അഹമ്മദാബാദ് വിമാനാപകടം ഉണ്ടായ പ്രദേശം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ അതീവ ദുഃഖകരമാണ്. അപകടത്തിന് പിന്നാലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തകരെ കണ്ടു. അവർ അക്ഷീണം പ്രവർത്തിക്കുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോൾ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും അപകട കാരണം എന്താണ് എന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിമാനാപകടത്തെ തുടർന്ന് ഉണ്ടായ നാടിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ജില്ലാ കളക്ടർ ഗുജറാത്ത് സ്പെഷ്യൽ ഓഫീസറുമായി നടത്തുന്നുണ്ട്. രഞ്ജിനിയുടെ സഹോദരൻ ഇന്ന് വൈകിട്ടോടെ അഹമ്മദാബാദിലേക്ക് പോകുമെന്നും, ഡിഎൻഎ സാമ്പിൾ ശേഖരിക്കാൻ ക്രമീകരണങ്ങൾ ചെയ്യുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സർക്കാർതലത്തിൽ ആശയവിനിമയങ്ങൾ നടക്കുന്നുണ്ട്. എയർ ഇന്ത്യയുമായി സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കും. സാമ്പിൾ സ്ഥിരീകരണം ഉണ്ടായാൽ കാലതാമസമുണ്ടാകില്ലെന്നും ഫലം ലഭിക്കാൻ 72 മണിക്കൂർ സമയം വേണമെന്നും മന്ത്രി അറിയിച്ചു.
വിമാന അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി പ്രതികരിച്ചു. അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തണം. കേന്ദ്രസർക്കാർ ഫലപ്രദമായ അന്വേഷണം നടത്തണം. കേന്ദ്രസർക്കാർ ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്നും അത് വൈകാതെ ഉണ്ടാവണമെന്നും എം. എ. ബേബബി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ (എ.ഐ171) ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 241 പേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ബ്രിട്ടീഷ് പൗരനായ രമേഷ് വിശ്വാസ് കുമാര്‍ (38)മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിച്ചതിന് ശേഷം സഹോദരൻ അജയ് കുമാർ രമേശിനൊപ്പം യുകെയ്ക്ക് മടങ്ങുകയായിരുന്നു വിശ്വാസ് കുമാർ. വിമാനം പറന്നുപൊങ്ങി 30 സെക്കൻഡിനകം അസ്വാഭാവിക ശബ്ദം കേട്ടെന്നാണ് ഇയാള്‍ പറയുന്നത്. തീപടരും മുന്‍പ് എമർജന്‍സി എക്സിറ്റ് വഴി വിശ്വാസ് പുറത്തേക്ക് കടക്കുകയായിരുന്നു.
ആകാശ ദുരന്തത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എഎഐബി (എയര്‍ക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ) അറിയിച്ചു. അന്വേഷണത്തില്‍ ഇന്ത്യക്കൊപ്പം സഹകരിക്കുമെന്ന് അമേരിക്കയും ബ്രിട്ടനും അറിയിച്ചിട്ടുണ്ട്.