

'ഹാന്‍സം' എന്ന ഇംഗ്ലീഷ് വാക്കിനെ ഉദാഹരണ സഹിതം സ്ഥാപിക്കാന്‍ ഒരു മലയാളിയോട് ആവശ്യപ്പെട്ടാൽ ചിലപ്പോള്‍ ആദ്യം അയാളുടെ മനസിൽ വരിക ജയന്‍ എന്ന നടന്റെ രൂപമാകും. ആരും നോക്കി നിന്ന് പോകുന്ന ശരീരകാന്തി, ആരെയും പിടിച്ചിരുത്തുന്ന ശബ്ദ ഗാംഭീര്യം, അയാൾ സ്ക്രീനിൽ വന്നാൽ പിന്നെ മറ്റൊരിടത്തേക്കും കാണിയുടെ ശ്രദ്ധപോകില്ല, കണ്ണുകൾ ജയനിലേക്ക് മാത്രം. കണ്‍നിറഞ്ഞ് ആ നടൻ അങ്ങനെ നിറഞ്ഞു നിൽക്കും. അനശ്വര നടൻ ജയൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 45 വർഷം തികയുകയാണ്.
1939 ജൂലൈ 29ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയൻ എന്ന കൃഷ്ണൻ നായർ ജനിച്ചത്. തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവായിരുന്ന മാധവവിലാസം വീട്ടിൽ മാധവൻപിള്ള. മാതാവ് ഓലയിൽ ഭാരതിയമ്മ. ഏറെ പ്രാർഥനയ്ക്ക് ശേഷമാണ് ഇരുവർക്കും കൃഷ്ണൻ നായർ ജനിക്കുന്നത്. ചെറുപ്പം മുതലേ, മിതഭാഷിയായിരുന്നു. ഗൗരവപ്രകൃതം. താൽപ്പര്യം ബോഡി ബിൽഡിങ്ങിലും സാഹസികതയിലും. കൊല്ലത്ത് നടക്കുന്ന ഗുസ്തി മത്സരങ്ങള്‍ ആ ചെറുപ്പക്കാരൻ ആവേശത്തോടെ കണ്ടു നിന്നു. കാണി പതിയെ കളത്തിലേക്ക് ഇറങ്ങി. സ്കൂളിലെ ഗുസ്തി ചാംപ്യനായി. കയ്യടികൾ ജയനെ ഹരംകൊള്ളിച്ചു. ഗുസ്തിയിലൂടെ മാത്രമല്ല നാടകങ്ങളിലൂടെയും ജയൻ കയ്യടികൾ നേടിയെടുത്തു.
സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ജയന് സാധിച്ചില്ല. 16ാം വയസിലാണ് ജയൻ നേവിയിൽ ചേരുന്നത്. ഒട്ടും താൽപ്പര്യമുണ്ടായിട്ടില്ല. അതായിരുന്നു കുടുംബത്തിലെ അവസ്ഥ. പതിനഞ്ച് വര്‍ഷത്തോളം പെറ്റി ഓഫീസറായി നേവിയില്‍ ജോലി ചെയ്തു. നേവിയിലെ ജോലിക്കിടയിലും ചില നാടകങ്ങളില്‍ അഭിനയിച്ചു. പക്ഷേ, നേവി ജീവിതം ഏറെ നീണ്ടുനിന്നില്ല. 15 വർഷത്തിന് ശേഷം വി.ആർ.എസ് എടുത്തു മടങ്ങി. പിന്നെ ഭാഗ്യ പരീക്ഷണം സിനിമയിൽ.
