
സിനിമ നയ രൂപീകരണത്തിനായുള്ള സംസ്ഥാന സർക്കാരിൻ്റെ രണ്ടു ദിവസത്തെ സിനിമ കോൺക്ലേവിന് തുടക്കം. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. രാസലഹരിയും വയലൻസും കുത്തിനിറയ്ക്കുന്ന സിനിമകൾ വർധിക്കുന്നുവെന്ന വിമർശനം സിനിമ പ്രവർത്തകർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി ചൂട്ടിക്കാട്ടി.
സിനിമാ നയം രൂപീകരിക്കുന്നതിന്, രണ്ട് ദിവസത്തെ കോൺക്ലേവിനാണ് തിരുവനന്തപുരത്ത് തുടക്കമായത്. പത്ത് സെഷനുകളിലായി സിനിമ മേഖലയിലെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യും. നടി നവ്യ നായർ നൽകിയ ക്ലാപ് ബോർഡ് അടിച്ചാണ് മുഖ്യമന്ത്രി കോൺക്ലേവ് ഉദ്ഘാടനം ചെയ്തത്. ഈഗോ മാറ്റി വെച്ച് പ്രശ്നപരിഹാരത്തിനായി എല്ലാവരും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നടൻ മോഹൻലാൽ കോൺക്ലേവിൽ മുഖ്യാതിഥിയായി. സിനിമാ നയം ചലച്ചിത്ര മേഖലയിലെ തൊഴിലാളികൾക്ക് മുതൽക്കൂട്ട് ആകുമെന്നാണ് പ്രതീക്ഷയെന്ന് മോഹൻലാൽ പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം നടക്കുന്ന കോൺക്ലേവിലെ സെഷനുകളിൽ ഇതും ചർച്ച ആയേക്കും. ഹേമാ കമ്മിറ്റിയിലെ നിർദ്ദേശങ്ങൾ സിനിമാ നയത്തിൻ്റെ കരട് റിപ്പോർട്ടിൽ ഇല്ലെന്ന് നടി പത്മപ്രിയ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഈ വിഷയം വീണ്ടും കോൺക്ലേവിൽ ഉയരുമെന്നാണ് വിവരം.