

മുംബൈ: പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. മുംബൈ നാനാവതി ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഗീത സംവിധായകരായ ജതിൻ-ലളിതിന്റെയും മുൻ നടി വിജയത പണ്ഡിറ്റിന്റെയും മൂത്ത സഹോദരിയായിരുന്നു. ലളിത് പണ്ഡിറ്റാണ് മരണ വിവരം സ്ഥിരീകരിച്ചത്.
1975ൽ സഞ്ജീവ് കുമാറിന് ഒപ്പം ഉൽജൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. രാജേഷ് ഖന്ന, ശശി കപൂർ, വിനോദ് ഖന്ന എന്നിവരുൾപ്പെടെ ആ കാലഘട്ടത്തിലെ മിക്കവാറും എല്ലാ മുൻനിര താരങ്ങള്‍ക്കൊപ്പവും പ്രവർത്തിച്ചു. സങ്കോച്, ഹേരാ ഫേരി, ഖണ്ഡാൻ, ധരം ഖണ്ഡ എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.
തു ഹി സാഗർ തു ഹി കിനാര, പർദേസിയാ തേരെ ദേശ് മേം, ബേകരാർ ദിൽ ടൂട്ട് ഗയാ, ബാന്ധി രേ കഹേ പ്രീത്, സോംവാർ കോ ഹം മിലേ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളും സുലക്ഷണ ആലപിച്ചിട്ടുണ്ട്. ഹരിയാനയിലെ ഹിസ്സാറിലുള്ള പിലിമന്ദോരി ഗ്രാമത്തിലെ ഒരു സംഗീത കുടുംബത്തിലാണ് സുലക്ഷണ പണ്ഡിറ്റ് ജനിച്ചത്. പ്രശസ്ത ക്ലാസിക്കൽ ഗായകൻ പ്രതാപ് നരേൻ പണ്ഡിറ്റിന്റെ മകളാണ്.