
ബോളിവുഡ് നടന്‍ വിക്കി കൗശലിന്റെ പിതാവും ആക്ഷന്‍ ഡയറക്ടറുമായ ഷാം കൗശല്‍ തന്റെ കാന്‍സറിനെ കുറിച്ചുള്ള അനുഭവത്തെ കുറിച്ച് തുറന്ന് സംസാരിച്ചു. രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നായിരുന്നു അദ്ദേഹത്തിനോട് ഡോക്ടര്‍മാര്‍ പറഞ്ഞത്. ആ വാര്‍ത്ത തന്നെ തകര്‍ത്തു കളഞ്ഞെന്നും ജീവന്‍ സ്വയം അവസാനിപ്പിക്കാനുള്ള ചിന്തയുണ്ടായെന്നും ഷാം കൗശല്‍ വെളിപ്പെടുത്തി. അമന്‍ ഔജിലയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയായിരുന്നു വെളിപ്പെടുത്തല്‍.
2003ലാണ് ഷാം കൗശലിന് കാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നതും ശ്രസ്ത്രക്രിയക്ക് വിധേയനാകുന്നതും. അന്ന് ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് ചാടാനുള്ള ചിന്ത തനിക്ക് വന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.
"അവരെന്നോട് വൈകുന്നേരമാണ് ഇക്കാര്യം പറയുന്നത്. രാത്രി മൂന്നാം നിലയില്‍ നിന്ന് എടുത്ത് ചാടിയാലോ എന്ന് ഞാന്‍ ആലോചിച്ചു. എന്റെ ബലഹീനത കൊണ്ടല്ല ഞാന്‍ ആ തീരുമാനം എടുത്തത്. എന്തായാലും മരിക്കണം അപ്പോള്‍ അത് ഇപ്പോള്‍ ആയാല്‍ എന്താണ് എന്ന ചിന്തയില്‍ നിന്നായിരുന്നു. പക്ഷെ സര്‍ജറി കഴിഞ്ഞതുകൊണ്ട് വേദന കാരണം എനിക്ക് അനങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല", അദ്ദേഹം പറഞ്ഞു.
ആശുപത്രി മുറിയില്‍ കിടന്ന് താന്‍ ദൈവത്തോട് ഒരു നല്ല ജീവിതം തന്നതിന് പ്രാര്‍ത്ഥിക്കുകയും അതിന് ശേഷം മരണത്തോടുള്ള പേടി വിട്ടുമാറുകയും ചെയ്തുവെന്നും ഷാം കൗശല്‍ പറഞ്ഞു.
"ആ സംസാരത്തിന് ശേഷം, എനിക്ക് മരണഭയം ഇല്ലാതായി. പിറ്റേദിവസം രാവിലെ കുറച്ച് സര്‍ജറികള്‍ കഴിഞ്ഞാല്‍ എന്റെ ആരോഗ്യ സ്ഥിതിയില്‍ മാറ്റം വരുമെന്ന് വിശ്വസിച്ചു. ഈ സംഭവത്തിന് ശേഷം ജീവിതത്തോടുള്ള എന്റെ മോഭാവം ആകെ മാറി. ഒരു വര്‍ഷത്തിനിടയ്ക്ക് അവര്‍ നിരവധി ടെസ്റ്റുകളും സര്‍ജറികളും ചെയ്തു. ഞാന്‍ ശക്തനായി തന്നെ നിന്നു. ഭാഗ്യവശാല്‍ കാന്‍സര്‍ എന്റെ ശരീരത്തില്‍ പടര്‍ന്നിരുന്നില്ല. ഒരു പത്ത് വര്‍ഷം കൂടി എനിക്ക് തരാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ 22 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ആ കാലഘട്ടം എന്റെ ജീവിതം തന്നെ മാറ്റി മറച്ചു. ഞാന്‍ ഒരുപാട് നല്ല മനുഷ്യരെ കണ്ടു. മികച്ച സിനിമകള്‍ ലഭിച്ചു. എന്റെ കുട്ടികളും മികച്ച രീതിയിലായി. ഞാന്‍ ജീവിതത്തില്‍ വളര്‍ന്നു", എന്നും ഷാം കൗശല്‍ പങ്കുവെച്ചു.
ബോളിവുഡില്‍ വര്‍ഷങ്ങളായി സ്റ്റണ്ട് മാന്‍ ആയി ജോലി ചെയ്തിരുന്ന ഷാം കൗശലിന് 1990ലാണ് സ്വതന്ത്രമായൊരു ആക്ഷന്‍ സിനിമ ലഭിക്കുന്നത്. നാല് പതിറ്റാണ്ടായി ഷാം ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ബോളിവുഡിലും ഹോളിവുഡിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.