"അണ്ണന്റെ അത്രയും വരില്ലെങ്കിലും..."; 'കാന്താര 2' നായിക രുക്മിണി വസന്തിനെ നിർമാതാവ് അപമാനിച്ചെന്ന് വിമർശനം

'കാന്താര' സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയുടെ 'കന്നഡ പ്രസംഗം' തെലുങ്ക് ആരാധകരുടെ അപ്രീതി ഏറ്റുവാങ്ങിയിരുന്നു
രുക്മിണി വസന്ത്, ജൂനിയർ എന്‍ടിആർ
രുക്മിണി വസന്ത്, ജൂനിയർ എന്‍ടിആർSource: X
Published on

കൊച്ചി: 'കാന്താര ചാപ്റ്റർ വണ്‍' തെലുങ്ക് പ്രീ റിലീസ് ഇവന്റ് സിനിമാ ലോകത്ത് അനുദിനം പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തുന്നത്. സിനിമയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയുടെ 'കന്നഡ പ്രസംഗം' തെലുങ്ക് ആരാധകരുടെ അപ്രീതി ഏറ്റുവാങ്ങിയിരുന്നു. പരിപാടിയിലെ മറ്റൊരു പ്രസംഗവും ഇപ്പോള്‍ വൈറലാണ്.

നിർമാതാവ് രവി ശങ്കർ 'കാന്താര 2' നായിക രുക്മിണി വസന്തിനെപ്പറ്റി പറഞ്ഞ വാക്കുകളാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചത്. രുക്മിണിയെ പ്രശംസിച്ചുകൊണ്ടാണ് നിർമാതാവ് പ്രസംഗം ആരംഭിച്ചത്. എന്നാല്‍ പ്രശംസ വഴിമാറി നടിയുടെ കഴിവുകളെ കുറച്ചു കാണുന്ന നിലയിലേക്ക് എത്തിയെന്നാണ് ആരോപണം.

രുക്മിണി വസന്ത്, ജൂനിയർ എന്‍ടിആർ
ബോക്സോഫീസ് ഞെട്ടുമെന്ന് പ്രഭാസ് ഫാൻസ്; ഇത്തവണ ഹൊറർ ഫാൻ്റസി ത്രില്ലർ,രാജാ സാബ് ട്രെയിലറെത്തി

ജൂനിയർ എന്‍ടിആർ നായകനാകുന്ന പ്രശാന്ത് നീല്‍ ചിത്രത്തില്‍ രുക്മിണി വസന്ത് ആണ് നായിക. ചിത്രത്തിന്റെ നിർമാണം രവി ശങ്കറിന്റെ മൈത്രി മൂവി മേക്കേഴ്സ് ആണ്. ഈ സിനിമയെപ്പറ്റി പറയുമ്പോഴായിരുന്നു വിവാദ പ്രസ്താവന. "അസാധാരണ" കഴിവുകളുള്ള നടിയെന്ന് രുക്മിണിയെ പുകഴ്ത്തിയാണ് രവി ശങ്കർ പ്രസംഗം തുടങ്ങിയത്. എന്നാല്‍, ജൂനിയർ എന്‍ടിആറുമായി താരതമ്യപ്പെടുത്തിയ ഇടത്ത് നിർമാതാവിന് പിഴച്ചു.

"ജൂനിയർ എന്‍ടിആറിന്റെ കഴിവിനോട് അടുത്ത് നില്‍ക്കുന്ന ഒരു നായികയ്ക്കായി ഞങ്ങള്‍ മാസങ്ങളോളം തെരഞ്ഞു. രുക്മിണിയെ മാത്രമാണ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചത്. അവർ ഒരു അസാധാരണ നടിയാണ്. അണ്ണന്റെ (ജൂനിയർ എന്‍ടിആർ) അത്രയും അല്ലെങ്കിലും, അദ്ദേഹത്തിന്റെ ഒരു 80 ശതമാനമെങ്കിലും നടിയില്‍ നിന്ന് ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്," രവി ശങ്കർ പറഞ്ഞു.

രുക്മിണി വസന്ത്, ജൂനിയർ എന്‍ടിആർ
'ഹൃദയത്തില്‍ നിന്ന് സംസാരിച്ച്' ഋഷഭ്, തെലുങ്ക് പ്രീ റിലീസ് ചടങ്ങില്‍ കന്നഡ എന്തിനെന്ന് സോഷ്യല്‍ മീഡിയ; 'കാന്താര'യും ഭാഷാ വിവാദത്തില്‍

'കാന്താര 2' തെലുങ്ക് പ്രീ റിലീസ് ഇവന്റില്‍ മുഖ്യ അതിഥി ആയിരുന്ന ജൂനിയർ എന്‍ടിആറിനെ പ്രസംഗത്തിനിടയില്‍ ഉയർത്തിക്കാട്ടാനാണ് നിർമാതാവ് ശ്രമിച്ചത്. എന്നാല്‍ അതിനായി നടിയുടെ പേര് എന്തിന് വലിച്ചിഴച്ചുവെന്നാണ് ആരാധകരുടെ ചോദ്യം. നടി സദസില്‍ ഇരിക്കുമ്പോള്‍ ഇത്തരം ഒരു പ്രസ്താവന ഒഴിവാക്കാമായിരുന്നു എന്നാണ് സമൂഹമാധ്യമങ്ങളിലെ ഭൂരിഭാഗം പോസ്റ്റുകളും അഭിപ്രായപ്പെടുന്നത്. ജൂനിയർ എന്‍ടിആറിന് ഒപ്പം അഭിനയിക്കുന്ന നായികമാർക്ക് ഈ വില മാത്രമാണോ നല്‍കുന്നത് എന്ന് ചോദിക്കുന്നവരേയും കാണാം.

ഹേമന്ത് റാവു സംവിധാനം ചെയ്ത 'സപ്ത സാഗരദാച്ചേ എല്ലോ സൈഡ് എ, ബി' എന്നീ ചിത്രങ്ങളിലൂടെയാണ് രുക്മിണി വസന്ത് കന്നഡ സിനിമാ പ്രേമികളുടെ ഇഷ്ട നായികയായത്. എ.ആർ. മുരുഗദോസിന്റെ ശിവകാർത്തികേയന്‍ ചിത്രം 'മദ്രാസി'യിലും രുക്മിണി ആയിരുന്നു നായിക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com