

കൊച്ചി: രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കിയ 'ജയിലർ' ബോക്സ്ഓഫീസിൽ കോളിളക്കമുണ്ടാക്കിയ സിനിമയാണ്. പാൻ ഇന്ത്യൻ തലത്തിൽ ചർച്ചയായ സിനിമയുടെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുകയാണ്. ബോളിവുഡ് നടി വിദ്യാ ബാലൻ സിനിമയിൽ ജോയിൻ ചെയ്തതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
'ജയിലർ 2' ന്റെ തിരക്കഥ വിദ്യാ ബാലന് ഇഷ്ടമായെന്നും സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടെന്നും അണിയറപ്രവർത്തകരോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, നടി സെറ്റിൽ ജോയിൻ ചെയ്തു എന്ന തരത്തിൽ വാർത്ത വരുന്നത്. കഥയിൽ വഴിത്തിരിവാകുന്ന കഥാപാത്രമാണ് വിദ്യയുടേതെന്നാണ് സൂചന.
ഒന്നാം ഭാഗത്തിന് സമാനമായി ക്യാമിയോ വേഷങ്ങൾ കൊണ്ട് സമ്പന്നമാകും 'ജയിലർ 2'. മോഹൻലാൽ, വിജയ് സേതുപതി എന്നിവർ ചിത്രത്തില്‍ ഉണ്ടാകും. ഒന്നാം ഭാഗത്തിലെ വില്ലൻ വർമനായി വിനായകനും ഫ്ലാഷ് ബാക്ക് രംഗങ്ങളിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
പാലക്കാട് അട്ടപ്പാടിയിലായിരുന്നു 'ജയിലർ 2'വിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത്. കോഴിക്കോടും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്‌തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടി രൂപയിലേറെയാണ് 'ജയിലർ' കളക്ട് ചെയ്തത്.
ജനുവരി 14ന് ഒരു മാസ് പ്രൊമോ വീഡിയോയ്‌ക്കൊപ്പമാണ് 'ജയിലർ 2' ഔദ്യോഗികമായി അനൗൺസ് ചെയ്തത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ വരാന്‍ സാധ്യതയുള്ള പ്രോജക്റ്റുകളിൽ ഒന്നാണ് 'ജയിലര്‍ 2'. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
2026 ഓഗസ്റ്റ് 14 ന് 'ജയിലർ 2' തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. സ്വാതന്ത്ര്യ ദിന വാരത്തോട് അനുബന്ധിച്ച അവധി ദിവസങ്ങൾ ലക്ഷ്യമാക്കിയാണ് ഈ തീരുമാനം. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'യും 2025 ഓഗസ്റ്റ് 14ന് ആണ് റിലീസ് ആയത്.