കൊച്ചി: സൂര്യയെ നായകനാക്കി വെട്രിമാരൻ ചിത്രം ഒരുങ്ങുന്നു എന്ന പ്രഖ്യാപനം വന്ന അന്ന് മുതൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കി ഒരുക്കുന്ന 'വാടിവാസൽ' എന്ന ഈ ചിത്രത്തിന്റെ ചെറിയ അപ്ഡേറ്റുകൾക്ക് പോലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ പിന്നീട് സിനിമയെ സംബന്ധിക്കുന്ന വിവരങ്ങൾ ഒന്നും പുറത്തുവന്നില്ല. സൂര്യയും വെട്രിമാരനും മറ്റ് സിനിമകളുടെ തിരക്കുകളിലേക്ക് കടക്കുകയും ചെയ്തു. ഇതോടെ 'വാടിവാസൽ' ഉപേക്ഷിച്ചു എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നിർമാതാവ് കലൈപ്പുലി എസ് താനു.
'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ലെന്നും അനിമട്രോണിക്‌സ് വര്‍ക്കുകള്‍ ലണ്ടനില്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നും കലൈപ്പുലി എസ് താനു വ്യക്തമാക്കി. ഇതിനായി നല്ല സമയമെടുക്കും. എന്തായാലും 'വാടിവാസൽ' പ്രേക്ഷകരിലേക്ക് എത്തും. ലോകത്താകമാനമുള്ള തമിഴർക്ക് അംഗീകാരവും അടയാളവുമാകും 'വാടിവാസൽ' എന്നും നിർമാതാവ് പറഞ്ഞു. തിരക്കഥാ ജോലികൾ വൈകുന്നതിനാലും ചില സുരക്ഷാ ആശങ്കകൾ കാരണവുമാണ് സിനിമ വൈകുന്നത് എന്ന് വെട്രിമാരൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
2021ൽ ആണ് 'വാടിവാസൽ' പ്രഖ്യാപിച്ചത്. പ്രശസ്ത തമിഴ് എഴുത്തുകാരൻ സി.എസ്. ചെല്ലപ്പയുടെ 'വാടിവാസൽ' എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. 'കാരി' എന്ന കാളയെ ജെല്ലിക്കെട്ടിൽ മെരുക്കാൻ ശ്രമിക്കുന്ന പിച്ചി എന്ന യുവാവിന്റെ കഥയാണ് നോവൽ പറയുന്നത്. പിച്ചിയുടെ പിതാവ് അംബുലിതേവൻ ഈ കാളയുടെ കുത്തേറ്റാണ് മരിക്കുന്നത്. തമിഴിലെ ബെസ്റ്റ് സെല്ലിങ് നോവലുകളിൽ ഒന്നാണ് 'വാടിവാസൽ'.
അതേസമയം, സിലമ്പരസനെ നായകനാക്കി ഒരുക്കുന്ന 'അരസൻ' ആണ് വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ജോലികൾ പുരോഗമിക്കുകയാണ്. സിലമ്പരസനും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, 'വട ചെന്നൈ' യൂണിവേഴ്സിൽ ആണ് കഥ പറയുന്നത്. ചിമ്പുവിനെ കൂടാതെ വിജയ് സേതുപതിയും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താനു ആണ് നിർമാണം.