

സിനിമയിലും നാടകത്തിലും അഭിനയിക്കുന്ന സ്ത്രീകള്‍ മോശപ്പെട്ടവരാണെന്ന പൊതുബോധം നിലനിന്ന കാലത്താണ് അടൂരിൽ നിന്ന് രണ്ട് സിസ്റ്റേഴ്സ് താരങ്ങളായി ഉയർന്നത്. ഭവാനിയും പങ്കജവും. ഇളയവൾ പങ്കജമാണ് ആദ്യം സിനിമാഭിനയം തുടങ്ങുന്നത്. പിന്നാലെ, നിയോഗം പോലെ ഭവാനിയും സിനിമാനടിയായി. അങ്ങനെ, പാറപ്പുറത്ത് വീട്ടിൽ കുഞ്ഞുരാമൻപിള്ളയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും എട്ട് മക്കളിൽ രണ്ടുപേർക്ക് 'അടൂർ സിസ്റ്റേഴ്സ്' എന്ന വിളിപ്പേര് കിട്ടി. അതിൽ അടൂർ ഭവാനി വിടവാങ്ങിയിട്ട് ഇന്നേക്ക് 16 വർഷങ്ങള്‍ തികയുന്നു.
'ശരിയോ തെറ്റോ' എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ സഹോദരി പങ്കജത്തിന് കൂട്ടുപോയതാണ് ഭവാനിയുടെ ജീവിത്തില്‍ വഴിത്തിരിവായത്. അനുജത്തിയുടെ അഭിനയം കണ്ട് രസിച്ച് മാറി നിന്നിരുന്ന ഭവാനി തിക്കുറുശ്ശിയുടെ കണ്ണിൽപ്പെട്ടു. ഭവാനി സിനിമയിൽ അഭിനയിക്കണം എന്ന് തിക്കുറിശ്ശി പറഞ്ഞു. പക്ഷേ, ആ നാണക്കാരി മടിച്ചുനിന്നു. പക്ഷേ, തിക്കുറിശ്ശിയുടെ പിടിവീണു.
'ശരിയോ തെറ്റോ' എന്ന സിനിമ അടിമുടി തിക്കുറിശ്ശിയായിരുന്നു. കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം, നായക വേഷം എന്നിവയിലെല്ലാം തിക്കുറിശ്ശി തന്നെ. കാണികളിൽ പരിവർത്തനം ഉണ്ടാക്കണം എന്ന വാശിക്ക് എഴുതിയ സിനിമയുടെ പ്രധാനപ്പെട്ട പല ഭാഗങ്ങളും സെൻസർ ബോർഡ് വെട്ടിമാറ്റിയിരുന്നു. ഈ സിനിമയിലാണ് ഭവാനിയെ നിർബന്ധിച്ച് മേക്കപ്പ് ഇടീപ്പിച്ച് തിക്കുറുശ്ശി അഭിനയിക്കാൻ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. ഒരു വാത രോഗിയുടേതായിരുന്നു വേഷം. 'ശരിയോ തെറ്റോ' തിയേറ്ററുകളിൽ വലിയ നേട്ടമുണ്ടാക്കിയില്ലെങ്കലും ഭവാനിക്ക് ആ സിനിമ പൊലിച്ചു.
മനക്കര ഗോപാലപിള്ള ആശാന്റെ 'വേലുത്തമ്പി ദളവ' എന്ന സുപ്രസിദ്ധ നാടകത്തിലാണ് അടുത്ത അവസരം ലഭിക്കുന്നത്. തന്നേക്കാൾ ഇരട്ടി പ്രായമുള്ള കൊട്ടാരക്കര ശ്രീധരൻ നായരുടെ അമ്മ വേഷം. നിരവധി വേദികളിൽ ഭവാനി, കൊട്ടാരക്കരയുടെ അമ്മയായി. കെപിഎസിയും പ്രതിഭയും നടിയെ തേടിയെത്തി. കെപിഎസിയിൽ ചേരുമ്പോൾ ഭവാനിക്ക് ഇരുപത്തൊന്ന് ആയിരുന്നു പ്രായം. കെപിഎസിയുടെ മൂലധനം, അശ്വമേധം, തുലാഭാരം, മുടിയനായ പുത്രൻ, യുദ്ധകാണ്ഡം എന്നീ നാടകങ്ങളിൽ മികച്ച വേഷങ്ങൾ നടിക്ക് ലഭിച്ചു. അതിൽ 'മൂലധന'ത്തിലെ നായികാ കഥാപാത്രം, 'ശാരദ', എടുത്തുപറയേണ്ടതാണ്. പ്രശസ്തരായ സുലോചനയും ലീലയും സമിതിയിലുണ്ടായിരിക്കെയാണ് ഭവാനിയെ തേടി ആ വേഷം എത്തിയത്.
