

കൊച്ചി: മലയാള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ ടീസർ പുറത്ത്. ഒരു മിനിറ്റും അൻപത് സെക്കൻഡും ദൈർഘ്യമുള്ള ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 2013ൽ പുറത്തിറങ്ങിയ 'ദൃശ്യ'ത്തിന്റെ ആദ്യം ഭാഗത്തിലെയും 2021ലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെയും രംഗങ്ങളടക്കം ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനകഥാപാത്രങ്ങളെയെല്ലാം തന്നെ കാണിക്കുന്ന ടീസർ നൽകുന്നത് ജോർജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരുമെന്ന സൂചനയാണ്.
ഒരു പള്ളിക്കുള്ളിൽ ജോർജുകുട്ടി ഇരിക്കുന്നതും ടീസറിൽ കാണാം. ജനിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് തന്റെ ഈ യുദ്ധമെന്നും തന്റെ കുടുംബം തകരുമെന്ന ഒരുഘട്ടം വന്നപ്പോൾ മുൻപിൻ നോക്കാതെ പ്രവർത്തിച്ച് പോയെന്നും ജോർജ്കുട്ടി പറയുന്നത്. ഇപ്പോൾ ഭയമാണെന്നും ഇത് പോലെ ഇനി ആരൊക്കെ ഉണ്ടെന്ന് തനിക്കറിയില്ലെന്നും പറഞ്ഞ് സസ്പെൻസിട്ടാണ് ടീസർ അവസാനിപ്പിക്കുന്നത്.
മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 21നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. നാല് വർഷങ്ങൾക്ക് ശേഷമാണ് മൂന്നാം ഭാഗമെത്തുന്നത്. ആശിർവാദ് സിനിമാസ്-പനോരമ സ്റ്റുഡിയോസ്-പെൻ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
ഡിസംബർ ആദ്യമാണ് 'ദൃശ്യം 3' ഷൂട്ടിങ് അവസാനിച്ചത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.