
2025 പകുതിയാകുമ്പോഴേക്കും രണ്ട് 200 കോടി ക്ലബ്ബ് ചിത്രങ്ങളാണ് മോഹന്‍ലാല്‍ മലയാളത്തിന് സമ്മാനിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനും തരുണ്‍ മൂര്‍ത്തിയുടെ തുടരുവും. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മോഹന്‍ലാല്‍ മലയാള സിനിമയ്ക്ക് വന്‍ നേട്ടം തന്നെയാണ് നേടി കൊടുത്തത്. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സീക്വലായി എത്തിയ എമ്പുരാന്‍ വന്‍ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ കാണാന്‍ എത്തിയത്. എന്നാല്‍ തുടരുമിന്റെ ആകര്‍ഷണം സാധാരണക്കാരനായ മോഹന്‍ലാല്‍ ആയിരുന്നു.
സാധാരണക്കാരനായി വന്‍ പ്രമോഷനില്ലാതെ തിയേറ്ററിലെത്തിയ തുടരും കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. എന്നിരുന്നാലും എമ്പുരാനോളം സിനിമ നേടുമെന്ന് അണിയറ പ്രവര്‍ത്തകരും പ്രതീക്ഷിച്ചിരുന്നില്ല. എമ്പുരാനെ പോലെ തന്നെ തുടരുവും സ്വീകരിച്ച പ്രേക്ഷകരോടിപ്പോള്‍ നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. എഡിറ്റോറിയലിനോട് സംസാരിക്കവെയാണ് തരുണ്‍ തന്റെ സന്തോഷം പങ്കുവെച്ചത്.
"എന്റെ കഴിഞ്ഞ സിനിമകള്‍ നല്ലതാണെന്ന് പറയുമ്പോഴും അതൊന്നും കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നവയല്ല. 200 കോടിക്ക് മുകളില്‍ ഒരു സിനിമ കളക്ട് ചെയ്തു എന്ന് പറയുമ്പോള്‍, തമിഴില്‍ നിന്ന് സൂര്യയും ജ്യോതികയും കാര്‍ത്തിയുമെല്ലാം ഇതെങ്ങനെയാണ് നിങ്ങള്‍ നേടിയെടുത്തത് എന്ന് ചോദിക്കുമ്പോഴാണ് നമ്മള്‍ ചെയ്തത് ഇത്രയും വലിയ കാര്യമായിരുന്നോ എന്ന് തിരിച്ചറിയുന്നത്. ഇപ്പോള്‍ പൃഥ്വിരാജ് എന്ന് പറയുന്ന സംവിധായകന്റെ ക്രാഫ്റ്റ് നമുക്ക് അറിയാവുന്നതാണ്. അങ്ങനെയൊരു സംവിധായകന്‍ ഒരു സിനിമയുമായി വന്നതിന് ശേഷം തുടരും എന്ന സിനിമയുമായി വരുന്നതിന്റെ ഒരു ഭയപ്പാടുണ്ടായിരുന്നു. അത് രാജു തന്നെയാണ് എനിക്ക് മാറ്റി തന്നത്. തന്റെ സിനിമയ്ക്ക് ഇവിടെ ഭയങ്കരമായൊരു ഓഡിയന്‍സുണ്ട്. ആ ലാലേട്ടനെ കാണാന്‍ ആളുകള്‍ വരും. ഞാനും ആ ലാലേട്ടനെ കാണാനാണ് കാത്തിരിക്കുന്നതെന്ന രാജുവിന്റെ ഒരു മെസേജില്‍ നിന്നാണ് അത് മാറുന്നത്. എമ്പുരാനൊപ്പം തന്നെ തുടരുമിനെയും പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നത് സന്തോഷം", തരുണ്‍ പറഞ്ഞു.
ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച എമ്പുരാന്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 260 കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് നിര്‍മിച്ച തുടരും 230 കോടിക്ക് മുകളില്‍ ആഗോളതലത്തില്‍ കളക്ട് ചെയ്തത്.