നാടകത്തിൽ തിളങ്ങി നിൽക്കുമ്പോഴാണ് രണ്ടാമത്തെ സിനിമയിലേക്ക് വിളിവരുന്നത്. തോപ്പിൽ ഭാസിയുടെ 'മുടിയനായ പുത്രൻ'. നാടകത്തിൽ ചെയ്ത വേഷം സിനിമയിലും ഭവാനിയുടെ കയ്യിൽ സുരക്ഷിതമാണെന്ന നിഗമനത്തിൽ എത്തുകയായിരുന്നു തോപ്പിൽ ആശാൻ. അവിടെ നിന്ന് അങ്ങോട്ട് എണ്ണിയാൽ ഒടുങ്ങാത്ത മികച്ച കഥാപാത്രങ്ങൾ ആ നടി മലയാളികൾക്ക് സമ്മാനിച്ചു. ആദ്യത്തെ നാണക്കാരിയെ പിന്നെ പ്രേക്ഷകർ കണ്ടിട്ടില്ല. 'ചെമ്മീനി'ലെ ചക്കി മരക്കാത്തിയും 'കള്ളിച്ചെല്ലമ്മ'യിലെ മരച്ചീനിക്കാരി വള്ളിയക്കയും പോലുള്ള കഥാപാത്രങ്ങൾ നടി അനശ്വരമാക്കി.
'ചെമ്മീനി'ൽ, കറുത്തമ്മയുടെ അമ്മ ചക്കി മരക്കാത്തി ആയി അഭിനയിക്കാൻ വിളിവരുമ്പോൾ ഭവാനി ഗർഭിണിയായിരുന്നു. നടിക്കായി സംവിധായകൻ രാമു കാര്യാട്ട് ഷൂട്ടിങ് നീട്ടിവച്ചു. പ്രസവം കഴിഞ്ഞാണ് ഭവാനി അഭിനയിക്കാൻ എത്തിയത്. കടലും മത്സ്യത്തൊഴിലാളികളുടെ ജീവിതവും കണ്ടോ കേട്ടോ അറിയാത്ത അടൂർക്കാരി, ചക്കി മരക്കാത്തിയായി കൂസലില്ലാതെ നടിച്ചു. ആ കൂസലില്ലായ്മ ഭവാനി തുടർന്നു. അതും അഞ്ഞൂറോളം പടങ്ങളിൽ. 1969ൽ, 'കള്ളിച്ചെല്ലമ്മ', 'കടൽപ്പാലം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടി. ഈ ഖ്യാദിക്ക് അപ്പുറം സിനിമയിൽ നിന്ന് മറ്റൊന്നും നടി നേടിയില്ല.
ഇടക്കാലത്ത് സഹോദരി പങ്കജവുമായി ചേർന്ന് 'ജയാ തിയറ്റേഴ്‌സ്' എന്നൊരു നാടക സമിതി തുടങ്ങിയിരുന്നു. എന്നാൽ ഏതാനും നാടകങ്ങൾക്ക് ശേഷം അവർ പിരിഞ്ഞു. പിന്നീട്, 1980ൽ, അടൂർ 'മാതാ തിയറ്റഴേസ്' തുടങ്ങി. മൂന്ന് വർഷമായിരുന്നു ഈ സമിതിയുടെ ആയുസ്. അതിനിടയിൽ, പീനൽ കോഡ്, ചക്രവർത്തിനി, പാഠം ഒന്ന്, അന്യായം എന്നീ നാടകങ്ങൾ കളിച്ചു. ഇതിൽ 'ചക്രവർത്തിനി' മാത്രമാണ് അത്യാവശ്യം വേദികൾ കണ്ടത്. നഷ്ടക്കണക്കുകൾക്ക് നടുവിൽ ഭവാനി ഒറ്റപ്പെട്ടു, പലരും പറ്റിച്ചു. ഒടുവിൽ 'മാതാ തിയറ്റേഴ്സ്' അടച്ചുപൂട്ടി. പിന്നെ, സിനിമയിൽ കിട്ടുന്ന ചെറിയ റോളുകളായി ഭവാനിയുടെ ജീവനോപാധി.