മലയാള സിനിമയിൽ നിത്യഹരിത നായകൻ പ്രേം നസീർ നിറഞ്ഞുനിൽക്കുന്ന കാലമാണ്. നടൻ ജോസ് പ്രകാശിന്റെ മകൻ രാജന്‍ ജോസഫുമായുള്ള പരിചയമാണ് ജയന്റെ ജീവിതം മാറ്റിമറിക്കുന്നത്. രാജൻ വഴി ജോസ് പ്രകാശുമായി ജയൻ പരിചയത്തിലായി. ജോസ് പ്രകാശിന്റെ ശുപാർശയിലാണ് ജേസി സംവിധാനം ചെയ്ത ‘ശാപമോക്ഷം’ എന്ന പടത്തില്‍ ഒരു പാട്ടു സീനില്‍ അവസരം ലഭിക്കുന്നത്. ആ നടന്‍ സ്ക്രീനിൽ എവിടെ നിന്നാലും കണ്ണിലുടക്കും എന്ന് ഉറപ്പല്ലേ. ജയൻ ശ്രദ്ധിക്കപ്പെട്ടു. വില്ലൻ വേഷങ്ങളാണ് ആദ്യകാലങ്ങളില്‍ തേടിയെത്തിയത്. ഹരി പോത്തൻ എടുത്ത 'പഞ്ചമി' എന്ന ചിത്രത്തിലെ ഫോറസ്റ്റ് റേഞ്ചറുടെ വേഷം വഴിത്തിരിവായി. അക്കാലത്ത് ഹരി പോത്തന്റെ ഭാര്യയായിരുന്ന ജയഭാരതിയായിരുന്നു 'പഞ്ചമി'യിലെ നായിക. ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി. ഭാരതിയുടെ ശുപാർശിലാണ് ഹരി പോത്തൻ ജയനെ സിനിമയില്‍ പരീക്ഷിക്കുന്നത്. അത് വിജയം കണ്ടു. ജയന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങിയ ജയൻ പതിയ നായകന്റെ റോളുകൾ ലഭിക്കാൻ തുടങ്ങി. ഹരിഹരൻ സംവിധാനം ചെയ്ത 'ശരപഞ്ജര'മാണ് നായകപദവി നേടിക്കൊടുക്കുന്നത്. ഐ.വി. ശശി സംവിധാനം ചെയ്ത 'അങ്ങാടി'യില്‍ ചുമട്ടുതൊഴിലാളിയായി എത്തി ഇംഗ്ലീഷ് പറഞ്ഞ് ജയൻ കാണികളെ കോരിത്തരിപ്പിച്ചു. ആ നടൻ ഒരു സൂപ്പർ സ്റ്റാറായി മാറി. ജനകീയ താരം.
മലയാള സിനിമയിൽ സാഹസികതയ്ക്ക് പേരുകേട്ട മറ്റൊരു നടന്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഡ്യൂപ്പില്ലാതെ അദ്ദേഹം സംഘടന രംഗങ്ങളില്‍ തിമിർത്താടി. പുലിക്കുട്ടിയെ തോളിലെടുക്കാനും മലമ്പാമ്പുമായി മൽപ്പിടുത്തം നടത്താനും ജയന് ഒരു ബദൽ ശരീരം ആവശ്യമില്ലായിരുന്നു. 1974 മുതൽ '80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് ഒരു തമിഴ് ചിത്രം ഉൾപ്പെടെ 116 സിനിമകളിൽ ജയൻ അഭിനയിച്ചു. ഒടുവിൽ, 1980 നവംബർ 16ന് 'കോളിളക്കം' എന്ന പി.എൻ. സുന്ദരം സിനിമയുടെ സെറ്റില്‍ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തില്‍ ജയൻ അകാലത്തിൽ പൊലിഞ്ഞു. മരിക്കുമ്പോൾ 41 വയസായിരുന്നു. അക്ഷരാർഥത്തിൽ, ശോഭയോടെ പ്രകാശിച്ചു നിന്ന ഒരു നക്ഷത്രം പിടിത്തം വിട്ട് ആകാശത്തിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. എന്നാൽ മരണത്തിന് ആ താരത്തിന്റെ പ്രഭ കെടുത്താൻ ആയില്ല. ഇന്നും ജയന്റെ സിംഹാസനം മലയാളി ഒഴിച്ചിടുന്നു.