

കൊച്ചി: വെങ്കട്ട് പ്രഭു രചിച്ച് സംവിധാനം ചെയ്ത, തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ് 'മങ്കാത്ത'. അജിത് കുമാറിന്റെ കരിയറിലെ 50ാമത് ചിത്രമായി എത്തിയ സിനിമ റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. 14 വർഷത്തിന് ശേഷം വീണ്ടും തിയേറ്ററുകളിൽ എത്തുമ്പോൾ ചരിത്രം ആവർത്തിക്കുകയാണ് 'മങ്കാത്ത'.
തമിഴ്‌നാട്ടിൽ ഒരു റീ റിലീസ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന അഡ്വാൻസ് ബുക്കിംഗ് ഇനി 'മാങ്കാത്ത'യ്ക്ക് സ്വന്തം. വിജയ് ചിത്രം 'ഗില്ലി'യുടെ റെക്കോർഡ് ആണ് മങ്കാത്ത തകർത്തത്. ആദ്യ ദിനത്തിൽ മാത്രം 2.20 കോടി രൂപയാണ് ചിത്രം പ്രീ സെയിൽസിലൂടെ നേടിയത്. 2.15 കോടി രൂപയാണ് റീ റിലീസ് പ്രീ സെയിൽസിലൂടെ 'ഗില്ലി' സ്വന്തമാക്കിയത് . ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുന്ന ആദ്യ റീ റിലീസ് ചിത്രമായും 'മങ്കാത്ത' മാറി.
രണ്ടാം വരവിൽ 'മങ്കാത്ത' റെക്കോർഡുകൾ തിരുത്തിയെഴുതുമ്പോൾ സംവിധായകൻ വെങ്കട്ട് പ്രഭു ഒരു ഫൺ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അജിത്തും വിജയ്‌യും ഒന്നിച്ചുള്ള ഒരു അപൂർവ ചിത്രവും കുറിപ്പുമാണ് റീ റിലീസ് ദിനത്തിൽ സംവിധായകൻ പങ്കുവച്ചിരിക്കുന്നത്. ക്ലൈമാക്സ് വെളിപ്പെടുത്തി മറ്റുള്ളവരുടെ സിനിമാ അനുഭവം നശിപ്പിക്കരുതെന്നാണ് കുറിപ്പിൽ വെങ്കട്ട് പ്രഭുവിന്റെ ആരാധകരോടുള്ള അഭ്യർഥന.
"ഇന്ന് മുതൽ നമുക്ക് മാങ്കാത്ത വീണ്ടും അനുഭവിച്ചറിയാം!! ദയവായി ക്ലൈമാക്സ് വെളിപ്പെടുത്തി എന്റെ അനുഭവം നശിപ്പിക്കരുത്!! മാങ്കാത്ത ഷൂട്ടിങ്ങിനിടയിലെ മറക്കാൻ കഴിയാത്ത നിമിഷമാണ് ഈ ചിത്രം!!! സമീപഭാവിയിലൊന്നും ഇങ്ങനെ ഒന്ന് ഇനി സംഭവിക്കില്ല!! പക്ഷേ എന്റെ ഈ ചിന്ത തെറ്റാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു!!! നമുക്ക് മാങ്കാത്ത ആസ്വദിക്കാം," എന്നാണ് വെങ്കട്ട് പ്രഭു കുറിച്ചത്.
റീ റിലീസിലൂടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് ഇപ്പോഴും 'ഗില്ലി' ക്ക് സ്വന്തമാണ്. 26.50 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. എന്നാൽ, 'മാങ്കാത്ത'യ്ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യത ആ റെക്കോർഡിനും ഭീഷണിയായേക്കുമെന്നാണ് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നത്.
2011 ഓഗസ്റ്റ് 31ന് ആണ് 'മങ്കാത്ത' റിലീസ് ആയത്. അന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നായി മാറിയ ചിത്രത്തിന് ഇന്നും കൾട്ട് സ്റ്റാറ്റസാണ് ഉള്ളത്. വിനായക് മഹാദേവ് നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് ചിത്രത്തിൽ അജിത് എത്തിയത്. ഇത് ആരാധകർക്ക് വലിയ സർപ്രൈസായിരുന്നു. അർജുൻ സർജ, തൃഷ കൃഷ്മൻ, റായ് ലക്ഷ്മി, പ്രേംജി അമരൻ, വൈഭവ് റെഡ്ഡി, മഹത് രാഘവേന്ദ്ര, അഞ്ജലി, ആൻഡ്രിയ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.