ചെറിയ റോളെങ്കിലും അതിൽ തന്റേതായ ഒരു അംശം കൊടുക്കാൻ ഭവാനി ശ്രമിക്കാറുണ്ട്. 'ഹിറ്റ്ലർ' എന്ന സിദ്ധീഖ് സംവിധാനം ചെയ്ത സിനിമയിൽ അത്ര സുപ്രധാന വേഷമല്ല ഭവാനിക്ക്. മമ്മൂട്ടിയുടെ കണിശക്കാരനായ മാധവൻകുട്ടിയുടെ സഹോദരിമാരെ നോക്കാൻ എത്തുന്ന ജോലിക്കാരി. പക്ഷേ, സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് സിദ്ധിഖ് എഴുതിവച്ചതിന് അപ്പുറം തന്റെ സീനുകള്‍ അടൂർ ഭവാനി ഗംഭീരമാക്കി. കേൾവി ശക്തി കുറഞ്ഞ സിബിഐ സീരീസിലെ വീട്ടുജോലിക്കാരിയുടെ കഥാപാത്രവും ഭവാനി കാരണം ഓർമയിൽ തങ്ങിനിൽക്കുന്ന കഥാപാത്രമാണ്.
സത്യനേശൻ നാടാർ എന്ന ഇന്‍സ്പെക്ടറെ ഭവാനിക്ക് ചെറുപ്പത്തിലെ കണ്ടുപരിചയമുണ്ട്. പൊലീസ് സ്റ്റേഷന് സമീപം ആയിരുന്നു അടൂർ സിസ്റ്റേഴ്സിന്റെ വീട്. മാങ്ങാ പെറുക്കാനും മറ്റും സ്റ്റേഷൻ വളപ്പിലേക്ക് പതുങ്ങിച്ചെല്ലുന്ന ഭവാനി സത്യന് പ്രതികളെ 'പെരുമാറുന്നത്' കണ്ടിട്ടുണ്ട്. പിന്നെ വർഷങ്ങൾക്ക് ശേഷം ആ ഇൻപെക്ടറെ നേരിൽ കാണുന്നത് 'മുടിയനായ പുത്ര'ന്റെ സെറ്റിലാണ്. അപ്പോഴേക്കും ഇൻസ്പെക്ടർ നാടാർ മലയാളത്തിന്റെ മഹാനടൻ സത്യനായി മാറിയിരുന്നു.
'മുടിയനായ പുത്രനി'ൽ സത്യന്റെ അമ്മ വേഷമാണ് ഭവാനിക്ക്. ഈ ചെറിയ കുട്ടിയാണ് തന്റെ അമ്മ എന്നത് സത്യന് ഒട്ടും പിടിച്ചില്ല. ഭവാനിയുടെ മുന്നിൽ വച്ച് തന്നെ അത് പ്രകടമാക്കുകയും ചെയ്തു. ഈ 'പീറ പെണ്ണാണോ എന്റെ അമ്മ' എന്നായിരുന്നു മഹാനടന്റെ ചോദ്യം. ഭവാനിക്ക് നൊന്തു. അടുത്ത ഷോട്ടിൽ 'പീറ പെണ്ണ്' എന്ന ആ വിളിക്ക് സത്യന് അവർ മറുപടി നൽകി. കരണം പുകയുന്ന പോലെ ഒരു അടി. ഡയറക്ടർ ഷോട്ട് ഒക്കെ പറഞ്ഞു. അപ്പോഴും സത്യൻ ഷോക്കിൽ നിന്ന് വിട്ടുമാറിയില്ല. എന്നെ അടിച്ചു അല്ലെ എന്ന് ഭവാനിയോട് കവിളിൽ തടവി ചോദിക്കുക മാത്രം ചെയ്തു. മനസംതൃപ്തി തോന്നിയെങ്കിലും ഭവാനിക്ക് ഉള്ളിൽ അൽപ്പം ഭയം തോന്നിയിരുന്നു. ആരെയാ തല്ലിയിരിക്കുന്നെ!
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും ഭവാനിക്ക് തോന്നിയില്ല. ഇത് സത്യൻ മനസിലാക്കി. അടുത്തേക്ക് വിളിപ്പിച്ച് കുശലം ചോദിച്ചു. ഉള്ളുപൊട്ടിക്കൊണ്ട് ഭവാനി ഉത്തരം നൽകി. സീൻ നന്നായി എന്ന് അഭിനന്ദിച്ചു. ഒപ്പം 'എന്നും എന്റെ അമ്മയാണ്' എന്നും. 2009 ഒക്ടോബർ 25ന് ഈ ലോകത്തോട് വിടപറയും വരെ ഈ തല്ലുകേസും സത്യന്റെ വാക്കുകളും അടൂർ ഭവാനി എന്ന സമാനതകളില്ലാത്ത നടി ഓർത്തിരിക്കണം. കാരണം, സീൻ വളരെ നന്നായി എന്ന സത്യന്റെ അഭിനന്ദനത്തിന് അപ്പുറം, ഒരു അഭിനേതാവിനെ ഏത് അംഗീകാരത്തിന് ആദരിക്കാനാകും.