ക്വിന്റൻ ടാരന്റീനോയുടെ തിരക്കഥയിൽ ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത 'ദ ഫർദർ മിസ്-അഡ്വഞ്ചേഴ്സ് ഓഫ് ക്ലിഫ് ബൂത്ത്' സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ബ്രാഡ് പിറ്റ് നായകനായി എത്തുന്ന ചിത്രം 2019ൽ ടാരന്റീനോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്' എന്ന സിനിമയുടെ സ്പിൻ-ഓഫ് ആണ്. തനതായ ശൈലികൊണ്ട് നിരന്തരം വിസ്മയിപ്പിക്കുന്ന രണ്ട് സംവിധായകർ കൈകോർക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
1977ലെ ലോസ് ആഞ്ചലസിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 'വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡിൽ' ബ്രാഡ് പിറ്റ് അവതരിപ്പിച്ച 'ക്ലിഫ് ബൂത്ത്' എന്ന സ്റ്റണ്ട്മാൻ ആണ് കേന്ദ്ര കഥാപാത്രം. ഹോളിവുഡ് സ്റ്റണ്ട്മാൻ ജോലി ഉപേക്ഷിച്ച ക്ലിഫ് ഇപ്പോൾ സിനിമ സ്റ്റുഡിയോകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന 'സ്റ്റുഡിയോ ഫിക്സർ' ആണ്. പുതിയ തൊഴിൽ മേഖലയിലേക്ക് ക്ലിഫ് കടക്കുന്നതാണ് സിനിമയുടെ പ്രമേയം. ബ്രാഡ് പിറ്റിന് മികച്ച സഹനടനുള്ള ഓസ്കാർ നേടിക്കൊടുത്ത കഥാപാത്രമാണ് ക്ലിഫ് ബൂത്ത്.
'സെവൻ', 'ഫൈറ്റ് ക്ലബ്', 'ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ' എന്നീ ക്ലാസിക് ചിത്രങ്ങൾക്ക് ശേഷം ബ്രാഡ് പിറ്റും ഡേവിഡ് ഫിഞ്ചറും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ടാരന്റീനോയ്‌ക്കൊപ്പം നടൻ സഹകരിക്കുന്ന മൂന്നാം ചിത്രം എന്ന പ്രത്യേകതയും 'ദ ഫർദർ മിസ്-അഡ്വഞ്ചേഴ്സ് ഓഫ് ക്ലിഫ് ബൂത്തി'നുണ്ട്. ടാരന്റീനോ സംവിധാനം ചെയ്ത 'ഇൻഗ്ലോറിയസ് ബാസ്റ്റേഡ്സ്', 'വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്' എന്നീ ചിത്രങ്ങളിൽ ബ്രാഡ് പിറ്റ് പ്രധാന വേഷത്തിൽ എത്തിയിരുന്നു.
എലിസബത്ത് ഡെബിക്കി, സ്കോട്ട് കാൻ, കാർല ഗുഗിനോ, യാഹ്യ അബ്ദുൾ-മതീൻ II, തിമോത്തി ഒലിഫന്റ്,കാരെൻ കരാഗുലിയൻ, പിറ്റർ വെല്ലർ, കോറി ഫോഗൽമാനിസ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഛായാഗ്രഹണം - എറിക് മെസ്സർഷാമിറ്റ്, പ്രൊഡക്ഷൻ ഡിസൈനർ - ഡൊണാൾഡ് ഗ്രഹാം ബർട്ട്, എഡിറ്റിങ് - കിർക്ക് ബാക്സ്റ്റർ, കാസ്റ്റിംഗ് - ലാറേ മെയ്ഫീൽഡ്, കോസ്റ്റ്യൂം ഡിസൈനർ - ട്രിഷ് സമ്മർവില്ലെ, സൗണ്ട് ഡിസൈനർ - റെൻ ക്ലൈസ്.
2026 നവംബർ 25ന് ചിത്രം ഐമാക്സ് തിയേറ്ററുകളിൽ റിലീസ് ചെയ്യും. തുടർന്ന് ഡിസംബർ 23 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും.