

'വാഴ' സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ഇത്തവണ പെൺകുട്ടികളുടെ കഥയുമായാണ് 'വാഴ' ഫ്രൈഞ്ചൈസി എത്തുന്നത്. സിനിമയുടെ നിർമാണ പങ്കാളിയായ സംവിധായകൻ വിപിൻ ദാസ് ആണ് സിനിമ ഔദ്യോഗികമായി അനൗൺസ് ചെയ്തത്. നവാഗതനായ വിശ്വൻ ശ്രീജിത്ത് ആണ് സംവിധാനം. അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കും.
വിപിന്‍ ദാസിന്റെ ഡയറക്റ്റോറിയല്‍ ടീമിന്റെ ഭാഗമാണ് സംവിധായകൻ വിശ്വൻ ശ്രീജിത്ത്. വിപിൻ ദാസ് ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. വിപിന്‍ ദാസിനൊപ്പം ഹാരിസ് ദേശം, പി.ബി. അനീഷ്, സാഹു ഗരപതി, ആദര്‍ശ് നാരായണ്‍, ഐക്കണ്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അങ്കിത് മേനോൻ ആണ് മ്യൂസിക് സൂപ്പർവിഷൻ. പോസ്റ്റര്‍ ഡിസൈന്‍ സര്‍ക്കാസനം. 'ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്' എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്.
ദീർഘമായ ഒരു കുറിപ്പിനൊപ്പമാണ് വിപിൻ ദാസ് സിനിമയുടെ പോസ്റ്റർ പങ്കുവച്ചത്. " 'വാഴ' എന്ന ഈ ഫ്രാഞ്ചൈസി നമ്മൾ സങ്കൽപ്പിച്ചതിലും എത്രയോ വലിയ ഒന്നായി വളർന്നിരിക്കുന്നു. നിങ്ങൾ നൽകിയ സ്നേഹത്തിന് എല്ലാവർക്കും നന്ദി! പുതിയ പ്രതിഭകളെ സിനിമയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ 'വാഴ' ആരംഭിച്ചത്. വരാനിരിക്കുന്ന എല്ലാ ഭാഗങ്ങളിലും അങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
നിങ്ങൾക്ക് എഴുതാനോ, സംവിധാനം ചെയ്യാനോ, അഭിനയിക്കാനോ, സംഗീതം നൽകാനോ ആഗ്രഹമുണ്ടെങ്കിൽ, വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുന്ന ഏക ഫ്രാഞ്ചൈസി ഇതാണ്. സിനിമയിലെ അടുത്ത തലമുറ ആയിരിക്കും എപ്പോഴും ഈ ഫ്രാഞ്ചൈസിയുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും. നിങ്ങളുടെ മികച്ച പ്രതികരണങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ടുകൊണ്ട്, ഞങ്ങൾ ഏറെ ആവേശത്തോടെ പ്രഖ്യാപിക്കുന്നു: 'വാഴ 3' – ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്.
എപ്പോഴും എന്നപോലെ, എന്റെ സംവിധാന ടീമിലെ നിർണായക പങ്കാളിയായ വിശ്വൻ ശ്രീജിത്തിലേക്ക് സംവിധാന ഉത്തരവാദിത്തം കൈമാറുന്നു. അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കും. ഇത് നീണ്ട കാത്തിരിപ്പായിരിക്കുമെന്ന് ഞങ്ങൾക്കറിയാം, എന്നാൽ തീർച്ചയായും അതൊരു മികച്ച അനുഭവമായിരിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു!," എന്നാണ് വിപിൻ ദാസ് കുറിച്ചത്.