവാദിനിയും, കൂടെയുള്ളവരുടെ എല്ലാം ജീവനെടുത്ത സൂര്യദേവന്റെ ശാപവും എല്ലാം അയാളുടെ ഓ‍ർമകളിൽ തിരികെയെത്തുന്നു. ഒപ്പം പെനലോപ്പിയും ഇത്തക്കയും. നാട്ടിൽ തിരിച്ചെത്തുന്ന ഒഡീസിയസ് പ്രഭുക്കന്മാരെ വധിച്ച് തന്റെ സിംഹാസനം വീണ്ടെടുക്കുന്നു.

'ദ ഒഡീസി' ആഴമേറിയ സിനിമാനുഭവമാണ്, എന്നാൽ, നോളന്റെ മാസ്റ്റർപീസ് അല്ല! THE ODYSSEY REVIEW
നോളനോട് ഇത്ര 'HATE' എന്തിന്? 'ദ ഒഡീസി' വിവാദങ്ങൾ

ഈ കഥയിൽ ഒരു നായകനെ അതിമാനുഷനായി അവതരിപ്പിക്കാനുള്ള എല്ലാ ന്യായീകരണങ്ങളുമുണ്ട്. ദൈവങ്ങളും വിചിത്രജീവികളുമുള്ള ഒരു കഥയിൽ ഒരു മനുഷ്യൻ അൽപ്പം അതിമാനുഷനായാൽ എന്താണ് കുഴപ്പം? ഒരു കുഴപ്പവുമില്ല. ദൃശ്യപരമായി പല ​ഗിമ്മിക്കുകൾക്കും സാധ്യതയുമുണ്ട്. ഇവിടെയാണ് ബി​ഗ് ബജറ്റിൽ സമാന്തര സിനിമയെടുക്കുന്ന സംവിധായകനായി നോളൻ മാറുന്നത്. അയാൾ ഒരു ചോദ്യം ചോദിക്കുന്നു - ട്രോയിക്ക് ശേഷം നാഗരികതയ്ക്കുണ്ടായ മാറ്റമെന്താണ്?

വെങ്കലയുഗത്തിലാണ് നോളൻ തന്റെ ഒഡീസി സ്ഥാപിച്ചിരിക്കുന്നത്. അധിനിവേശകരെ ഭയന്ന് മനുഷ്യൻ കഴിഞ്ഞിരുന്ന കാലം. അവർക്ക് പരസ്പരം വിശ്വാസമില്ല. അവർ കടുംപിടുത്തക്കാരാണ്. അപരനോട് ഉദാരത കാട്ടണമെന്ന സിയൂസിന്റെ കൽപ്പന അവ‍ർ മറന്നിരിക്കുന്നു. അപരന് മുന്നിൽ വാതിൽ തുറക്കാൻ ട്രോജൻ കുതിരയുടെ ഓർമ അവരെ വിലക്കി. അതാണ് ഒഡീസിയസിന്റെ ഉള്ളിലെ മുറിവ്. ആ കുതിരയെ അഴിച്ചുവിട്ടത് താനാണെന്ന തിരിച്ചറിവ്. ഇതിഹാസങ്ങളിലെ ഒഡീസിയസിനോട് അയാൾക്ക് സാമ്യമില്ല. കലിപ്സോയും സിർസിയും അയാളെ പ്രലോഭിപ്പിക്കുന്നില്ല. ഭാര്യയുടെ ചാരിത്ര്യത്തിൽ അയാൾ ആകുലപ്പെടുന്നില്ല. മാറ്റ് ഡാമൻ അവതരിപ്പിച്ച നോളന്റെ ഒഡീസിയസ് മറ്റൊരാളാണ്. അയാൾക്കുള്ളിൽ യുദ്ധാനന്തര ട്രോമകൾ മാത്രമാണുള്ളത്. അല്ലാതെ, മറ്റ് ധാർമിക സങ്കർഷങ്ങൾ അല്ല.

ചാർലിസ് തെറോണിന്റെ കലിപ്സോ എന്ന കഥാപാത്രത്തിന് ഈ സിനിമയിൽ വലിയ റോൾ കൊടുക്കാതിരുന്നത് ഇത്തരം സങ്കീർണതകൾ ഒഴിവാക്കാനാകണം. ഒരു തെറാപ്പിസ്റ്റ് എന്നതിലുപരി കഥയിലേക്ക് കലിപ്സോ ഒന്നും സംഭാവന ചെയ്യുന്നില്ല. അത് ആ നടിയോടും പ്രേക്ഷകരോടും ചെയ്ത അനീതിയാണ്. Tell me about a complicated man എന്ന വരികളോടുള്ള വഞ്ചന.

'ദ ഒഡീസി' ആഴമേറിയ സിനിമാനുഭവമാണ്, എന്നാൽ, നോളന്റെ മാസ്റ്റർപീസ് അല്ല! THE ODYSSEY REVIEW
"അന്ന് ആ പടം മിസ് ആയി"; 20 വർഷമായി 'ഒഡീസി' താരം കൊണ്ടുനടക്കുന്ന കടം

പതിവ് നോളൻ സിനിമകൾ പോലെ സാങ്കേതിക വശത്ത് ഈ സിനിമ മുന്നിട്ടുനിൽക്കുന്നു. ലുഡ്‌വിഗ് ഗോരൻസൺ ഒരുക്കിയ പശ്ചാത്തല സം​ഗീതം പലപ്പോഴും കാണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. പ്രത്യേകിച്ച് യുദ്ധരം​ഗങ്ങളിൽ. എന്നാൽ, മറ്റുചിലയിടങ്ങളിൽ അത് അൽപ്പം അലോസരപ്പെടുത്തുന്നുമുണ്ട്. സിനിമാറ്റോ​ഗ്രഫിയിലേക്ക് വന്നാൽ, ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ ഐമാക്സ് ക്യാമറ ഒഡീസിയെ ആഴമേറിയ ഒരു സിനിമാനുഭവമാക്കി മാറ്റിയിരിക്കുന്നു.

ഇനി, ഒഡീസി ക്രിസ്റ്റഫർ നോളന്റെ മാസ്റ്റ‍ർപീസ് ആണോ എന്ന് ചോദിച്ചാൽ? വീട്ടിലേക്ക്, സ്വന്തം ​ഗ്രഹത്തിലേക്ക്, കാലത്തിലേക്ക് എത്താനായി ഒരു അച്ഛൻ നടത്തുന്ന ഒഡീസി നോളൻ മുൻപേ എടുത്തുകഴിഞ്ഞു. ഇന്റ‍ർസ്റ്റെല്ലാ‍ർ. അതിന് മുകളിൽ നിന്നാൽ മാത്രമേ മറ്റൊരു ചിത്രത്തെ അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ആയി കാണാൻ സാധിക്കൂ. ദ ഒഡീസി ശുദ്ധമായ സിനിമാനുഭവം തന്നെയാണ്. PURE CINEMA! പക്ഷേ നോളന്റെ മാസ്റ്റ‍ർപീസ് അല്ല.

News Malayalam 24x7
newsmalayalam.com