

മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ്റെ വസതിയോട് ചേർന്ന് രണ്ട് പാമ്പുകളെ കണ്ടെത്തി. ഓഗസ്റ്റ് 17നാണ് സംഭവം. വൈകുന്നേരം ഷാരൂഖിൻ്റെ മുംബൈയിലെ വസതിയായ മന്നത്തിൻ്റെ പൂന്തോട്ടത്തോട് ചേർന്നുള്ള ഒരു ഷെഡിനടിയിൽ നിന്നാണ് രണ്ട് പാമ്പുകളെ കണ്ടെത്തിയത്. ഇതിൽ ഒരെണ്ണത്തിന് എട്ടടിയോളം നീളമുണ്ടായിരുന്നു. വിവരമറിഞ്ഞ് പാമ്പ് പിടുത്തക്കാരും വനം ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയായിരുന്നു.
രാത്രി 8 മണിയോടെയാണ് പാമ്പുകളെ ആദ്യം കണ്ടത്. പിന്നീട് പാമ്പ് പിടുത്തക്കാരൻ വിക്കി ദുബെയെ ബാന്ദ്ര വെസ്റ്റ് ബംഗ്ലാവിലേക്ക് വിളിപ്പിച്ചു. തുടർന്ന് അദ്ദേഹം വനംവകുപ്പിലെ റൗണ്ട് ഓഫീസർ ദീപക് ദാദ ഗെയ്‌ക്ക്‌വാദിനേയും താനെയിലെ മുംബൈ റേഞ്ച് ഓഫീസ് കൺട്രോളറേയും വിവരമറിയിച്ചു. അതോടെ സ്ഥലത്ത് ആളുകളും തടിച്ചുകൂടി.
ഏറെ നേരത്തെ തെരച്ചിലിന് പിന്നാലെ എട്ടടിയോളം നീളമുള്ള ഒരു ചേരയെ പിടികൂടി. എന്നാൽ ആളുകളുടെ തിരക്കിനിടയിൽ രണ്ടാമത്തെ പാമ്പ് എങ്ങോട്ടോ ഓടിയൊളിച്ചു. അതോടെ മന്നത്തിൻ്റെ സുരക്ഷാ ജീവനക്കാരിലും വീട്ടുകാരിലും ആശങ്ക വർധിച്ചു. രാത്രി ഏറെ വൈകീട്ടും പരിസരത്ത് തിരച്ചിൽ തുടർന്നു. എത്ര ശ്രമിച്ചിട്ടും രണ്ടാമത്തെ പാമ്പിനെ കണ്ടെത്താനായില്ല.
എന്തായാലും പിടികൂടിയ ചേരയെ വനം വകുപ്പിൻ്റെ പ്രോട്ടോക്കോൾ പ്രകാരം സുരക്ഷിതമായ ഒരു പ്രദേശത്ത് തുറന്നുവിട്ടു. രണ്ടാമത്തേതും ചേര തന്നെയാണെന്നാണ് സൂചന. വിഷമില്ലാത്ത പാമ്പായതിനാൽ വലിയ ആശങ്കകൾ ഒഴിവായിട്ടുണ്ട്.