

കൊച്ചി: സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 2002ൽ പുറത്തിറങ്ങിയ പ്രണയചിത്രം 'ഉന്നൈ നിനൈത്ത്'. സൂര്യ, ലൈല, സ്നേഹ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് വിക്രമനാണ്. ഈ സിനിമയിൽ ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് വിജയ്‌യെ ആയിരുന്നു എന്നത് സിനിമാ പ്രേമികൾക്ക് അറിയുന്ന കാര്യമാണ്. അഭിപ്രായ ഭിന്നതകൾ കാരണം നടൻ സിനിമയിൽ നിന്ന് പിൻമാറുകയായിരുന്നു. എന്നാൽ, ഇതിന് മുൻപ് വിജയ്‌യെ വച്ച് സിനിമയുടെ കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നു.
ഇപ്പോഴിതാ, അന്ന് വിജയ്‌യും ലൈലയും ചേർന്ന് അഭിനയിച്ച തമിഴ് സിനിമയിലെ എക്കാലത്തെയും ഹിറ്റ് ഗാനമായ 'എന്നൈ താലാട്ടും' എന്ന പാട്ടിന്റെ ഇതുവരെ പുറത്തുവിടാത്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വിക്രമൻ. ലൈലയും വിജയ്‌യും അഭിനയിച്ച ഈ ഈ ഗാനരംഗം മൂന്നാറിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.
വീഡിയോ പങ്കുവെച്ചുകൊണ്ട് വിക്രമാൻ കുറിച്ചത് ഇങ്ങനെയാണ്:"ഉന്നൈ നിനൈത്തു എന്ന ചിത്രത്തിലെ 'എന്നൈ താലാട്ടും' എന്ന ഗാനം അടുത്തിടെ ശ്രീലങ്കയിലെ സിംഹള വിദ്യാർഥികൾ പാടിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യഥാർഥത്തിൽ ഈ പാട്ട് ഞാൻ ആദ്യം ചിത്രീകരിച്ചത് ദളപതി വിജയ്‌യെ വച്ചായിരുന്നു. ആ ഓർമക്കൾ വീണ്ടും കടന്നുവന്നു. ആ സമയത്താണ് ഈ പാട്ടുമായി ബന്ധപ്പെട്ട ഒരു പഴയ വീഡിയോ കാസറ്റ് എനിക്ക് ലഭിച്ചത്. വീഡിയോയ്ക്ക് കേടുപാടുകൾ സംഭവിച്ചിരുന്നുവെങ്കിലും നിങ്ങൾക്കായി ഞാൻ അത് ഇവിടെ പങ്കുവയ്‌ക്കുന്നു." രണ്ട് പതിപ്പുകളെയും തമ്മിൽ താരതമ്യം ചെയ്യരുതെന്നും സംവിധായകൻ പ്രേക്ഷകരോട് അഭ്യർത്ഥിച്ചു.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഈ ചിത്രത്തിന് വേണ്ടി എടുത്ത വിജയ്‌യുടേയും ലൈലയുടേയും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. 1996ലെ സൂപ്പർഹിറ്റ് ചിത്രമായ 'പൂവേ ഉനക്കാഗ'യ്ക്ക് ശേഷം വിക്രമനും വിജയ്‌യും ഒന്നിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു 'ഉന്നൈ നിനൈത്ത്'. ചിത്രം വലിയ വാണിജ്യ വിജയമാവുകയും പിന്നീട് വിക്രമൻ തന്നെ 'ചെപ്പാവേ ചിരുഗാലി' (2004) എന്ന പേരിൽ തെലുങ്കിലും, അനൗദ്യോഗികമായി കന്നഡയിൽ 'കൃഷ്ണ' (2007) എന്ന പേരിലും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.