കൊച്ചി: കന്നഡ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് അണിയിച്ചൊരുക്കുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ്' എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. രുക്മിണി വസന്തിനെ 'മെലീസ' എന്ന കഥാപാത്രമായി അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 19 നാണ് സിനിമയുടെ റിലീസ്.
സപ്ത സാഗരദാച്ചെ എല്ലോ, കാന്താര 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രുക്മിണി വസന്ത് 'ടോക്സിക്കി'ലും സുപ്രധാന കഥാപാത്രമായാകും എത്തുക എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത് . താര സുതാര്യയുടെ 'റെബേക്ക', കിയാര അദ്വാനി അവതരിപ്പിക്കുന്ന 'നാദിയ', ഹുമ ഖുറേഷിയുടെ 'എലിസബത്ത്', നയൻതാരയുടെ 'ഗംഗ' എന്നീ ശക്തമായ കഥാപാത്രങ്ങൾക്ക് പിന്നാലെയാണ് രുക്മിണിയുടെ 'മെലീസ'യെ അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനും ശക്തമായ നാടകീയ മുഹൂർത്തങ്ങളും ആഴമേറിയ കഥാപശ്ചാത്തലവും ചേർന്ന ‘ടോക്സിക്’ പാൻ ഇന്ത്യൻ സിനിമാനുഭവമാകുമെന്നാണ് ഈ ക്യാരക്ടർ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത്.
യഷും ഗീതു മോഹൻദാസും ചേർന്ന് ടോക്സിക്കിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ പുറത്തിറങ്ങും. ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂര്‍, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ടി പി അബിദ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ ജെ പെറിയോടൊപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവും കേച ഖംഫാക്ഡീയും ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്.
കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട് കെ നാരായണയും യാഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈദ്, ഉഗാദി, ഗുഡി പാഡ്വ എന്നിവയോടനുബന്ധിച്ച ദീര്‍ഘമായ ഉത്സവ വാരാന്ത്യമായ 2026 മാര്‍ച്ച് 19 നാണ് 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ്' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.