
ദ ഫാമിലി സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രം കിങ്ഡത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു പക്കാ ആക്ഷന്‍ ചിത്രമായിരിക്കും കിങ്ഡം എന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. ഒരു പൊലീസ് ഓഫീസറിന്റെ കഥാപാത്രമാണ് ചിത്രത്തില്‍ വിജയ് ചെയ്യുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന കിങ്ഡം വിജയ് ദേവരകൊണ്ട ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.
ജേഴ്‌സി എന്ന ചിത്രത്തിന് ശേഷം ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ്ഡം. ജൂലൈ 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴിലും തെലുങ്കിലുമാണ് ചിത്രം റിലീസ് ചെയ്യുക. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. മലയാളി നടന്‍ വെങ്കിടേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.
വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോര്‍സ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. സിത്താര എന്റര്‍ടെയ്‌മെന്റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് ആണ് സിനിമ നിര്‍മിക്കുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയ് ദേവരകൊണ്ടയുടേതായി റിലീസ് ചെയ്ത ചിത്രങ്ങളൊന്നും തന്നെ തിയേറ്ററില്‍ വിജയിച്ചിരുന്നില്ല. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും താരം വന്‍ വിമര്‍ശനമാണ് ഏറ്റുവാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ കിങ്ഡം വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.